- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് മുന്നിൽ നഗ്‌നതാപ്രദർശനം; പരാതി വന്നതോടെ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാൻ സിപിഎം; ഏരിയ കമ്മിറ്റി അംഗത്തിന് എതിരായ പരാതി സ്ഥിരീകരിക്കൻ ഒന്നിച്ചിരുന്ന് സ്ത്രീകളുടെ നഗ്നവീഡിയോ കണ്ട് നേതാക്കൾ; ആലപ്പുഴയിൽ സിപിഎമ്മിനെ വിടാതെ വിവാദങ്ങൾ
ആലപ്പുഴ: ആലപ്പുഴയിലെ സിപിഎമ്മിനെ തുടർച്ചയായി വിവാദങ്ങൾ പിടികൂടുകയാണ്. ലഹരി കടത്ത്, അശ്ലീല വീഡിയോ വിവാദങ്ങൾക്ക് പിന്നാലെ, നഗ്നതാ പ്രദർശന കേസും പാർട്ടിക്ക് തലവേദനയായി. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് മുന്നിൽ നഗ്‌നതാപ്രദർശനം നടത്തി എന്നാണ് പരാതി. സംഭവം വിവാദമായതോടെ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാർട്ടി നടപടി.
കൊമ്മാടി ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയ്ക്കു നേരെ നഗ്‌നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. രണ്ടാഴ്ച മുൻപാണ് നഗ്‌നതാ പ്രദർശനം നടത്തിയെന്ന് ആരോപിച്ച് പ്രകാശനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചത്. ലോക്കൽ കമ്മിറ്റിയംഗം ലോക്കൽ കമ്മിറ്റിക്കും ഏരിയാ കമ്മിറ്റിക്കുമാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവർ കുടുംബക്കാർ ആണെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് ഇത്തരത്തിൽ ഒരു പ്രശ്‌നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. നഗ്‌നദൃശ്യവിവാദത്തിൽ നേരത്തെ സിപിഎം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാർട്ടി നടപടി. പാർട്ടിയിലെ സഹപ്രവർത്തകരുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്‌ക്കെതിരെ നടപടി.
അതേസമയം, എ പി സോണയ്ക്ക് എതിരായ ആരോപണം സ്ഥിരീകരിക്കാൻ കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന വിഡിയോ പരിശോധന മറ്റൊരു വിവാദമായി. സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളുടെ വീഡിയോ സിപിഎം നേതാക്കൾ ഒന്നിച്ചിരുന്നു കണ്ടത് മര്യാദകേടല്ലേ എന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം.
പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകൾ ഉൾപ്പെട്ട ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്. പ്രശ്‌നം അന്വേഷിച്ച കമ്മിഷൻ ശേഖരിച്ച ദൃശ്യങ്ങളുള്ള പെൻഡ്രൈവ് പാർട്ടി ഓഫിസിലെ സ്റ്റുഡിയോയിൽ കംപ്യൂട്ടറിൽ കണക്റ്റ് ചെയ്തു ദൃശ്യങ്ങൾ കണ്ടെന്നാണ് പാർട്ടിയിൽ നിന്നു തന്നെ ലഭിച്ച വിവരം. തുടർന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെയൊരു വീഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചിലർ ഉന്നയിച്ചപ്പോഴാണ് പെൻഡ്രൈവ് പരിശോധിക്കാമെന്ന നിർദ്ദേശം ഉയർന്നത്.
കരുനാഗപ്പള്ളിയിൽ സിപിഎം. ഏരിയാ കമ്മിറ്റി അംഗം എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് വൻതോതിൽ പുകയില ഉത്പന്നങ്ങൾ പിടിച്ചിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ലഹരിയുമായി പിടിയിലായ പ്രധാന പ്രതി ഇജാസ് ഇഖ്ബാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു
മറുനാടന് മലയാളി ബ്യൂറോ