- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൂടുതൽ വർത്തമാനം പറയാതെ വണ്ടിയെടുത്തുകൊണ്ട് പോ' എന്ന് ആക്രോശം; കുഞ്ഞ് പനിച്ചുകിടക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ നീ കൂടുതൽ ജാഡയൊന്നും എടുക്കേണ്ട എന്ന് എസ്ഐ; മുഖ്യന് സുരക്ഷ ഒരുക്കാൻ, കാലടിയിൽ മരുന്നു വാങ്ങാൻ വന്ന കുടുംബത്തെ ഭീഷണിപ്പെടുത്തി പൊലീസ്
കൊച്ചി: മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തെ ഭയന്ന് പലയിടത്തും പൊലീസിന്റെ അമിത നിയന്ത്രണവും, അമിതാധികാരപ്രയോഗവും. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് മരുന്ന് വാങ്ങാൻ പോലും പൊലീസ് സമ്മതിക്കുന്നില്ലെന്നാണ് പരാതി. അങ്കമാലി കാലടി മറ്റൂരിലാണ് സംഭവം. കോട്ടയം സ്വദേശി ശരത്തിനാണ് ദുരനുഭവം ഉണ്ടായത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുവരുന്നതിനാൽ കാർ പാർക്ക് ചെയ്യരുതെന്ന് കുടുംബത്തെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തിൽ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് സംഭവം. നാലുവയസുള്ള കുഞ്ഞിന് കടുത്ത പനിയായിരുന്നു. മരുന്നു വാങ്ങാൻ മെഡിക്കൽ ഷോപ്പിന് മുന്നിൽ കാർ നിർത്തിയപ്പോൾ എസ്ഐ ഓടി എത്തി വണ്ടി ഇവിടെ പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. കാർ മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് മരുന്ന് വാങ്ങാൻ വന്നു. എന്നാൽ, മരുന്നു വാങ്ങി മടങ്ങുമ്പോൾ പ്രകോപനം ഒന്നുമില്ലാതെ എസ്ഐ വീണ്ടും തട്ടിക്കയറി. 'കൂടുതൽ വർത്തമാനം പറയാതെ വണ്ടിയെടുത്തുകൊണ്ട് പോ' എന്ന് പൊലീസുകാരൻ ആക്രോശിച്ചു. കുഞ്ഞ് പനിച്ചുകിടക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ നീ കൂടുതൽ ജാഡയൊന്നും എടുക്കേണ്ട എന്നായിരുന്നു എസ്ഐയുടെ മറുപടി.
ഇത് കടയുടമ ചോദ്യം ചെയ്തതോടെ കട പൂട്ടിക്കുമെന്നായി എസ്‌ഐ. എന്നാൽ ധൈര്യമുണ്ടെങ്കിൽ അടപ്പിക്ക് എന്ന് കടയുടമയും തിരിച്ചടിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഞായറാഴ്ച കട അവധിയായതിനാൽ പല മെഡിക്കൽ ഷോപ്പുകളും തുറന്നിരുന്നില്ല. ഏറെ അന്വേഷിച്ച ശേഷമാണ് കാലടിയിയിലെ സ്റ്റോറിലെത്തിയത്. എല്ലാവരും കൈയിൽ കരിങ്കൊടിയുമായി നടക്കുന്നവരാണെന്ന തരത്തിലുള്ള പൊലീസ് പെരുമാറ്റം വിഷമമുണ്ടാക്കിയതായും കുടുംബം പ്രതികരിച്ചു. മുഖ്യമന്തിക്കും, പൊലീസ് ഉന്നതർക്കും കുടുംബം പരാതി നൽകി.
അതേസമയം, കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാൻ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളെ സുഖിപ്പിക്കാൻ മൈക്കിനു മുന്നിൽ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്കു തെരുവിലിറങ്ങാൻ പൊലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുന്നു. നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ