തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് ധനമന്ത്രി കെ എൻ ബാലഗോപാലിൽ ശുപാർശയിൽ. കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വിവാദ ഐ എ എസ് ഉദ്യോഗസ്ഥനുമായിരുന്ന എം. ശിവശങ്കർ മന്ത്രിയുടെ നിർദ്ദേശം പാലിക്കുകായണ് ചെയ്തത്. ഇത് വ്യക്തമാക്കുന്ന ഫയൽ കുറിപ്പുകൾ മറുനാടന് കിട്ടി. ചിന്തയ്ക്ക് മുൻകാല പ്രാബല്യത്തോടെ തുക അനുവദിക്കണമെന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാതെ മന്ത്രി ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജനങ്ങളെ പിഴിയുന്ന ധനമന്ത്രിയാണ് ചിന്താ ജെറോമിന് വേണ്ടി ഉദാര സമീപനം എടുത്തത്.

06.1.17 മുതൽ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഇക്കാലയളവിൽ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരുലക്ഷം രൂപയാക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ ( 17*50,000) ചിന്തക്ക് ലഭിക്കും. 26.5.18 മുതൽ ചിന്തയുടെ ശമ്പളം ഒരുലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ശമ്പള കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22-ന് സർക്കാരിന് കത്തെഴുതിയിരുന്നു. എന്നാൽ കത്തെഴുതിയിട്ടില്ലെന്നാണ് പരസ്യമായി ചിന്ത പറഞ്ഞത്. പിന്നീട് അതും പൊളിഞ്ഞു. ഇതിനൊപ്പമാണ് ധനവകുപ്പിന്റെ ഇടപെടലിനും തെളിവ് കിട്ടുന്നത്.

അധ്യക്ഷയായി നിയമിതയായ 14.10.16 മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും ആയതിനാൽ 14.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈപറ്റിയ തുകയും യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശ്ശിക അനുവദിക്കണമെന്നായിരുന്നു 20.8.22 ൽ ചിന്ത ജെറോം സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഈ തുകയാണ് ധനവകുപ്പ് അനുവദിച്ച് നൽകിയത്. ഈ ഫയലിൽ ധനമന്ത്രി എന്ത് നിലപാട് എടുത്തുവെന്നത് വ്യക്തമായിരുന്നില്ല. ഇപ്പോൾ ലഭിക്കുന്ന ഫയൽ കുറിപ്പിലൂടെ അതും വ്യക്തമാകുകയാണ്.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ താൻ സർക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അങ്ങനൊരു കത്ത് ഉണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു. ചിന്തയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന ഉത്തരവിലെ വിവരങ്ങൾ. പിന്നാലെ ചിന്ത നൽകിയ കത്തും പുറത്തു വന്നു.

സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നൽകിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളി കളഞ്ഞിരുന്നു. മുൻകാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബർ 26 ന് 4.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാൻസ് ആയി നൽകിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ചുകൊണ്ട് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പിന്നീട് ധനമന്ത്രി ബാലഗോപാൽ മുൻകാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ ശമ്പളം നൽകാൻ തീരുമാനിച്ചു.

26.5.18 ലാണ് യുവജനകമ്മീഷന് സ്പെഷ്യൽ റൂൾ നിലവിൽ വരുന്നത്. അന്ന് മുതലാണ് ശമ്പളം ഒരുലക്ഷമായി തീരുമാനിച്ചത്. സ്പെഷ്യൽ റൂൾ നിലവിൽ വരുന്നതിന് മുൻപുള്ള കാലയളവിലെ ശമ്പളം ഒരുലക്ഷമായി മുൻകാല പ്രാബല്യത്തോടെ അനുവദിച്ചത് നിലവിലെ സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവർ തങ്ങൾക്കും മുൻകാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ പ്രതിസന്ധിയിലാകും എന്നതാണ് വസ്തുത.

കുടിശികയ്ക്ക് വേണ്ടി കത്തെഴുതിയിട്ടില്ലെന്ന കള്ളം പറഞ്ഞ ചിന്ത തുക കിട്ടിയാൽ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ തുക കിട്ടുമെന്ന് ഉറപ്പായ ഉത്തരവ് വന്ന ശേഷം അക്കാര്യത്തിൽ പരസ്യ പ്രതികരണമൊന്നും ചിന്ത നടത്തിയിട്ടില്ല.