- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്ത ജെറോമിന് കോളടിച്ചു! സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ ശമ്പളം അമ്പതിനായിരം രൂപയിൽ നിന്നും ഒരു ലക്ഷമാക്കി വർധിപ്പിച്ചു; 2016 ഒക്ടോബർ മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്നും തീരുമാനം; ഒറ്റയടിക്ക് ശമ്പള കുടിശ്ശികയായി ലഭിക്കുക 37 ലക്ഷം രൂപ! രണ്ട് തവണ തള്ളിയ ആവശ്യത്തിന് ഒടുവിൽ പച്ചക്കൊടി കാട്ടി ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷനെ കൊണ്ട് യുവജനങ്ങൾക്ക് എന്തുകാര്യം എന്നു ചോദിക്കരുത്? ഈ കമ്മീഷൻ കൊണ്ട് യുവാക്കളുടെ യാതൊരു പ്രശ്‌നങ്ങൾക്കും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. യുവജനങ്ങളുടെ കാര്യങ്ങൾ അധോഗതിയെങ്കിലും യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന് കാര്യങ്ങൾ കുശാലാണ്. ഒരു ലക്ഷം രൂപ ശമ്പളം വാങ്ങണമെന്ന ചിന്തയുടെ ആഗ്രഹം സഫലമായി. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ ശമ്പളം ഉയർത്താൻ ഒടുവിൽ ധനകാര്യ വകുപ്പും പച്ചക്കൊടി കാട്ടി. ഇതോടെ ഒറ്റയടിക്ക് ഇരട്ടി ശമ്പളമാണ് ചിന്തയ്ക്ക് ലഭിക്കുക.
ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയിൽ നിന്നു 1 ലക്ഷം രൂപയായി ഉയർത്തിയതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് ധനവകുപ്പ് അനുമതി നൽകിയത്. നേരത്തെ കുറച്ചുകാലമായി തന്നെ ശമ്പളം ഉയർത്തണമെന്ന ആവശ്യം ധനകാര്യ വകുപ്പിന് മുന്നിലുണ്ടായിരുന്നു. എന്നാൽ, ഇത് ധനവകുപ്പ് കാര്യമായി പരിഗണിച്ചതുമില്ല. എന്നാൽ, ഇക്കാര്യം വീണ്ടും അടുത്തിടെ സർക്കാർ പരിഗണിക്കുകയായിരുന്നു.
2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ആയത്. 2016 ഒക്ടോബർ മുതൽ ശമ്പളം ഒരു ലക്ഷം നൽകാമെന്നാണ് പുതിയ തീരുമാനം. ഇതോടെ, ശമ്പള കുടിശ്ശിക ഇനത്തിൽ ചിന്തയ്ക്ക് 37 ലക്ഷം രൂപ കിട്ടിയേക്കുമെന്നാണ് വാർത്തകൾ. അതേസമയം, സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന കൊണ്ട് 2021 ജനുവരി വരെ ശമ്പളയിനത്തിൽ ചിന്ത കൈപ്പറ്റിയത് 37 ലക്ഷത്തിൽ അധികം രൂപയായിരുന്നു.
ഇതിന്റെ വിവരാവകാശ രേഖ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. 2016ൽ സ്ഥാനമേറ്റത് മുതൽ ശമ്പളയിനത്തിൽ മാത്രം 37,27,200 രൂപയാണ് സർക്കാർ നൽകിയത്. ട്രാവൽ അലവൻസ് ഇനത്തിൽ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്. വിവരാവകാശ രേഖപ്രകാരം യുവജന കമ്മീഷൻ ചെയർപേഴ്‌സൺ 2019 ഫെബ്രുവരി 12,13 തീയതികളിൽ ജർമ്മനിയിൽ വച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സയൻസ് പോളിസി വർക്ക് ഷോപ്പിൽ പങ്കെടുത്തിട്ടുണ്ട്.
യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എന്ന പേരിൽ സർക്കാർ അനാവശ്യ സ്ഥാനം നൽകി ചെലവ് വർദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന തരത്തിൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനിടെയാണ് ചിന്തക്ക് വീണ്ടും ശമ്പളം വർധിപ്പിച്ചിരിക്കുന്നതും.
അതേസമയം ചിന്ത ജെറോമിന്റെ ശമ്പളത്തെ കുറിച്ചുള്ള ചർച്ചകൾ ഇതിന് മുമ്പും സൈബറിടത്തിൽ നടത്തിട്ടുണ്ട്. പാരസെറ്റമോൾ പോലും സർക്കാരിന്റെ ചെലവിലാണ് എന്നൊക്കെയാണെന്നായിരുന്നു ചർച്ചകൾ. താൻ ഇതൊന്നും ശ്രദ്ധിക്കാറില്ല. ആരെങ്കിലും അയച്ച് തരുമ്പോഴാണ് ഇതെല്ലാം അറിയുന്നതെന്നുമായിരുന്നു ചിന്ത അന്ന് പ്രതികരിച്ചത്. നിലവിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവ് കൂടിയാണ് ചിന്താ ജെറോം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റിയിലേക്ക് അടുത്തിടെയാണ് ചിന്ത എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ