കോഴിക്കോട്: കേരളം ഫുട്‌ബോൾ ലഹരിയിൽ നിൽക്കവേയാണ് സമസ്ത ആരാധന അതിരുവിടരുതെന്ന വിമർശനവുമായി സമസ്ത രംഗത്തുവരുന്നത്. സമസ്ത നേതാവ് കൂടിയ സാദിഖലി ശിഹാബ് തങ്ങൾ പന്തു തട്ടുന്ന വീഡിയോ പോലും വൈറലായാണ്. ഇതിനിടെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ കമ്മറ്റി നിർദേശങ്ങളുമായി രംഗത്തുവന്നത്. അതേസമയം ഇത്തരം നിർദ്ദേശം പുറപ്പെടുവിച്ചതിന്റെ പേരിൽ നാസർ ഫൈസി കൂടത്തായിക്കെതിരെ അടക്കം കടുത്ത വിമർശനമാണ് ഉയരുന്നത്. ഫൈസിയുടെ ഫേസ്‌ബുക്ക് പേജിലെത്തിയാണ് യുവാക്കൾ പ്രതികരിക്കുന്നത്. ഉസ്താദുമാരുടെ പോക്‌സോ കേസുകൾക്കെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് ഇപ്പോൾ ഫുട്‌ബോൾ ആവേശം നിയന്ത്രിക്കണമെന്ന് പറയുന്നത് എന്നാണ് ഉയരുന്ന വിമർശനം.

അതേസമയം സമസ്തയുടെ വിമർശനം തള്ളി ലീഗ് നേതാക്കളും രംഗത്തുവന്നു. കുട്ടികളുടേത് മാത്രമല്ല ഫുട്‌ബോൾ ആവേശം മുതിർന്നവരുടേതുമാണെന്ന് എം കെ മുനീർ പറഞ്ഞു. ഫുട്‌ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീർ പറഞ്ഞു. അതേസമയം അമിതാവേശത്തിൽ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു.

സമസ്തയുടെ നിർദ്ദേശം തള്ളി മന്ത്രി വി ശിവൻകുട്ടിയും രംഗത്തുവന്നു. ഫുട്‌ബോൾ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമാണ് സമസ്ത പറഞ്ഞിരിക്കുന്നത്. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും ശിവൻകുട്ടി കോഴിക്കോട്ട് പറഞ്ഞു. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. സമസ്തയ്ക്ക് നിർദ്ദേശം നൽകാനുള്ള അവകാശമുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഫുട്‌ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശം സൃഷ്ടിച്ചത് വലിയ വിവാദമാണ്. സമസ്തയുടെ നിർദേശത്തിനിതിരെ നവ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണുയരുന്നത്. എന്നാൽ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഫുട്‌ബോൾ ആരാധനക്കെതിരെ മുന്നറിയിപ്പ് നൽകുമെന്നാണ് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആവർത്തിക്കുന്നത്. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടതായും നാസർ ഫൈസി പറഞ്ഞു.

സ്‌പോട്‌സ് മാൻ സ്പിരിറ്റോട് കൂടി ഫുട്‌ബോളിനെ കാണുന്നതിന് പകരം താരരാധനക്കും അന്യദേശത്തെ ദേശീയ പതാകയെ നമ്മുടെ ദേശത്തെ പതാകയേക്കാൾ സ്‌നേഹിക്കപ്പെടുന്ന സ്ഥിതിയിലേക്കുമെത്തുകയാണ്. സാമ്പത്തികമായി വളരെ ദുരിതമനുഭവിക്കുന്ന കാലത്ത് നിത്യ ഭക്ഷണത്തിന് മനുഷ്യൻ പ്രയാസപ്പെടുമ്പോൾ വമ്പിച്ച പണത്തിന് താരങ്ങളുടെ കട്ടൗട്ടുകൾ ഉയർത്തുന്നത് ഇന്ന് ചെറുപ്പക്കാർക്കിടയിൽ വ്യാപകമാണ്. കുട്ടികളുടെ പഠനം തടസപ്പെടാൻ അമിതാരാധന കാരണമാകുന്നു. പള്ളികളിൽ പ്രാർത്ഥനക്ക് വേണ്ടി വരേണ്ട സമയത്ത് കളികാണാൻ വേണ്ടി അർദ്ധരാത്രിയിൽ കളികാണുന്ന സ്ഥിതിയാണ്. പ്രാർത്ഥന തടസപ്പെടരുത്. പോർച്ചുഗൽ അധിനിവേശം നടത്തിയവരാണ്. സിനിമ, സ്പോർട്സ്, രാഷ്ട്രീയ മേഖലകളിലെ ആളുകളെ ആരാധിക്കരുത്''. മുൻ ലോകകപ്പുകളിലും പള്ളികളിൽ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്തയുടെ നിർദേശത്തിന്റെ പൂർണരൂപം ഇങ്ങനെ:

ലോകക്കപ്പ്: ഫുട്‌ബോളും വിശ്വാസിയും

ഫുട്‌ബോൾ ഒരു കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്. തിരുനബി(സ)കുട്ടികളെ ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു. പെരുന്നാൾ ദിവസം അമ്പുകൾ കൊണ്ടുള്ള പരമ്പരാഗതമായ പരിപാടി അവതരിപ്പിച്ച ഏത്യോപ്യക്കാരോട് അത് തുടരാൻ നബി (സ്വ) പറയുകയുണ്ടായി.

വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. കായികാഭ്യാസങ്ങളിൽ റസൂൽ ഏർപ്പെട്ടതും പത്നി ആഇശ(റ)യുമായി തിരുനബി മത്സരിച്ചതും എത്യോപ്യക്കാർ പള്ളിയിൽ നടത്തിയ കായികാഭ്യാസങ്ങൾ നോക്കിക്കാണുവാൻ പ്രവാചകൻ ? പത്നി ആഇശ(റ)ക്ക് അവസരമൊരുക്കിയതും ചരിത്രത്തിൽ പ്രസിദ്ധമാണ്. എന്നാൽ നിയമങ്ങൾ പാലിച്ചുകൊണ്ട് വേണം കളിയും. കാര്യം വിട്ട് കളിയില്ല. നമസ്‌കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽനിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം.

ഖുർആൻ പറയുന്നു:

'അനാവശ്യ കാര്യങ്ങളിൽനിന്നും തിരിഞ്ഞുകളയുന്നവരായിരിക്കും വിശ്വാസികൾ' ( 23:3)

വ്യർത്ഥമായ വാക്കുകൾ അവർ കേട്ടാൽ അതിൽ നിന്നവർ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമ്മങ്ങളാണ്. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമ്മങ്ങളും. നിങ്ങൾക്കു സലാം. മൂഢന്മാരെ ഞങ്ങൾക്ക് ആാവശ്യമില്ല.
( 28:55).

കളിക്കമ്പം ജ്വരവും ലഹരിയുമാവരുത്

ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവൻ ചെലവിടുന്ന സമയവും പണവും അവന്റെ നാഥൻ നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും അവൻ അവന്റെ രക്ഷിതാവിന് മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടില്ല. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയിൽ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതുണ്ട്.

കളി ജമാഅത്തുകൾ നഷ്ടപ്പെടുത്തരുത്

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്.

ഉറക്കമൊഴിയരുത്:

ഖുർആൻ:

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും ചെയ്തു.

പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.
(78: 9, 10, 11 )

ഫാൻസ് (ആരാധകർ)

ഫുഡ്‌ബോൾ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താൽപര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ആ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ഫാൻസുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല. സകലതെരുവുകളിലും കുഗ്രാമങ്ങളിൽ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാൽപന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സിൽ കെട്ടിയുയർത്തിയിട്ടുള്ള തന്റെ ഫുട്‌ബോൾ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണ്. സ്‌നേഹവും കളി താൽപര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ വളരെ അപകടമാണ്. അല്ലാഹു വിനെ മാത്രമേ ആരാധിക്കാവൂ.ഫാൻസ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിർക്കിന്റെ പോലും കാരണമാകും. അതുപോലെ ദുർവ്യയം പാടില്ല

ഖുർആൻ:

തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു.
17:27).

കളിയെ സ്പോർട്സ് മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്തമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല.

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ
സംസ്ഥാന കമ്മിറ്റി