തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. താൻ ആവശ്യപ്പെട്ടതു കൊണ്ടല്ല പണം അനുവദിച്ചതെന്ന ചിന്തയുടെ വാദങ്ങളെ തള്ളുന്ന ഉത്തരവാണ് പുറത്തുവന്നതും. മുമ്പ് ചിന്ത പറഞ്ഞത് പച്ചക്കള്ളമണെന്ന് തെളിയിക്കുന്നതാണ് സർക്കാർ ഉത്തരവും.

17 മാസത്തെ കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. ഒരു ലക്ഷം രൂപയായി നേരത്തെ തന്നെ ശമ്പളം വർധിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശിക കൂടി ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. താൻ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം.

ഈ പശ്ചാത്തലത്തിൽ ചിന്തയെ പരിഹസിച്ചു കൊണ്ട യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരിനാഥൻ രംഗത്തെത്തി. സഖാക്കൾക്ക് വേണ്ട ക്യാപ്‌സ്യൂൾ എന്നു പറഞ്ഞു കൊണ്ടാണ് ശബരിനാഥൻ രംഗത്തുവന്നത്. ശബരിനാഥിന്റെ പരിഹാസ പോസ്റ്റ് ഇങ്ങനെ:

ക്യാപ്‌സുൽ
--
ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയത്തോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസങ്ങൾക്കുള്ള ഞ െ8,50,000 രൂപ കുടിശ്ശികയാണ് മുൻകാലപ്രാബല്യത്തിൽ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്.

ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. താൻ ഒരു ശുപാർശയും നൽകിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ലാൽ സലാം സഖാവെ

അതേസമയം കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ചിന്തയ്ക്ക് മുൻകാല പ്രാബല്യത്തിൽ പണം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്. 6.1.17 മുതൽ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഈ കാലയളവിൽ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുൻകാല പ്രാബല്യത്തോടെ ശമ്പളം 1 ലക്ഷം ആക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ ( 17 ഃ 50,000) ചിന്തക്ക് ലഭിക്കും.

ചിന്തയുടെ ശമ്പളം 26. 5.18 മുതൽ 1 ലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22 ന് സർക്കാരിന് കത്തെഴുതിയിരുന്നു. ചെയർ പേഴ്‌സണായി നിയമിതയായ 14.10.16 മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. ആയതിനാൽ 14.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈ പറ്റിയ തുകയും യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 20.8.22 ൽ ചിന്ത ജെറോം കത്ത് മുഖേന സർക്കാരിനോടാവശ്യപ്പെട്ടു.