- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കുകളി നാടകത്തിന്റെ പ്രദർശനാനുമതി നിഷേധിക്കണം; നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവർ ക്രൈസ്തവർക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കൾ; മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരുടെ നിലപാട് വേദനാജനകം; വിവാദ നാടകത്തിനെതിരെ ക്ലീമിസ് ബാവയും
തിരുവനന്തപുരം: വിവാദമായ കക്കുകളി നാടകത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. കത്തോലിക്കാ സഭകൾ തന്നെ നാടകത്തിനെതിരെ രംഗത്തുവരുന്നുണ്ട്. നാടകം നിരോധിക്കണമെന്ന ആവശ്യവുമായി കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും രംഗത്തുവന്നു. ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദർശനാനുമതി നിഷേധിക്കണ അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങൾ നൽകിയിട്ടുള്ള സംഭാവനകൾ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളിൽ നൂറ്റാണ്ടുകളായി അവർ നൽകിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവർത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ കഥകൾ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണ്.
സർക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അർത്ഥം ഇനിയും മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവർ ക്രൈസ്തവർക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണ്. നാഴികയ്ക്ക് നാൽപ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ ഈ കാര്യത്തിൽ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് ഈ കാര്യത്തിൽ അറിയുവാൻ സഭയ്ക്ക് താൽപര്യമുണ്ട്.
നേരിട്ട് കണ്ടും പ്രസ്താവനകളിലൂടെയും സഭയെയും ക്രൈസ്തവ സമൂഹത്തെയും പിൻതുണ അറിയിക്കുന്നവർ ഈ വിഷയത്തിൽ നടത്തുന്ന ഒളിച്ചുകളി അങ്ങേയറ്റം അപലപനീയമാണ്. എല്ലാ ജില്ലാ കളക്ടർമാർക്കും അതാത് ജില്ലകളിൽ ഈ നാടകത്തിന്റെ പ്രദർശനം നിരോധിക്കണമെന്ന് നിവേദനം നേരത്തേ തന്നെ നൽകിയിട്ടുള്ളത് തമസ്‌ക്കരിച്ചു കൊണ്ടാണ് ഈ ദിവസങളിൽ വീണ്ടും പ്രദർശനാനുമതി നൽകിയത്. തങ്ങളുടെ പോഷക സംഘടനകളെ മുന്നിൽ നിർത്തി ക്രിസ്തീയ വിശ്വാസത്തെ തകർത്തുകളയാമെന്നുള്ള വ്യാമോഹം നടക്കില്ല. ഇതര സമുദായങ്ങളെപ്പോലെ തുല്യനീതി ക്രൈസ്തവർക്കും അർഹതയുള്ളയാണെന്ന് മാർ ക്ലീമീസ് ബാവ പറഞ്ഞു.
താമരശേരി രൂപതയും നാടകത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുണ്ടായിരുന്നു. കോഴിക്കോട് എടച്ചേരിയിലാണ് താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയേലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. ബിമൽ സാംസ്‌കാരിക ഗ്രാമമാണ് നാടകം സംഘടിപ്പിച്ചത്. കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് നാടകത്തിനെതിരെ ക്രൈസ്തവ സഭകൾ രംഗത്തുവന്നിരുന്നു.
ക്രൈസ്തവ സമൂഹത്തെ അപമാനിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് കക്കുകളി നാടകം എന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. എടച്ചേരിയിലെ ബിമൽ സാംസ്‌കാരിക ഗ്രാമമാണ് നാടകം സംഘടിപ്പിച്ചത്. കന്യാസ്ത്രീകൾ ഉൾപ്പെട്ടെ നൂറോളം പേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹം സ്ഥലത്ത് കാവലുണ്ടായിരുന്നു. താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റമിജിയോസ് ഇഞ്ചനാനിയേൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.
പ്രതിഷേധിക്കുന്നവരുടെ അവകാശത്തെ നിഷേധിക്കുന്നില്ലെന്നും നാടകത്തിലെ വിഷയത്തെ വസ്തുനിഷ്ടമായി മനസിലാക്കണമെന്നുമാണ് തങ്ങൾ പറയുന്ന ന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. കനത്ത മഴയിലും പ്രതിഷേധം രണ്ട് മണിക്കൂറോളം തുടർന്നു. മഴയിൽ നാടകവും ഏറെ നേരം തടസ്സപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ