- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനം മാറ്റി; ഇന്ന് രാത്രി ഫിൻലാൻഡിലേക്ക് പോകേണ്ടിയിരുന്ന യാത്ര മാറ്റിവെച്ചു; അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ കാണാൻ നാളെ ചെന്നൈക്ക് പോകും; പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് രാത്രി എട്ട് മണിക്ക് ചെന്നൈക്ക് പോകും; സ്പീക്കർ എ എൻ ഷംസീറും ചെന്നൈക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം മാറ്റിവെച്ചു. ചികിത്സയിൽ കഴിയുന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക് പോകുന്നുണ്ട്. എം.വി ഗോവിന്ദൻ ഇന്ന് രാത്രി എട്ട് മണിയോടെ ചെന്നൈയിലേക്ക് യാത്ര തിരിക്കും. സ്പീക്കർ എ എൻ ഷംസീറും നാളെ ചെന്നൈയിലെ ആശുപത്രിയിലേക്ക് കോടിയേരിയെ സന്ദർശിക്കാനായി പോകുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29നാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിനെ തുടർന്നാണു കോടിയേരിക്കു വിദഗ്ധചികിത്സ നൽകുന്നത്. കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് റിപ്പോർട്ടുകൾ. നേരത്തെയും മുഖ്യമന്ത്രി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചു. ഒക്ടോബർ രണ്ടു മുതൽ നാലു വരെ ഫിൻലൻഡിലും അഞ്ചു മുതൽ ഏഴുവരെ നോർവേയിലും ഒമ്പതു മുതൽ 12 വരെ യു.കെയിലും മുഖ്യമന്ത്രി സന്ദർശനം നടത്താനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.
മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ഫിൻലൻഡ് സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നത്. അവിടത്തെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണു ലക്ഷ്യമിട്ടത്. പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും ഐടി കമ്പനികളും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകൾ സംബന്ധിച്ച ചർച്ചകളുമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോർവേ സന്ദർശനത്തിന്റെ ലക്ഷ്യം. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവർ അവിടെ ഒപ്പം ചേരാനിരന്നതാണ്.
തുടർന്ന് ബ്രിട്ടൻ സന്ദർശിക്കും. വെയ്ൽസിലെ ആരോഗ്യ മേഖലയെക്കുറിച്ചു ചർച്ച നടത്തും. മന്ത്രി വീണാ ജോർജും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു യുകെയിലെ സർവകലാശാലകൾ സന്ദർശിച്ചു ധാരണാപത്രം ഒപ്പുവയ്ക്കും. കേരള ഡിജിറ്റൽ സർവകലാശാലാ പ്രതിനിധികളും സംഘത്തിൽ ഉണ്ടാകും. പ്രാദേശിക വ്യവസായികൾ പങ്കെടുക്കുന്ന നിക്ഷേപ സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നുണ്ടായിരുന്നു.
നേരത്തെ പാർട്ടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികിൽസയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് കൊണ്ടുപോയത്. അനാരോഗ്യം മൂലം കോടിയേരി സ്ഥാനം ഒഴിഞ്ഞതോടെയാണ് കോടിയേരിക്ക് പകരം എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയായത്.
മറുനാടന്‍ മലയാളി ബ്യൂറോ