- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്; മണിക്കൂറുകൾ ചെലവഴിച്ചു; ഇനിയും വരണമെന്ന് പറഞ്ഞ് യാത്രയാക്കി': പ്രബന്ധത്തിൽ വാഴക്കുല ബൈ വൈലോപ്പിള്ളി തെറ്റിനെ തുടർന്ന് ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ലളിത ചങ്ങമ്പുഴയെ കണ്ട് ചിന്ത ജെറോം
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നായ 'വാഴക്കുല' എഴുതിയത് ആര് എന്ന ചോദ്യത്തിന് സ്‌കുൾ കുട്ടികൾക്ക് പോലും അറിയാം ഉത്തരം ചങ്ങമ്പുഴ എന്നാണെന്ന്. എന്നാൽ യുവജന കമ്മീഷൻ അധ്യക്ഷയും സിപിഎമ്മിന്റെ യുവനേതാവുമായ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഇത് വൈലോപ്പിള്ളി എന്നാണ് എഴുതിയിരിക്കുന്നത്. ചിന്തയുടെ പ്രബന്ധം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല വിസിക്ക് പരാതിയും കിട്ടി. ഗവർണർ, ചിന്തയുടെ പ്രബന്ധം പരിശോധിക്കണമെന്ന് കേരള വിസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെ, ഗുരുതരമായ പിഴവ് കണ്ടെത്തിയ സ്ഥിതിക്ക് ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചിന്ത ബുധനാഴ്ച ലളിത ചങ്ങമ്പുഴയുടെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചതെന്നും, മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചുവെന്നും ചിന്ത ജെറോം ഫേസ്‌ബുക്കിൽ കുറിച്ചു.
ചിന്ത ജെറോമിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചു. അമ്മയും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസും, റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്‌നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്. ഒത്തിരി സ്‌നേഹം, വീണ്ടും വരാം.
നേരത്തെ, വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമർശമുള്ള പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ ആവശ്യപ്പെട്ടിരുന്നു. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാൻ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചോദിച്ചിരുന്നു.
തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് വേറൊരു പ്രബന്ധം അവതരിപ്പിക്കണം. തെറ്റുപറ്റിയ പ്രബന്ധം റദ്ദാക്കണം. രണ്ടാമത് ഒന്നുകൂടെ ശ്രദ്ധിച്ച് 'വാഴക്കുല'' തന്നെ അൽപം വിപുലീകരിച്ച് മാറ്റങ്ങൾ വരുത്തി എഴുതണം. നിലവിൽ നോക്കിയ ആളുകൾ തന്നെ രണ്ടാമതും നോക്കണം. രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചാൽ കുട്ടിക്ക് ഡോക്ടറേറ്റ് കൊടുക്കണം. ഒരു പരീക്ഷയ്ക്ക് പൂജ്യം മാർക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതും. ഒരു വിദ്യാർത്ഥിയോട് ക്ഷമിക്കാനാകും, പക്ഷെ ഗൈഡിനോട് അത് പറ്റില്ലെന്നും ലളിത ചങ്ങമ്പുഴ പറഞ്ഞിരുന്നു.
കേരള സർവ്വകലാശാല മുൻ പിവിസി ഡോ:പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരതെറ്റോടെ (വൈലോപ്പള്ളി) രേഖപ്പെടുത്തിയിട്ടുള്ള പ്രബന്ധത്തിൽ സമാനമായ നിരവധി തെറ്റുകൾ കടന്നു കൂടി.. ഗവേഷണത്തിന് മേൽനോട്ടം വഹിച്ച പിവിസി യോ മൂല്യനിർണ്ണയം നടത്തിയവരോ പ്രബന്ധം പൂർണ്ണമായും പരിശോധാക്കാതെയാണ് പിഎച്ഡിക്ക് ശുപാർശ ചെയ്തതെന്നും, അതുകൊണ്ട് പ്രബന്ധം പുനഃ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
'വാഴക്കുല ബൈ വൈലോപ്പള്ളി' എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തിൽതന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലാണ് ചിന്താ ജെറോം ഡോക്ടറേറ്റ് നേടിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നൽകിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടിൽ പ്രിയദർശൻ, രഞ്ജിത്ത് എന്നിവരുടെ സിനിമകൾ വെള്ളം ചേർക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമർശം.
'നവലിബറൽ കാലഘട്ട ത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ' (Ideological underpinnings in selected Malayalam commercial films of the post liberalisation era) എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സർവകലാശാല ചിന്താ ജെറോമിന് 2021 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്. ഡി ബിരുദം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ