- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ആലഞ്ചേരി; എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നെന്ന് പ്രധാനമന്ത്രി; ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പട്ടു മറ്റുചിലർ; മാർപാപ്പയുടെ ഇന്ത്യാ സന്ദർശനവും വിഷയമായി; മോദിയുമായുള്ള ചർച്ചകളിൽ പ്രതീക്ഷയെന്ന് സഭാധ്യക്ഷർ
കൊച്ചി: കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ വളർച്ചക്ക് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച്ച നടത്തിയത്. രാഷ്ട്രീയമായി ഇത് ബിജെപിക്ക് എത്രകണ്ട് ഗുണകരമാകും എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. അതേസമയം പ്രധാനമന്ത്രിയുമയി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ തങ്ങളുടെ ആശങ്കകൾ തുറന്നു പറയാൻ സഭാ മേലക്ഷ്യന്മാർക്കായി. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നാണ് സഭാ മേധാവികൾ പറഞ്ഞത്.
കേരള വികസനം, കാർഷിക, മത്സ്യബന്ധന, തീരദേശ മേഖലകളിലെ പ്രശ്‌നങ്ങൾ, ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയിലുള്ളവർക്കു മതം നോക്കാതെ പരിഗണന തുടങ്ങിയ പൊതു ആവശ്യങ്ങൾ എല്ലാ സഭാനേതാക്കളും പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. തിങ്കളാഴ്ച കൊച്ചിയിലായിരുന്നു വിവിധ സഭാ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചു. ക്രൈസ്തവ സഭകളുടെ വിവിധ ആവശ്യങ്ങൾ പൊതുവായി ഉന്നയിച്ചു. ഭാരതത്തെ ഒന്നായാണു കാണുന്നതെന്നും കേരളവും ചില കാര്യങ്ങളിൽ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ച കാര്യവും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു സൂചിപ്പിച്ചപ്പോൾ എല്ലാ മനുഷ്യരെയും ഒരുപോലെയാണു കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു എന്നാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ (മലങ്കര ഓർത്തഡോക്‌സ് സഭ) പറഞ്ഞത്. ന്യൂഡൽഹിയിൽ രണ്ടാഴ്ച മുൻപ് അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം അനുസ്മരിച്ചു. സന്ദർശനത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയാനില്ല. ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഗതാഗതക്കുരുക്കിൽപ്പെട്ടതിനാൽ മറ്റുള്ളവർക്കൊപ്പം ചർച്ചയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കാതോലിക്കാ ബാവായ്ക്കു പിന്നീട് പ്രത്യേകമായി സമയം നൽകുകയായിരുന്നു.
വിവാദവിഷയങ്ങളും കാര്യമായി രാഷ്ട്രീയവുമൊന്നും ചർച്ചയായില്ലെന്ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പ്രതികരിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും കേന്ദ്ര സർക്കാരിനോടു ക്രിസ്തീയ സഭകൾ വളരെ ക്രിയാത്മക നിലപാടാണു സ്വീകരിക്കുന്നത് എന്നു മാത്രം പ്രധാനമന്ത്രി പറഞ്ഞു. അതെക്കുറിച്ചു ബിഷപ്പുമാർ കൂടുതൽ പ്രതികരിച്ചില്ല. കേരളത്തിനു പ്രയോജനപ്പെടുന്ന പുതിയ പദ്ധതികളുമായി ഇടയ്ക്കിടെ സംസ്ഥാനത്തു വരണമെന്ന ഞങ്ങളുടെ ആവശ്യത്തോടു വളരെ സന്തോഷത്തോടെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിക്ക് എഴുതി നൽകിയിരുന്നു. എഴുതി കൊടുത്ത സാഹചര്യത്തിൽ ഈ വിഷയം പ്രത്യേകം ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ പ്രതികരണങ്ങൾ:
ജോസഫ് മാർ ഗ്രിഗോറിയോസ് (മെത്രാപ്പൊലീത്തൻ ട്രസ്റ്റി, യാക്കോബായ സഭ)
കേരളത്തിനു കൂടുതൽ വികസന പദ്ധതികൾ വേണമെന്നു സൂചിപ്പിച്ചു. സഭാ തർക്ക പരിഹാരത്തിനു നടക്കുന്ന ശ്രമങ്ങളിൽ പ്രധാനമന്ത്രിയുടെ പിന്തുണ യാക്കോബായ സഭ പ്രത്യേകമായി തേടി.
ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്കാ സഭ)
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമായി പറഞ്ഞതിനാൽ മറ്റൊന്നും പറയാനില്ല.
ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ (വരാപ്പുഴ അതിരൂപത)
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ വേണമെന്നും തീരദേശത്തെ പ്രശ്‌നങ്ങൾക്കു പരിഹാരം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നൽകി. ജനപ്രതിനിധി സഭകളിൽ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം പുനഃസ്ഥാപിക്കണമെന്നും ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണമെന്നും പരിവർത്തിത ക്രൈസ്തവർക്കു പട്ടികജാതി പദവി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
കുര്യാക്കോസ് മാർ സേവേറിയോസ് (ക്‌നാനായ സമുദായ മെത്രാപ്പൊലീത്ത)
സഭയുടെയും സംസ്ഥാനത്തിന്റെയും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിമാനത്താവള വികസനത്തിന് അടിയന്തര ഇടപെടലുകൾ നടത്തുക, വന്യമൃഗങ്ങളിൽനിന്ന് ആളുകൾക്കും കാർഷിക വിളകൾക്കും സംരക്ഷണം നൽകുക, വിദേശ സർവകലാശാലകൾ ഇന്ത്യയിൽ അനുവദിക്കുമെങ്കിൽ സ്വകാര്യ മേഖലയ്ക്കു കൂടി പങ്കാളിത്തം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
മാർ ഔഗിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ)
പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം ക്ഷണിച്ചിട്ടാണു കാണാൻ പോയത്. ബിഷപ്പുമാർ പ്രധാനമന്ത്രിയെ കാണുന്നത് ക്രൈസ്തവർ ബിജെപിയോട് അടുക്കുന്നു എന്നതിന്റെ സൂചനയാണെന്നു പ്രചരിപ്പിക്കുന്നതു ശരിയല്ല. പല കാര്യങ്ങളും അദ്ദേഹത്തെ നേരിൽ ബോധിപ്പിക്കാൻ കഴിഞ്ഞു. പല വിഷയങ്ങളും എഴുതി നൽകിയിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ