തിരുവനന്തപുരം:  ബഫർസോൺ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമാണെന്നും കുറ്റമറ്റ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ സർവേയിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് തന്നെ ബോധ്യപ്പെട്ടു. ഇതൊരു അന്തിമ രേഖയല്ല. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഓരോ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാൻ വിദഗ്ദ സമിതിയെ വച്ചു. അതിന്റെ തലപ്പത്ത് ആർക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തിലിനെയാണ് വച്ചത്. നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങൾ പൂർണമായി കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്.
കേന്ദ്ര സർക്കാരിന് ആവുന്നത് അവരും ചെയ്യണം. അതിന്റെ ഭാഗമായ നടപടികൾ നടന്നു വരികയാണ്. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നു. കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബഫർസോൺ വിഷയത്തിൽ സമരത്തിന് ഒരുങ്ങുന്നവരെ പരോക്ഷമായി വിമർശിക്കാനും മുഖ്യമന്ത്രി തയ്യാറായി. ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ നടക്കുന്നു. അതിന് പിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ട്. അവരുടെ ഉദ്ദേശമനുസരിച്ചല്ല സർക്കാർ നീങ്ങുന്നത്. സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങളുടെ താൽപര്യമനുസരിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബഫർസോൺ ഉപഗ്രഹസർവേയിൽ അപാകതകളുണ്ടാകുമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനവാസമേഖല ഏതെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സമരം അടക്കം സജീവമാക്കാൻ ഒരുങ്ങുമ്പോഴാണ് സർക്കാർ നിലപാട് മാറ്റവുമായി രംഗത്തുവന്നത്.

'ഈ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനേ പോകുന്നില്ല. ജനങ്ങളുടെ പരാതി പരിശോധിച്ച് മാറ്റം വരുത്തുന്ന പുതിയ റിപ്പോർട്ടാണ് സമർപ്പിക്കുക. പരാതി സമർപ്പിക്കാനുള്ള സമയം നീട്ടും ഇതിനായാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്. അവ്യക്തമായ മാപ്പ് സാധാരണക്കാരന് മനസ്സിലാക്കാൻ പഞ്ചായത്തുകളുടെ സഹകരണം തേടും. റിപ്പോർട്ട് നൽകാൻ സമയപരിധി നീട്ടണമെന്ന് കോടതിയോട് അപേക്ഷിക്കും. റവന്യു വകുപ്പിന്റെ സഹായം രേഖാമൂലം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്' ശശീന്ദ്രൻ പറഞ്ഞു.

'ഇത് കേന്ദ്രത്തിന് സമർപ്പിക്കാൻ പറ്റിയ റിപ്പോർട്ടല്ലെന്ന് വ്യക്തമായതാണ്. ബഫർ സോണായി പ്രഖ്യാപിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം. ജനവാസ മേഖലയാണെന്ന് കോടതിയെ ബോധിപ്പിക്കാനാണ് ശ്രമം നടത്തുന്നത് മംഗളവനത്തിന് 10 മീറ്റർ മാത്രം അകലത്തിലാണ് ഹൈക്കോടതി ഉൾപ്പെടെയുള്ളത്. കേരളത്തിലെ അവസ്ഥ ഇങ്ങനെയാണെന്ന് ബോധ്യപ്പെടുത്തും. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഏജൻസിയെ വെച്ച് ഉപഗ്രഹമാപ്പിങ് നടത്തിയത്. വിമർശിക്കാൻ വേണ്ടി ഒരു വിമർശനം നടത്തുകയാണ്. ഇതിൽ യുക്തിയുണ്ടെന്ന് തോന്നുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള സമരത്തിൽ നിന്ന് എല്ലാവരും പിന്മാറണം. പരിശോധന നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരല്ല. എന്നിട്ടും വനംവകുപ്പാണ് ഇത് ചെയ്തത് എന്ന് പ്രചരിപ്പിക്കുന്നു' ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം ബഫർ സോണിൽ ഉപഗ്രഹ സർവേ നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഉപഗ്രഹ സർവേ അവ്യക്തമാണ്. നേരിട്ടുള്ള സർവേ ഉടൻ നടത്തണം. സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും ബഫർ സോൺ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ സംശയം തീർക്കാൻ സംസ്ഥാന സർക്കാറിനായില്ല. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കി. വ്യക്തതയില്ലാത്ത ഉത്തരവാണ് സംസ്ഥാന സർക്കാർ ഇറക്കിയത്.

പ്രശ്‌നത്തെ സർക്കാർ ഗൗരവമായി കാണണം. ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. വിഷയത്തിൽ കെ റെയിൽ മോഡൽ സമരം സംഘടിപ്പിക്കുമെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ മനസിലാക്കിയിട്ട് കാര്യമില്ല. വിവാദമായപ്പോഴാണ് പോരായ്മകൾ പഠിക്കുന്നത്. അതുവരെ ഫ്രീസറിൽ വെച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.