തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോകുന്നത് എന്നതാണ് വാദം. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങി, പെൻഷൻ കൊടുക്കാൻ വേണ്ടി കടമെടുപ്പു തുടരുന്നു. ഇങ്ങനെ പലവിധത്തിലാണ് പ്രതിസന്ധിയെന്നാണ് ധനമന്ത്രി അടക്കമുള്ളവർ പറയുന്നത്. എന്നാൽ, സർക്കാർ സ്വന്തം കാര്യത്തിൽ ഇപ്പോഴും ധൂർത്ത് തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണത്തിന്റെ പേരിൽ വീണ്ടും കോടികൾ ധൂർത്തടിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും കോൺഫറൻസ് ഹാളും 2.11 കോടി രൂപ ചെലവഴിച്ചു നവീകരിക്കുകയാണ്. ജനങ്ങൾക്ക് മേൽ പലവിധത്തിലുള്ള നികുതിഭാരം അടിച്ചേൽപ്പിച്ചതിന് ശേഷമാണ് സർക്കാർ ധൂർത്തിന് മറ്റു വഴികൾ തേടുന്നത്. നവീകരണത്തിന് അനുമതി നൽകി പൊതു ഭരണ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫിസും ചേംബറും 60.46 ലക്ഷം മുടക്കിയാണു നവീകരിക്കുന്നത്. ഇന്റീരിയർ ജോലികൾക്കു 12.18 ലക്ഷവും ഫർണിച്ചറിന് 17.42 ലക്ഷവും അനുവദിച്ചു. പിണറായി വിജയന്റെ നെയിം ബോർഡ്, എംബ്ലം, ഫ്‌ളാഗ് പോൾസ് എന്നിവ തയാറാക്കുന്നതിന് മാത്രം 1.56 ലക്ഷം രൂപയാണു ചെലവ് വരുമെന്നാണ് എസ്റ്റിമേറ്റ്. ശുചിമുറിക്കും റെസ്റ്റ് റൂമിനും 1.72 ലക്ഷവും പ്രത്യേക ഡിസൈനിൽ ഉള്ള ഫ്‌ളഷ് ഡോറിന് 1.85 ലക്ഷവും ചെലവഴിക്കും. സോഫ ലോഞ്ച് 92,920 രൂപ, ഇലക്ട്രിക്കൽ ജോലി 4.70 ലക്ഷം, എസി 11.55 ലക്ഷം, അഗ്‌നിശമന സംവിധാനം 1.26 ലക്ഷം എന്നിങ്ങനെയാണ് ആകെ 60.46 ലക്ഷം കണക്കാക്കിയത്.

സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും. പൊതുമരാമത്ത് വകുപ്പാണ് നവീകരണപ്രവർത്തികൾ നടത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 5000 കോടിയുടെ അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവച്ചിട്ടാണ് ആഡംബരത്തിന് കോടികൾ ധൂർത്തടിക്കുന്നതെന്നാണ് പ്രതിപക്ഷ ആക്ഷേപം. മുഖ്യമന്ത്രിയുടെ സുരക്ഷ, വാഹനങ്ങൾ, ക്ലിഫ് ഹൗസ് നവീകരണം തുടങ്ങിയവയ്ക്ക് ഇതിനകം തന്നെ കോടികളാണ് ചെലവിട്ടത്.

മൂന്ന് വർഷം മുമ്പും മുഖ്യമന്ത്രിയുടെ ഓഫീസിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. അതിന് ശേഷം ഇടയ്ക്കിടെ നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. അതിന്റെ കാരണത്തിലാണ് എല്ലാവർക്കും സംശയമുള്ളത്. നേരത്തെ അബുദാബിയിൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കുന്നതടക്കമുള്ള യുഎഇ സന്ദർശന യാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിച്ചു. ഇൻവെസ്റ്റ്മെന്റ് മീറ്റിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം അനുമതി നിഷേധിച്ചതോടെയാണ് യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. ഈ പരിപാടിിയ്‌ല# പങ്കെടുക്കാൻ വേണ്ടി ഒന്നര കോടിയോളം രൂപ സർ്ക്കാർ മുടങ്ങിയിരുന്നു. കേന്ദ്രം അനുമതി റദ്ദാക്കിയതോടെ ഈ തുകയും വെള്ളത്തിൽ വരച്ചതുപോലായി.

അതേസമയം സംസ്ഥാനത്ത് മന്ത്രിമാർക്ക് താമസിക്കാൻ മന്ദിരങ്ങൾ കുറഞ്ഞ പശ്ചാത്തലത്തിൽ പുതിയ മന്ത്രി മന്ദിരത്തിന്റെ പണി അടക്കം നടക്കുന്നുണ്ട്. വാടക വീടിന്റെ കനത്ത ചെലവുകൾ ഒഴിവാക്കാൻ തലസ്ഥാനത്ത് ഒരു മന്ത്രിമന്ദിരം കൂടി പണിയാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വസതിയായ റോസ് ഹൗസ് വളപ്പിൽ പുതിയ മന്ത്രിമന്ദിരത്തിന്റെ നിർമ്മാണം നടന്നു വരുന്നുണ്ട്.

മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരുണ്ടെങ്കിലും ഔദ്യോഗിക വസതികൾ ഇരുപതേയുള്ളൂ. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് വളപ്പിൽ ഏഴ് മന്ത്രി മന്ദിരങ്ങളുണ്ട്. പ്രശാന്ത്, പെരിയാർ, പൗർണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെൻ ഡെൻ എന്നിവയാണത്. കാവേരി, ഗംഗ, നിള, ഗ്രെയ്‌സ് എന്നിങ്ങനെ പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസ് വളപ്പിലുള്ളത് നാല് മന്ത്രി മന്ദിരങ്ങളാണ്. രാജ്ഭവനു സമീപം മന്മോഹൻ ബംഗ്ലാവും അജന്തയും കവടിയാർ ഹൗസുമുണ്ട്. നന്ദൻ കോട് രണ്ടും വഴുതക്കാട് മുന്നും മന്ത്രിമന്ദിരങ്ങളുണ്ട്.