- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യ 'കുരുക്കിൽ' ഓരോ അഞ്ചു ദിവസത്തിലും മരിക്കുന്നത് ഒരാൾ വീതം; പരിഹാരമായി മാൻഹോൾ വൃത്തിയാക്കാൻ റോബോട്ട് മതിയെന്ന് തെളിയിച്ചിട്ട് ഒരു വർഷവും; പ്രശ്നം രൂക്ഷമാകുമ്പോൾ ക്ലീൻ റോബോട്ടിലേക്ക് മാറാൻ കേരളം; കാത്തിരിപ്പ് ബജറ്റിൽ 'ക്ലീൻ റോബോട്ട്' വരുമോ എന്നറിയാൻ
കൊച്ചി: മാലിന്യ 'കുരുക്കിൽ' ഓരോ അഞ്ചു ദിവസത്തിലും ഒരാൾ മരിക്കുന്നു. ആൾത്തുളകളിലും (മാൻഹോൾ), ഭൂഗർഭ അഴുക്കുചാലുകളിലും സെപ്റ്റിക് ടാങ്കുകളിലും ഏതു നിമിഷവും മരണം പ്രതീക്ഷിക്കാം - ഇന്ത്യയിലെ ശുചീകരണ തൊഴിലാളികളുടെ അവസ്ഥയാണിത്. എല്ലാം ഹൈടെക് ആകുമ്പോഴും മാലിന്യം നീക്കൽ ഇപ്പോഴും പ്രാകൃതമായ രീതിയിലാണ്.എന്നാൽ ഈ പ്രശ്‌നത്തിന് പരിഹാരമായി റോബോട്ടിനെ വ്യാപമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനം.
ആൾത്തുളകൾ വൃത്തിയാക്കാൻ റോബോട്ട് മതിയെന്ന് തിരുവനന്തപുരത്ത് തെളിയിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ പതിയെ എങ്കിലും 'വൃത്തിക്കാരൻ റോബോട്ടി'ലേക്ക് മാറുകയാണ്. കൊച്ചി കോർപ്പറേഷനും ഗുരുവായൂർ നഗരസഭയുമെല്ലാം ഈ വഴിക്ക് കാര്യങ്ങൾ നീക്കി തുടങ്ങി. പക്ഷേ 'റോബോ'യ്ക്കുള്ള ഫണ്ടാണ് പ്രശ്നം. അതിന് ബജറ്റിൽ വഴി കണ്ടാൽ കേരളം ലോകത്തിനുതന്നെ മാതൃകയായി മാറും.
ഇന്ത്യയിലെ ശുചീകരണ തൊഴിലാളികളുടെ മരണങ്ങളുടെ കണക്ക് ആദ്യമായെടുത്ത സഫായി കർമചാരീസ് ദേശീയ കമ്മിഷൻ, 2018-ലെ റിപ്പോർട്ടിൽ പറയുന്നത് ഒരു വർഷത്തിനിടെ 123 പേർക്ക് ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ടു എന്നാണ്. എന്നാൽ, സർക്കാരിതര സംഘടനയായ സഫായി കർമചാരി ആന്ദോളൻ ചൂണ്ടിക്കാട്ടുന്നത് 300 മരണങ്ങളുണ്ടെന്നാണ്. ഏഴു വർഷം മുമ്പ് കോഴിക്കോട്ട് ഭൂഗർഭ അഴുക്കുചാലിൽ മൂന്നുപേർ ശ്വാസംമുട്ടി മരിച്ചതാണ് കേരളത്തിലെ വലിയ സംഭവം.
ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് ആൾത്തുളകൾ വൃത്തിയാക്കാൻ റോബോട്ടിനെ ഉപയോഗിച്ചു തുടങ്ങിയത്. തിരുവനന്തപുരത്തെ ജെൻ റോബോട്ടിക്‌സ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ 'ബണ്ടിക്കൂട്ട്' (പെരുച്ചാഴി) എന്ന റോബോട്ടിനെയാണ് ഉപയോഗിച്ചത്. ഇതിന്റെ ചുവടുപിടിച്ച് രാജ്യത്തെ നിരവധി തദ്ദേശ സ്ഥാപനങ്ങൾ ആൾത്തുളകളും ഭൂഗർഭ അഴുക്കുചാലുകളും വൃത്തിയാക്കാൻ 'റോബോട്ട്' എന്ന ആശയത്തിലേക്ക് മാറാൻ തുടങ്ങി.
ഏറ്റവും കൂടുതൽ ആൾത്തുള മരണങ്ങൾ നടന്ന ചെന്നൈയിലുൾപ്പെടെ ഇത് നടപ്പാക്കാൻ തുടങ്ങി. ജെൻ റോബോട്ടിക്‌സിനു തന്നെ 17 സംസ്ഥാനങ്ങളിൽ നിന്നാണ് ഓർഡർ ലഭിച്ചത്.കൊച്ചി കോർപ്പറേഷനിൽ ആൾത്തുളകൾ വൃത്തിയാക്കുന്നതിന് 40 ലക്ഷം രൂപ ചെലവിൽ 'ബണ്ടിക്കൂട്ട്' റോബോട്ട് എത്തിയിട്ടുണ്ട്. പ്രവർത്തനം വൈകാതെ തുടങ്ങും. കൊച്ചി കപ്പൽശാലയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്നാണ് തുക ലഭിച്ചത്.
ആൾത്തുള വൃത്തിയാക്കുന്ന റോബോട്ടുകൾക്ക് ലംബമായി മാത്രമേ പ്രവർത്തിക്കാനാകൂ. ഓടകൾ വൃത്തിയാക്കുന്നതിന് തിരശ്ചീനമായി പ്രവർത്തിക്കുന്ന റോബോട്ട് വേണ്ടി വരും. ഇതിന് 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് ഏഴരക്കോടി രൂപ നീക്കിവെക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കി തുക എങ്ങനെ കണ്ടെത്തും എന്ന ആലോചനയിലാണ് കോർപ്പറേഷൻ.
മറുനാടന് മലയാളി ബ്യൂറോ