- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിബിസി ഡോക്യുമെന്ററി പ്രദർശനം; ബിജെപി പ്രതിഷേധത്തിനിടെ പൂജപ്പുരയിൽ സംഘർഷം; പ്രതിഷേധക്കാർക്കുനേരെ നാല് തവണ ജലപീരങ്കി പ്രയോഗിച്ചു; സംഘർഷമുണ്ടായത് പ്രദർശനവേദിയിലെ ബാരിക്കേഡ് തകർക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ
തിരുവനന്തപുരം: തലസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിൽ ബിജെപി പ്രതിഷേധം. പൂജപ്പുര തിരുമല റോഡിൽ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് അടച്ചിരുന്നു.
ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിലെ ബാരിക്കോഡ് തകർക്കാൻ ബിജെപി പ്രവർത്തകരുടെ ശ്രമിച്ചതോടെയാണ് പൂജപ്പുരയിൽ സംഘർഷം ഉടലെടുത്തത്.വനിത ബിജെപി പ്രവർത്തകരടക്കം ബാരിക്കേട് മറികടക്കാൻ ശ്രമമിച്ചു. ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ദേശീയതലത്തിൽ വൻചർച്ചയും വിവാദവുമായ ബിബിസി ഡോക്യുമെന്റി സംസ്ഥാനത്തും ഉണ്ടാക്കുന്നത് വലിയ അലയോലികളാണ്. ഗുജറാത്ത് കലാപം പ്രമേയമാക്കിയ ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇടത് യുവജന വിദ്യാർത്ഥി സംഘടനകളും കോൺഗ്രസും രംഗത്തെത്തി. ക്യാമ്പസുകളിലും പുറത്തും വ്യാപകമായി ഉച്ചമുതൽ പ്രദർശനങ്ങളൊരുക്കി. പ്രദർശനം തടയുെന്ന് യുവമോർച്ച പ്രഖ്യാപിച്ചു. പലയിടത്തും പ്രദർശനം സംഘർഷങ്ങൾക്കുമിടയാക്കി.
അതേസമയം ബിബിസിയുടെ 'ഇന്ത്യദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി പ്രദർശനം തടയുന്നതിനെതിരെ ജനകീയ പ്രതിരോധം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിബിസി ഡോക്യുമെന്ററിക്ക് നിരോധനം ഏർപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണ്. ജനാധിപത്യ സമൂഹത്തിൽ ആശയങ്ങൾ നിഷേധിക്കരുത്. ആശയങ്ങൾ നിഷേധിച്ചാൽ, നിഷേധിക്കുന്ന ആശയങ്ങളോടാണ് ജനങ്ങൾക്ക് പ്രതിപത്തി വരികയെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി 'ഇന്ത്യദി മോദി ക്വസ്റ്റ്യൻ' എസ്എഫ്‌ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാനത്ത് പലയിടത്തും പ്രദർശിപ്പിച്ചു. എസ്എഫ്ഐ നേതൃത്വത്തിൽ മഹാരാജാസ് കോളേജ്, എറണാകുളം ലോ കോളേജ്, കുസാറ്റ്, കാലടി സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലാണ് ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും പ്രദർശിപ്പിച്ചത്.
പ്രദർശനത്തിൽ നൂറു കണക്കിന് വിദ്യാർത്ഥികൾ പങ്കാളികളായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, ജില്ലാ പ്രസിഡന്റ് പ്രജിത്ത് കെ ബാബു എന്നിവർ മഹാരാജാസ് കോളേജിൽ നടന്ന ഡോക്യുമെന്ററി പ്രദർശനത്തിന് നേതൃത്വം നൽകി. വലിയ സ്‌ക്രീനിലാണ് എല്ലായിടത്തും പ്രദർശനം ഒരുക്കിയത്.
ഡിവൈഎഫ്‌ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സഞ്ചരിക്കുന്ന എൽഇഡി വാളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം ഒരുക്കി. കലൂർ, ഹൈക്കോടതി ജങ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു എന്നിവർ നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ