തിരുവനന്തപുരം: അകലങ്ങളെ അടുപ്പിക്കാൻ പലപ്പോഴും ആഘോഷ വേളകൾ രാഷ്ട്രീയ പ്രമുഖർ ഉപയോഗിക്കാറുണ്ട്. വിശേഷിച്ചും, ഓണം, വിഷു ക്രിസ്മസ്, റംസാൻ തുടങ്ങിയ സൗഹാർദ്ദ വേളകളിൽ. മുഖ്യമന്ത്രിയുമായും ഇടതുസർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ മുറ്റത്ത് പന്തലിട്ട് നടത്തിയ ക്രിസ്മസ് വിരുന്നിൽ ക്ഷണം കിട്ടിയിട്ടും, മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും പങ്കെടുത്തില്ല. വിവിധ വിഷയങ്ങളിലെ കൊമ്പുകോർക്കൽ എത്രത്തോളം വഷളായി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അത്. ഏറ്റവുമൊടുവിൽ, ചൊവ്വാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ഗവർണർക്ക് ക്ഷണമില്ല. അടുത്തിടെ, കേന്ദ്ര മന്ത്രി ഗഡ്കരി പങ്കെടുത്ത ചടങ്ങിൽ ഗവർണറെയും മുഖ്യമന്ത്രിയെയും ഒന്നിച്ച് ബട്ടൺ അമർത്താൻ ക്ഷണിച്ച് ഒരുമിപ്പിക്കാൻ നോക്കിയത് കൗതുകമായിരുന്നു. അന്ന് ഇരുവരും പരസ്പരം കൈകൂപ്പിയതല്ലാതെ സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല.

തിരുവനന്തപുരം കെ.ടി.ഡി.സി. മാസ്‌കോട്ട് ഹോട്ടലിൽ ഉച്ചയ്ക്ക് 2.30-നാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. നേരത്തെ, ഗവർണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. സ്പീക്കർ എ എൻ ഷംസീർ ആദ്യം ഗവർണറുടെ വിരുന്നിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, പാർട്ടി സെന്റർ വിലക്കിയതോടെ പോയില്ല.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബാധകമായതെല്ലാം ഷംസീറിനും ബാധകമാണെന്ന് പാർട്ടി സെന്റർ അറിയിച്ചു. മാത്രമല്ല, സ്പീക്കർ കൂടി ക്ഷണം നിരസിച്ചാൽ ഗവർണർക്ക് അത് ശക്തമായ തിരിച്ചടിയായി മാറുമെന്നും പാർട്ടി കണക്കുകൂട്ടി. സർക്കാരുമായി ശത്രുതാമനോഭാവം തുടരുന്ന ഗവർണറുടെ ക്ഷണം സ്വീകരിക്കേണ്ടതില്ലെന്നാണ് പൊതു തീരുമാനമെന്നും പാർട്ടി ഷംസീറിനെ അറിയിച്ചു. ഇതോടെ ഷംസീറിന് വിരുന്നിൽ നിന്ന് പിന്മാറുകയല്ലാതെ വേറെ വഴിയില്ലാതായി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഗവർണറുടെ സത്കാരത്തിൽ നിന്ന് നേരത്തേ ഒഴിവായിരുന്നു. ഇവരെല്ലാം ഗവർണറുടെ ക്ഷണം നിരസിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വിരുന്നുകൾക്ക് സാധാരണനിലയിൽ ഗവർണർമാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാൻ കാലത്ത് നടത്തിയ ഇഫ്താർ വിരുന്നിലും ഗവർണറെ ക്ഷണിച്ചിരുന്നില്ല. എന്നാൽ, ജസ്റ്റിസ് പി. സദാശിവം ഗവർണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നുകളിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു.

ഗവർണർ എത്തുമ്പോൾ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോൾ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവർണറെ ഒഴിവാക്കിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണയും ഗവർണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എന്നാൽ, സർക്കാരും ഗവർണറും തമ്മിൽ പോര് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി ചർച്ചയാകുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷന്മാർ എന്നിവർക്കു ക്ഷണമുണ്ട്. ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല. തലസ്ഥാനത്ത് നടന്ന ഓണാം വാരാഘോഷ സമാപന പരിപാടിയിൽ സർക്കാർ തന്നെ ഒഴിവാക്കിയതിൽ ഗവർണർ മുൻപ് ്തൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്ന് ഗവർണർ അട്ടപ്പാടിയിൽ ആദിവാസി കുട്ടികൾക്കൊപ്പമാണ് സമയം ചെലവഴിച്ചത്.

നേരത്തേ സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമായി സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ നടത്താറുള്ള സൽക്കാരം (അറ്റ് ഹോം) ഗവർണർ ഉപേക്ഷിച്ചിരുന്നു. ഗവർണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സത്കാരത്തിനായി സർക്കാർ 15ലക്ഷം അനുവദിച്ച ശേഷമാണ് സത്കാരം റദ്ദാക്കിയത്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഈ തുക നൽകാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.