തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ആധുനികവൽക്കണ നീക്കത്തിന് പാരവെച്ച് ഇടതു യൂണിയനുകൾ രംഗത്തുവരുമ്പോൾ സർക്കാറും വെട്ടിലാകുന്നു. കെ.എസ്.ഇ.ബിയുടെ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതിക്കെതിരെ ഇടതു തൊഴിലാളി യൂണിയനുകൾ തുടക്കം മുതൽ പ്രതിഷേധത്തിലാണ്. എന്നാൽ, പുതിയ രീതി സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുമെന്നാണ് സിപിഎം തൊഴിലാളി സംഘടനകളുടെ നിലപാട്. അതുകൊണ്ട് തന്നെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ മുന്നോട്ടു പോകാനും കെഎസ്ഇബിക്ക് സാധിച്ചിട്ടില്ല.

എത്ര സ്മാര്ട്ട് മീറ്റർ സ്ഥാപിച്ചു എന്നത് സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പികേണ്ടത് ഇന്നാണ്. ഒരെണ്ണം പോലും സ്ഥാപിക്കാനായില്ലെന്ന റിപ്പോർട്ടിൽ കേന്ദ്രം എടുക്കുന്ന നടപടി എന്തായിരിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. തൊഴിലാളികളുടെ ഉടക്കു കൊണ്ട തന്നെ ബോർഡ് വലിയ പ്രഹരം ഏൽക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. അതേസമയം സ്മാർട്ട് മീറ്റർ നടപ്പിലാക്കാത്തതിൽ സർക്കാരിന് സിഎജിയുടെ വിമർശ അടക്കം നേരിടേണ്ടി വന്നിട്ടുണ്ട.

വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇത് നടപ്പിലാക്കിയപ്പോൾ കൃത്യമായ പ്രവർത്തന പദ്ധതിയുടെ അഭാവം കാരണം സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പ് വരുത്താൻ സംസ്ഥാനത്തിനായില്ലെന്ന് സിഎജി കണ്ടെത്തി. കെ.എസ്.ഇ.ബിയുടെ വരുമാനം വർധിപ്പിക്കാൻ പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കണമെന്നും ശിപാർശയുണ്ട്.

കേന്ദ്ര സർക്കാരുമായി 2017ൽ കേരളം ഉദയ് ധാരണാ പത്രം ഒപ്പിട്ടു. 2019 ഡിസംബർ 31 നകം 200 മീറ്ററിന് മുകളിൽ വൈദ്യുതി ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് കെഎസ്ഇബി സ്മാർട്ട് മീറ്റർ സ്ഥാപിക്കണമെന്നാതായിരുന്നു കരാർ. പദ്ധതിക്കായി ടെൻഡറിൽ പങ്കെടുത്ത എക ലേലക്കാരൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കെ.എസ്.ഇ.ബി വീണ്ടും ടെൻഡർ വിളിക്കാൻ തീരുമാനിച്ചു. പീന്നീട് കരാർ സമയപരിധി നീട്ടി നൽകിയിട്ടും കെഎസ്ഇബി ടെൻഡർ നടപടി ആരംഭിച്ചില്ലെന്ന് സിഎജി കണ്ടെത്തി.

2021 ഡിസംബർ വരെ 22 സംസ്ഥാനങ്ങൾ-കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 34.25 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു. ഇതിലൂടെ വരുമാനത്തിൽ 20ശതമാനം വർധനവും ബില്ലിങ് കാര്യക്ഷമതയിൽ 21 ശതമാനം വർധനവും വിതരണ നഷ്ടത്തിൽ 11 മുതൽ 36 ശതമാനം വരെ കുറവിനും കാരണമായി. കേരള സർക്കാർ വസ്തുതകൾ സ്ഥിരീകരിച്ചെങ്കിലും സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭാവി പദ്ധതികൾ ഉള്ളതായി വ്യക്തമാക്കിയില്ല. പദ്ധതി വഴി ലഭിക്കുമായിരുന്ന നേട്ടങ്ങളെല്ലാം കെ.എസ്.ഇ.ബി നഷ്ടപ്പെടുത്തിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ 63 പട്ടണങ്ങളിൽ പ്രതിമാസം 200 യൂണിറ്റിനുമുകളിൽ ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 2018-ൽ കേന്ദ്രസഹായത്തോടെ 241 കോടിയുടെ പദ്ധതി അനുവദിച്ചിരുന്നു. എന്നാൽ, ഇതുവരെ യാഥാർഥ്യമായില്ല. പലവട്ടം ടെൻഡർ വിളിച്ചപ്പോഴും മീറ്ററൊന്നിന് പതിനായിരം രൂപവരെ കമ്പനികൾ ആവശ്യപ്പെട്ടതിനാലാണ് ഇത് നടപ്പാക്കാനാകാതെ പോയത്. സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിൽ കെ.എസ്.ഇ.ബി. മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ വൈദ്യുതി മന്ത്രി ഇടപെട്ടിട്ടും പരിഹരിക്കാൻ സാധിച്ചിട്ടില്ല.

കേരളത്തിൽ ടെൻഡർവിളിപോലും പൂർത്തിയായിട്ടില്ല. പദ്ധതി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെഎസ്ഇബിക്ക് നൽകിയ കോടികളുടെ സഹായധനം തിരിച്ചെടുക്കേണ്ടിവരുമെന്നാണ് ഊർജ മന്ത്രാലയം നൽകിയ മുന്നറിയിപ്പ്. ടെൻഡർ നൽകുന്നത് ഇനിയും വൈകിയാൽ കേന്ദ്രം മുൻകൂറായി നൽകിയ 67 കോടി തിരിച്ചുപിടിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുന്നത്.

തൊഴിലാളി യൂണിയനുകളുടെ വാദം ഇങ്ങനെയാണ്: മീറ്ററുകൾ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി തിരഞ്ഞെടുത്ത RDSSന്റെ ടോട്ടക്‌സ് രീതിയോട് എതിർപ്പണ്. പുതിയ രീതി സ്വകാര്യവത്കരണത്തിലേക്ക് നയിക്കുമെന്ന് സിപിഎം. സംഘടനയായ ഓഫീസേഴ്സ് അസോസിയേഷനും സിഐ.ടി.യു. സംഘടനയായ വർക്കേഴ്‌സ് അസോസിയേഷനും പറയുന്നു.

സ്വകാര്യ കരാറുകാരെ ബില്ലിങ് സോഫ്റ്റ്‌വെയർ കൈകാര്യംചെയ്യുന്നതും ബിൽ നൽകുന്നതും അടക്കമുള്ളവ ഏൽപ്പിക്കാതെ കെ.എസ്.ഇ.ബി. നേരിട്ടുനടത്തുന്നതാകും ലാഭകരമെന്നും ഇവർ വാദിക്കുന്നു. 15,000 കോടി മാത്രം ആസ്തിയുള്ള കെ.എസ്.ഇ.ബി. എങ്ങനെ 8000 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതി ഏറ്റെടുക്കുമെന്ന് ഐ.എൻ.ടി.യു.സിയുടെ വാദം.

കെ.എസ്.ഇ.ബി.ക്കിത് കൈകാര്യം ചെയ്യാൻ ശേഷിയില്ലാത്ത അവസ്ഥയാണുള്ളത്. സ്മാർട്ട് മീറ്റർ നിർമ്മിക്കുന്നത് പ്രധാനമായും സ്വകാര്യ കമ്പനികളായതിനാൽ അവരെ ഒഴിവാക്കി പദ്ധതി നടപ്പാക്കാനാകില്ല. സ്മാർട്ട് മീറ്ററിൽ നിന്ന് പിന്നാക്കംപോയാൽ പല സഹായങ്ങളും തടസ്സപ്പെടുമെന്ന് സർക്കാർ ആശങ്കപ്പെടുന്നുണ്ട്.


പദ്ധതിക്കെതിരായി കെ. എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ(സിഐ.ടി.യു)വും കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംയുക്തമായി പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. അത് ചുവടേ:

സ്മാർട്ട് മീറ്റർ പദ്ധതി പൊതുമേഖലയിൽ നടപ്പിലാക്കുക

താഴെപ്പറയുന്ന കാരണങ്ങളാൽ ഇപ്പോൾ വിഭാവനം ചെയ്ത നിലയിലുള്ള സ്മാർട്ട് മീറ്റർ വ്യാപനവുമായി മുന്നോട്ടു പോയാൽ
കെ.എസ്.ഇ.ബി തകരും

1. ടോട്ടക്സ് മാതൃക സ്മാർട്ട് മീറ്റർ വ്യാപനം ബോർഡിന്റെ റവന്യൂ പ്രവർത്തനങ്ങൾ
പൂർണ്ണമായും പുറംകരാർ നൽകുന്ന രീതിയാണ് നടപ്പാക്കുന്നത്. വൈദ്യുതി മേഖലയിൽ
കേന്ദ്ര സർക്കാർ മുന്നോട്ടു വെക്കുന്ന കണ്ടന്റും കാര്യേജും വേർതിരിക്കുക എന്ന
വൈദ്യുതി നിയമ ഭേദഗതി 2022-ലെ സമീപനം പരോക്ഷമായി നടപ്പാക്കുന്നതാണ്
ഈ നടപടി.വൈദ്യുതി നിയമ ഭേദഗതി 2022-നെ ബഹു:വൈദ്യുതി മന്ത്രിയും കേരള
നിയമസഭയും ഐകകണ്ഠേന നിരാകരിച്ചതാണ്.

2. വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി
ഒരു ബില്ലിൽ 200 രൂപയോളം അധികബാദ്ധ്യത ഉണ്ടാകുന്നു.

3. 2021 ഓഗസ്റ്റ് 17-ലെ സെൻട്രൽ ഗവൺമെന്റിന്റെ നോട്ടിഫിക്കേഷനിൽ പറയുന്നത് നഗര
മേഖലയിൽ AT & C ലോസ് 15% ത്തിന് മുകളിലും ഗ്രാമമേഖലയിൽ 25% ന് മുകളിലും
ഉള്ളിടത്താണ് 2023 ഡിസംബർ 31 ന് അകം സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ പറയുന്നത്.
കേരളത്തിൽ AT & C ലോസ് 10 %ത്തിന് താഴെയാണ്.

4. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായി രൂപപ്പെടുത്തിയ ചട്ടങ്ങളിൽ ഭാഗം 5 ൽ
റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്
സാവകാശം തേടാൻ കഴിയുമെന്നും ആവശ്യമായ ഡീവിയേഷൻ വരുത്താൻ കഴിയും
എന്നും പറയുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തി പൊതുമേഖലയിൽ ബദൽ പദ്ധതി
നടപ്പിലാക്കണം.

5. കേരളത്തിൽ വൈദ്യുതി മോഷണമടക്കം വാണിജ്യനഷ്ടം വളരെ കുറവാണ്. ബില്ലിങ്
കാര്യക്ഷമത നൂറുശതമാനത്തോളമാണ്. അതുകൊണ്ടുതന്നെ വലിയ ചെലവിൽ
വ്യാപകമായി സ്മാർട്ട് മീറ്റർ വെക്കുന്നതുകൊണ്ട് പ്രത്യേക നേട്ടമൊന്നും
കേരളത്തിനുണ്ടാകാനില്ല.

6. സ്മാർട്ട് മീറ്റർ പദ്ധതി കേരള സ്റ്റേറ്റ് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചിട്ടില്ല.
ആയതിനാൽ ഉപഭോക്താക്കളിൽ നിന്നും സ്മാർട്ട് മീറ്ററിന്റെ വിലയും മറ്റ് ചെലവും
ഈടാക്കാൻ കഴിയില്ല.

7. കെ.എസ്.ഇ.ബിയുടെ ഇപ്പോഴത്തെ ധനസ്ഥിതിയിൽ സ്മാർട്ട് മീറ്ററിന് സ്വകാര്യ കമ്പനി
മുടക്കുന്ന പണത്തിന് മാസ ഗഡുക്കളും പലിശയും സർവ്വീസ് ചാർജ്ജും
കൊടുത്തുപോകാൻ കഴിയില്ല. വൈദ്യുതി ബോർഡ് തകരും.

8. പദ്ധതിക്ക് വേണ്ടിയുള്ള പണം കേന്ദ്രസർക്കാർ നൽകുന്നില്ല. കേവലം കൺസ്യൂമർ
ഒന്നിന് 450 രൂപ സബ്സിഡി മാത്രമേ കെ.എസ്.ഇ.ബിക്ക് ലഭിക്കൂ.

9. കേരളത്തിന്റെ സ്വന്തം കമ്യൂണിക്കേഷൻ ശൃംഖലയായ കെ-ഫോൺ സ്മാർട്ട്മീറ്റർ
സംവിധാിനത്തിന്റെ കമ്യൂണിക്കേഷൻ മാധ്യമമായി ഉപയോഗിക്കാൻ കഴിയും.
സ്മാർട്ട്മീറ്റർ ഇന്റഗ്രേഷന് ആവശ്യമായ സോഫ്‌റ്റ്‌വെയർ കെ.എസ്.ഇ.ബി തന്നെ
വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ തിരുവനന്തപുരത്തെ
സിഡാക് കെ.എസ്.ഇ.ബിക്കു വേണ്ടി ഏറ്റെടുത്ത ഗവേഷണ പ്രവർത്തനത്തിന്റെ
ഭാഗമായി സ്മാർട്ട് മീറ്റർ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാദ്ധ്യത
ഉപയോഗിച്ച് കേന്ദ്ര സമീപനത്തിന് ബദലായതും ചെലവുകുറഞ്ഞതുമായ ഒരു
സ്മാർട്ട് മീറ്റർ വ്യാപന പദ്ധതി രൂപീകരിക്കാൻ കേരളത്തിന് കഴിയും.

10. ബഹു: വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തിൽ കെ.എസ്.ഇ.ബി ഐ.ടി വിഭാഗത്തിന്
മുന്നിൽ സി.ഡാക് സ്മാർട്ട് മീറ്ററിന്റെ ഡെമോൺസ്ട്രേഷൻ നടത്താൻ സന്നദ്ധമാണെന്ന്
അറിയിച്ചിട്ടുണ്ട്.

11. സ്മാർട്ട് മീറ്റർ പദ്ധതി സ്വകാര്യ ഏജൻസി വഴി നടപ്പിലാക്കിയാൽ കെ.എസ്.ഇ.ബിയുടെ
പൂർണ്ണമായ ഡാറ്റ അവർക്ക് ലഭിക്കുകയും, വിതരണ ലൈസൻസ് കൂടിയുള്ള ഈ സ്വകാര്യ കമ്പനികൾ കേരളത്തിൽ വിതരണം ഏറ്റെടുത്തുകൊണ്ട് കെ.എസ്.ഇ.ബിയെ
തകർക്കാനും സാധ്യതയുണ്ട്. ഡാറ്റ ദുർവിനിയോഗവും സംഭവിക്കും.

12. ടെണ്ടർ നടപടികൾ ഏകോപിപ്പിക്കുന്നതിന് മാത്രമായി ആർ.ഇ.സി.യെ പ്രൊജക്ട്
ഇംപ്ലിമെന്റിങ് ഏജൻസിയായി നിശ്ചയിക്കുകയും ആകെ ലഭിക്കുന്ന കേന്ദ്രസഹായ
ത്തിന്റെ പകുതി ഈ സ്ഥാപനത്തിന് ഫീസായി നൽകുകയും ചെയ്യേണ്ട യാതൊരു
സാഹചര്യവും നിലവിലില്ല. കെ.എസ്.ഇ.ബിക്ക് സ്വന്തംനിലയിൽ ബദൽ പദ്ധതി
ഏറ്റെടുക്കുന്നതിനും ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നതിനും യാതൊരു
പരിമിതികളുമില്ല.

13. മറ്റെല്ലാ സംസ്ഥാനങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ വളരെ പരിമിത എണ്ണം സ്മാർട്ട്
മീറ്റർ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. സ്മാർട്ട് മീറ്റർ പദ്ധതി ഭാഗികമായി
നടപ്പിലാക്കിയ ആസ്സാമിൽ, ഉപഭോക്താക്കളിൽ നിന്നും പണം വസൂലാക്കാനുള്ള
നീക്കത്തിന് എതിരെ ജനങ്ങളുടെ ശക്തമായ പ്രക്ഷോഭം നടന്നുവരുന്നു.
ഉപഭോക്താക്കൾക്ക് അമിതഭാരം വരുത്തുന്ന സ്വകാര്യ പദ്ധതിക്ക് എതിരെ
കേരളത്തിലും ജനകീയ പ്രക്ഷോഭം ക്ഷണിച്ചുവരുത്തും.

14. RDSS സ്‌കീമിൽ വിതരണ ശൃംഖല നവീകരണത്തിന് കൂടുതൽ പ്രാധാന്യം
നൽകിക്കൊണ്ട് സ്‌കീം പുനഃസമർപ്പണം നടത്തണം.

15. പൊതുവായി മനസ്സിലാക്കുവാൻ സാധിച്ചത്, സ്മാർട്ട് മീറ്റർ നടപ്പിലാക്കിയ പല
യൂട്ടിലിറ്റികളിലും ഇത് നന്നായി പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നില്ല എന്നതാണ്.
നന്നായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യുവാനോ ഡിസ്‌കണക്ഷൻ, റീകണക്ഷൻ ചെയ്യുവാനോ
സാധിക്കുന്നില്ല. പല യൂട്ടിലിറ്റികളിലും കമ്മ്യൂണിക്കേഷൻ സിം തരുന്ന
പ്രൊവൈഡേഴ്സ് ശരിയായ സപ്പോർട്ട് നൽകുന്നില്ല. കണക്കുകൾ നോക്കുമ്പോൾ പല യൂട്ടിലിറ്റികളിലും സ്മാർട്ട് മീറ്റർ നടപ്പിലാക്കിയെങ്കിലും പൂർണ്ണ വിജയമായിട്ടില്ല. ഇത്
നന്നായിട്ട് നടപ്പിലാക്കിയില്ലെങ്കിൽ ബോർഡിന് വരുമാന നഷ്ടമുണ്ടാകും. അതിനാലാണ്
പൊതുമേഖലയിൽ കെ.എസ്.ഇ.ബി വഴി ബദൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കണം
എന്ന് വർക്കേഴ്സ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും
സംയുക്തമായി ആവശ്യപ്പെടുന്നത്.
ജനവിരുദ്ധവും പൊതുമേഖലാവിരുദ്ധവുമായ കേന്ദ്ര നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കിയ സംസ്ഥാനമല്ല കേരളം. ജനപക്ഷബദൽ രൂപപ്പെടുത്തി രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം. 2003 വൈദ്യുതി നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് കെ.എസ്.ഇ.ബിയെ ഒറ്റ സ്ഥാപനമായി പൊതുമേഖലയിലാണ് സംരക്ഷിച്ചത്. അന്നും അതിനെതിരെ കേന്ദ്രത്തിന്റെ ഒട്ടേറെ തിട്ടൂരങ്ങൾ വന്നിരുന്നു.
മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ മന്ത്രിതല ചർച്ചയിൽ ഉന്നയിച്ചു. മാനേജ്മെന്റ് സ്വകാര്യ മേഖലാ പ്രീണനം അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.


എസ്. ഹരിലാൽ
ജനറൽ സെക്രട്ടറി,
കെ.എസ്.ഇ.ബി. വർക്കേഴ്സ്
അസോസിയേഷൻ (സിഐ.ടി.യു)

ഡോ.എം. ജി. സുരേഷ് കുമാർ
പ്രസിഡന്റ്,
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ