കൊല്ലം: സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെ ചുറ്റിപ്പള്ളിയുള്ള തുടർവിവാദങ്ങൾ ഡിവൈഎഫ്‌ഐക്കും സിപിഎമ്മിനും തലവേദനയായി മാറുന്നു. പാർട്ടി അർഹമായതിൽ കൂടുതൽ പരിഗണന ചിന്തയുടെ കാര്യത്തിൽ നൽകിയെന്ന വികാരം പൊതുവിലുണ്ട്. സംഘടനയിലും അധികാരത്തിലും ഒരുപോലെ പ്രമോഷൻ ലഭിച്ച മറ്റൊരു നേതാവും ഡിവൈഎഫ്‌ഐയിൽ ഇപ്പോഴില്ല. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് കഴിഞ്ഞ സമ്മേളനത്തോടെ ചിന്ത ഉയർന്നു കഴിഞ്ഞു. ഇത് കൂടാതെയാണ് യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് വീണ്ടും രണ്ടാമൂഴം അനുവദിച്ചതും.

മറ്റാർക്കും കിട്ടാത്ത അസുലഭ ഭാഗ്യം ചിന്തയ്ക്ക് മാത്രം എങ്ങനെ കിട്ടുന്നു എന്ന ചോദ്യം സംഘടനക്ക് ഉള്ളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ചിന്തയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ചു ജീവിച്ച പി കെ ഗുരുദാസനെ പോലുള്ള മുതിർന്ന നേതാവുള്ള ജില്ലയിലെ നേതാവാണ് യാതൊരു ചിന്തയുമില്ലാതെ ആഡംബര റിസോർട്ടിന്റെ ആനുകൂല്യം പറ്റിയത് എന്നതാണ് പാർട്ടിയിൽ ഉയരുന്ന വിഷയം.

ഒരു നല്ല സഖാവ് എങ്ങനെയാകണം, എന്തൊക്ക് ജാഗ്രത പുലർത്തണം എന്ന ക്ലാസെടുന്ന ചിന്തയാണ് സ്വന്തം കാര്യത്തിൽ പാർട്ടി നയങ്ങളിൽ നിന്നെല്ലാം വ്യതിചലിച്ചതെന്നും വിമർശനം ഉയരുന്നു. തുടർച്ചയായി ചിന്ത വിവാദങ്ങളിൽ ചെന്നു പെടുന്നതു പാർട്ടിക്കാണ് വിനയായിരിക്കുന്നത്. ഇപ്പോഴത്തെ വിവാദത്തെ ചിന്ത അതിജീവിച്ചത് അമ്മയുടെ ചികിത്സയുടെ പേരു പറഞ്ഞാണ്. എന്നാൽ ഇതും അവരെ കൂടുതൽ അപഹാസ്യരാക്കുകയാണ് ചെയ്തത്.

അതിനിടെ ചിന്തയുടെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് നിന്ന് ചിന്ത ജെറോമിനെ നീക്കണം എന്നാവശ്യപ്പെട്ടു ചിന്ത താമസിച്ചിരുന്ന റിസോർട്ടിലേക്കു കോൺഗ്രസ് മാർച്ച് നടത്തി. ചിന്ത ജെറോമിന്റെ കയ്യിൽനിന്നു വാടക ഇനത്തിൽ ഈടാക്കേണ്ട ജിഎസ്ടി വിഹിതത്തിൽ വൻ തട്ടിപ്പ് നടത്തിയെന്നാരോപിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ജിഎസ്ടി കമ്മിഷണർക്കു പരാതി നൽകി. തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ടിൽ സീസൺ സമയത്ത് 8500 രൂപ വരെ വാടകയുണ്ട്. ഒന്നേമുക്കാൽ വർഷം ചിന്ത ജെറോം റിസോർട്ടിൽ താമസിച്ചിട്ടുണ്ടെന്നും വാടക ഇനത്തിൽ അടയ്‌ക്കേണ്ട ജിഎസ്ടി വിഹിതത്തിൽ വലിയ തട്ടിപ്പ് നടത്തിയതായും യൂത്ത് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു.

അമ്മയുടെ ചികിൽസയ്ക്ക് വേണ്ടിയാണ് റിസോർട്ടിൽ താമസിച്ചതെന്നും മാസം ഇരുപതിനായിരം രൂപയാണ് വാടക നൽകിയതെന്നും ചിന്ത ജെറോം പറയുന്നത്. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിന് പരാതി നൽകിയതിന് പിന്നാലെയാണ് പ്രതികരണം. കോൺഗ്രസിന്റെ നേതൃത്വത്തിൽ റിസോർട്ടിലേക്ക് മാർച്ച് നടത്തി.

തങ്കശ്ശേരിയിലെ സ്വകാര്യ ആയുർവേദ റിസോർട്ടിൽ അമ്മയുടെ ചികിൽസയുമായി ബന്ധപ്പെട്ടാണ് താമസിച്ചത്. വീടു പുതുക്കി പണിയുന്ന സമയത്ത് കുടുംബസുഹൃത്തായ ഗീത ഡാർവിൻ മുഖേന മൂന്നുമുറിയുള്ള അപ്പാർട്‌മെന്റിലായിരുന്നു താമസം. മാസം ഇരുപതിനായിരം രൂപ വാടക. തനിക്കെതിരെ നിരന്തരം വിവാദങ്ങളുണ്ടാക്കുകയും മറുപടി പറയേണ്ടിവരികയും ചെയ്യുന്നതിൽ വിഷമമുണ്ടെന്നും ചിന്ത പറഞ്ഞു.

'ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. കോവിഡിന്റെ സമയത്ത് അമ്മയ്ക്ക് ചില അസുഖങ്ങളുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു ആദ്യം ചികിത്സ. അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യങ്ങളൊക്കെ ആവശ്യമുണ്ടായ സാഹചര്യത്തിൽ വീട് പുതുക്കി പണിയാൻ തീരുമാനിച്ചു. അമ്മയ്ക്ക് ആയുർവേദ ചികിത്സ നടത്താനും തീരുമാനിച്ചു. യാത്രകളിൽ അമ്മയെ കൂടെ കൂട്ടാറാണ് പതിവ്. ഇതിനിടെ ഞാൻ വിദേശത്ത് പോയപ്പോഴൊക്കെ അമ്മ താമസിച്ചിരുന്നത് കൃഷ്ണപുരം ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ ഗീതാ ഡാർവിന്റെ വീട്ടിലാണ്. വ്യക്തിപരമായി അവരുമായി അടുപ്പമുണ്ട്. ഇതിനിടെ അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ താഴെ നിലയിൽ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് പറഞ്ഞു. തുടർന്ന് അങ്ങോട്ടേക്ക് മാറി.

കോവിഡ് സാഹചര്യംകൊണ്ട് വീടുപണിയും നീണ്ടിരുന്നു. 20000 രൂപയാണ് ആ അപ്പാർട്ട്മെന്റിൽ താമസിക്കാൻ വാടകയായി അവർ പറഞ്ഞിരുന്നത്. ഡോ.ഗീതയുടെ പരിചരണം ലഭിക്കുമെന്നതായിരുന്നു പ്രധാനം. ബാങ്ക് ട്രാൻസ്ഫർ വഴിയാണ് ഈ വാടക നൽകിയിരുന്നത്. അമ്മയും ഞാനും മാറി മാറിയാണ് ഇത് നൽകിയിരുന്നത്. സഹായത്തിനായി ആദ്യം രണ്ട് പേരുണ്ടായിരുന്നു. ഞങ്ങളുടെ സ്വകാര്യ കാര്യങ്ങളൊക്കെ ഇങ്ങനെ പരസ്യമാക്കുന്നതിൽ പ്രയാസമുണ്ട്. വെള്ളവും കറന്റ് ചാർജും അടക്കമാണ് അവർ 20000 രൂപ വാടക പറഞ്ഞത്. അത് കൃത്യമായി തന്നെ നൽകിയിട്ടുണ്ട്' ചിന്ത പറഞ്ഞു.

ദിവസവും എനിക്കുനേരെ ഇത്തരത്തിൽ ആരോപണങ്ങളുമായി വന്നുകൊണ്ടിരിക്കുകയാണ്. പിഎച്ച്ഡിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വസ്തുതാപരമായ പിശക് വന്നിട്ടുണ്ടെന്ന് ഞാൻ സമ്മതിച്ചതാണ്. നിങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴാണ് അത് അറിയുന്നതും. മറ്റുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നും ചിന്ത വ്യക്തമാക്കി. താമസിച്ചിരുന്ന കൊല്ലത്തെ റിസോർട്ടിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന അപ്പാർട്‌മെന്റിൽ ഒന്നേമുക്കാൽ വർഷം ചിന്ത താമസിച്ചെന്നും ഇതിനുള്ള പണം എവിടെ നിന്നാണെന്നുമാണ് യൂത്ത് കോൺഗ്രസിന്റെ ചോദ്യം. സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലാണ് വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പരാതി നൽകിയത്. കോൺഗ്രസ് നേതൃത്വത്തിൽ റിസോർട്ടിലേക്ക് മാർച്ച് നടത്തി. ഉയർന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ പിഴവ്. ഇവയുമായി ബന്ധപ്പെട്ട വിവാദം തീരും മുമ്പേയാണ് ചിന്തയുടെ റിസോർട്ട് താമസം വിവാദമായത്.