തിരുവനന്തപുരം: കേരളത്തിലും ഉണ്ട് ശതകോടീശ്വരന്മാർ. ശതകോടികളുടെ വീടുകൾ അവരും വയ്ക്കാറുണ്ട്. ചതുരശ്ര അടി അയ്യായിരം രൂപ മുടക്ക് മുതലിൽ വയ്ക്കുന്ന വീടുകൾ പോലും അത്യാഡംബരമാണ്. അതുക്കും മേലയാണ് ക്ലിഫ് ഹൗസിലെ കന്നുകാലി തൊഴുത്തിന്റെ നിർമ്മാണം. മനോരമയുടെ വാർത്ത അനുസരിച്ച് 800 സ്‌ക്വയർ ഫീറ്റിലാണ് തൊഴുത്തു നിർമ്മാണം. കൂടെ ചുറ്റുമതിൽ തകർന്നതിന്റെ അടക്കം നിർമ്മാണ ചെലവ് 42.90 ലക്ഷം. ക്ലിഫ് ഹൗസിലൂടെ പോകുന്നവർക്ക് കുറച്ചു ഭാഗത്ത് മാത്രമേ മതിൽ പൊളിഞ്ഞിട്ടുള്ളൂവെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഈ കണക്ക് മലയാളിയെ ഞെട്ടിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണം തുടങ്ങുമ്പോൾ അത് സോഷ്യൽ മീഡിയയിൽ പുതു ചർച്ചകളിലാണ്. സാധാരണ തൊഴുത്തുണ്ടക്കാൻ രണ്ടാഴ്ച മതി. എന്നാൽ ഈ തൊഴുത്തിന് രണ്ട് മാസം എടുക്കും. ഇതിനൊപ്പമാണ് സാമ്പത്തിക കണക്കുകൾ. ആർക്കോ പണമുണ്ടാക്കാനുള്ള ഉപാധിയാണ് ഈ തൊഴുത്ത് നിർമ്മാണം. കേരളത്തിലെ ശതകോടീശ്വരന്മാരുടെ വീടുകൾക്ക് പോലും 5000 രൂപയിൽ കുറവേ ചതുരശ്ര അടിക്ക് ചെലവുള്ളൂ. അപ്പോഴാണ് ക്ലിഫ് ഹൗസിലെ തൊഴുത്തിന് 42.90 ലക്ഷം രൂപ ചെലവാക്കുന്നത്. ചുറ്റുമതിൽ നിർമ്മാണം കൊണ്ട് ഈ കണക്കിനെ ന്യായീകരിക്കാനും പൊതുമരാമത്ത് വകുപ്പ് ശ്രമിക്കും.

തൊഴുത്തിന് ഒപ്പം ചുറ്റുമതിൽ നിർമ്മാണവും പറയുന്നു. എന്നാൽ ക്ലിഫ് ഹൗസിൽ ചില ഭാഗത്ത് മാത്രമേ ചുറ്റുമതിൽ തകർന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ അതിനും ഇത്രയും തുക ചെലവാകുമെന്നത് വിശ്വസിക്കുക അസാധ്യമാണ്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണചുമതലയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പുറത്തേക്ക് കരാർ കൊടുക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലും അഴിമതിക്ക് സാധ്യത ഏറെയാണ്.

ചുറ്റുമതിൽ പുനർനിർമ്മിക്കാനും തൊഴുത്ത് നിർമ്മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മെയ്‌ ഏഴിന് കത്ത് നൽകിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എൻജിനീയർ തയ്യാറാക്കിയിരുന്നു. ഇത് പരിഗണിച്ച് ജൂൺ 22 നാണ് സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കിയത്. കെ-റെയിൽ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കയറി കുറ്റിനാട്ടിയത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാപാളിച്ച പുറത്തായത്. ഇതിന് ശേഷമാണ് ചുറ്റുമതിൽ ബലപ്പെടുത്തി പുനർനിർമ്മിക്കാൻ തീരുമാനമുണ്ടായത്.

രണ്ടു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാണു പൊതുമരാമത്തു വകുപ്പ് (കെട്ടിട വിഭാഗം), കരാറുകാരനു നൽകിയ കർശന നിർദ്ദേശം. പശുക്കൾക്കു പാട്ടു കേൾക്കാൻ തൊഴുത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കും. പശുക്കളുടെ എണ്ണം പതിനൊന്നാക്കി ഉയർത്തും. ഇതിന് വേണ്ടി കൂടിയാണ് പഞ്ച നക്ഷത്ര തൊഴുത്തു നിർമ്മാണം. ലൈഫ് മിഷനിൽ വീടു വയ്ക്കാൻ സാധാരണക്കാർക്ക് നൽകുന്നത് അഞ്ചു ലക്ഷമാണ്. ഇവിടെ പശുവിന് 800 സ്വക്വയർ ഫീറ്റിൽ തൊഴുത്തുണ്ടാക്കാൻ അരക്കോടിയും ചെലവാക്കുന്നു.

8 പേർ ടെൻഡറിൽ പങ്കെടുത്തു. ബാലരാമപുരം സ്വദേശിക്കാണ് പൊതുമരാമത്തു വകുപ്പ് കരാർ നൽകിയത്. നിർമ്മാണച്ചെലവ് 42.90 ലക്ഷം രൂപ. ക്ലിഫ് ഹൗസിൽ നിലവിലെ തൊഴുത്തിൽ 5 പശുക്കളുണ്ട്. ഇതിനു പുറമേയാണ് 6 പശുക്കളെ പ്രവേശിപ്പിക്കാൻ പുതിയ തൊഴുത്തു നിർമ്മിക്കുന്നത്. ജോലിക്കാർക്കു താമസിക്കാനായി വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കാലിത്തൊഴുത്തു നിർമ്മിക്കുന്നത്. തൊഴുത്തു വൈദ്യുതീകരിക്കുന്നതിനു പ്രത്യേകമായി തുക വകയിരുത്തി.

ജോലിക്കാർക്കു വിശ്രമിക്കാൻ പ്രത്യേക മുറി, കാലിത്തീറ്റയും മറ്റും സൂക്ഷിക്കാൻ വേറെ മുറി, ഇരുനില മന്ദിരത്തിനുള്ള ഫൗണ്ടേഷനും പ്രത്യേകതയാണ്. പശുക്കൾക്ക് വേണ്ടി ഇപ്പോൾ നിർമ്മിക്കുന്നത് ഒരു നില മന്ദിരം മാത്രമായിരിക്കും. ഭാവിയിൽ, മുകൾ നിലയിൽ ക്ലിഫ് ഹൗസിലെ ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമ്മിക്കും. തൊഴുത്തിന് മുകളിൽ ക്വാട്ടേഴ്സ് നിർമ്മിക്കാനുള്ള തീരുമാനവും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. പിണറായിയുടെ 'പശു' സ്നേഹം ട്രോളായും മാറുന്നു.

മിൽക് ഷെഡ് ഡവലപ്മെന്റ് പദ്ധതി പ്രകാരം കാലിത്തൊഴുത്തു നിർമ്മിക്കാൻ ക്ഷീര വികസന വകുപ്പ് സഹായം നൽകുന്നുണ്ട്. ഒരു ലക്ഷം രൂപ കർഷകനു ചെലവായാൽ പരമാവധി അര ലക്ഷം രൂപയാണ് വകുപ്പ് നൽകുക. കാലിത്തൊഴുത്തു നിർമ്മിക്കാൻ ഒരു കർഷകന് പരമാവധി 25,000 രൂപ വരെ മൃഗസംരക്ഷണ വകുപ്പ് സബ്സിഡി നൽകിയിരുന്നു. ഈ ജീവനോപാധി സഹായ പാക്കേജ് നിലവിലില്ലെന്നു വകുപ്പ് അറിയിച്ചു. ഈ സബ്‌സീഡി തുക ക്ലിഫ് ഹൗസിനും കിട്ടുമെന്നാണ് സൂചന. പക്ഷേ എല്ലാം ഖജനാവിലെ പണമാണെന്നതാണ് വസ്തുത.