വിഴിഞ്ഞം: വിഴഞ്ഞം തുറമുഖത്ത് വൻ സംഘർഷം.സമരാനുകൂലികളും സമരത്തെ എതിർക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്.കസേരകളെ എടുത്തു പരസ്പരം ഏറ്റുമുട്ടിയ ഇരുവിഭാഗവും തമ്മിൽ കല്ലേറും നടന്നു.തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി.

അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ സംഘർഷാവസ്ഥയുണ്ടായി.ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാൻ പൊലീസ് ബുദ്ധിമുട്ടി.അതിനിടെ പ്രതിഷേധക്കാരിൽ ചിലർ കല്ലേറും ആരംഭിച്ചു.ഇതോടെ പ്രദേശത്ത് സംഘർഷം രൂക്ഷമായി.പിന്നാലെ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി.സംഘർഷം കനത്തതോടെ പൊലീസിന് നേരെയും ഉന്തുംതള്ളുമുണ്ടായി. സമരക്കാർ പ്രതിഷേധം കടുപ്പിച്ചതോടെ പ്രദേശത്തേക്ക് വന്ന ലോറികൾ എല്ലാം തന്നെ പ്രദേശത്ത് നിന്നും തിരിച്ചുവിട്ടു.

വൈദികരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തുന്നത്. ഒരു കാരണവശാലും തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്നും, എന്തുവില കൊടുത്തും തടയുമെന്നാണ് സമരക്കാരുടെ നിലപാട്. സ്ത്രീകളുൾപ്പടെയുള്ളവർ റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.സംഘർഷമുണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയോടൊണ് പൊലീസ് പ്രവർത്തിക്കുന്നത്.കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാനുള്ള സാദ്ധ്യത നിലനിൽക്കുകയാണ്.

പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമ്മാണ പ്രവർത്തനം തടസപ്പെട്ടതായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകി. ഇതിനെത്തുടർന്നാണ് പദ്ധതി പുനരാരംഭിക്കാൻ ഇന്ന് നിർമ്മാണ സാമഗ്രികളുമായി ലോറികൾ വിഴിഞ്ഞത്തേക്ക് എത്തിയത്.ഇത് കാണിച്ച് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാറിനും കത്ത് നൽകിയിരുന്നു.

അതേസമയം വിഴിഞ്ഞം സമരസമിതിക്കുള്ളിലെ ഭിന്നിപ്പിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ലത്തീൻ അതിരൂപത അധികൃതരുമായി ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന ഒത്തുതീർപ്പ് ചർച്ച നടന്നില്ല. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസും ആർച്ച്ബിഷപ്പ് തോമസ് ജെ.നെറ്റോയും തമ്മിൽ അനൗദ്യോഗിക ചർച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സമരം അവസാനിപ്പിക്കാമെന്നായിരുന്നു ധാരണ.വെള്ളിയാഴ്ച ഔദ്യോഗിക ചർച്ച നടത്താനുള്ള സമയമടക്കം നിശ്ചയിച്ചാണ് അനൗദ്യോഗിക ചർച്ച അവസാനിപ്പിച്ചത്.

രാവിലെ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വൈകിട്ട് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും ആർച്ച് ബിഷപ്പുമായി ഔദ്യോഗിക ചർച്ച നടത്തി സമരം അവസാനിച്ചതായുള്ള സംയുക്ത പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം. രാവിലെ പത്ത് മണിക്കുള്ള ചർച്ചയ്ക്കായി ചീഫ്സെക്രട്ടറി വി.പി.ജോയി 9.45ന് സെക്രട്ടേറിയറ്റിലെത്തിയിരുന്നു. ഒരു മണിക്കൂറിലേറെ ചേംബറിൽ കാത്തിരുന്നിട്ടും സമരസമിതി നേതാക്കളെത്തിയില്ല. രൂപത അധികൃതർ വൈകിട്ട് ക്ലിഫ് ഹൗസിലെത്തുമെന്ന വിവരത്തെ തുടർന്ന് മുഖ്യമന്ത്രിയും ഇവരെ കാത്തിരുന്നെങ്കിലും സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയിൽ ഭിന്നതയുണ്ടെന്നായിരുന്നു അതിരൂപത അധികൃതർ അറിയിച്ചത്.

കരിങ്കല്ല് എത്തിയില്ലഇന്നലെ പദ്ധതിപ്രദേശത്ത് കരിങ്കല്ല് എത്തിക്കാനായിരുന്നു അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന്റെ തീരുമാനമെങ്കിലും സമരസമിതി പന്തൽ നീക്കാത്തതിനാൽ ലോഡ് നീക്കം നടന്നില്ല. സമരക്കാരുമായി നേരിട്ട് ഏറ്റുമുട്ടാൻ തുറമുഖ നിർമ്മാണ കമ്പനി തയ്യാറല്ല. കാത്തുനിൽക്കാനാണ് തീരുമാനമെന്നാണ് അധികൃതർ പറയുന്നത്. ചരക്ക് നീക്കം നടക്കുമെന്ന് പ്രതീക്ഷിച്ച് ഇന്നലെ സമരസമിതി പന്തലിൽ കൂടുതൽ സമരക്കാരെത്തി.'മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളത്. പദ്ധതിയെ അട്ടിമറിക്കാനുള്ള കുത്സിത ശ്രമങ്ങളെ അതിജീവിക്കുമെന്ന് വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സമരത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗൗതം അദാനി കമ്പനി. പൊലീസ് സംരക്ഷണം നൽകാനുള്ള കോടതി ഉത്തരവിന് സർക്കാർ പുല്ലുവിലയാണ് നൽകുന്നത് എന്ന് അദാനി വിമർശിച്ചു. ഇപ്പോഴും നിർമ്മാണത്തിന് തടസ്സം നിൽക്കുകയാണ്. രണ്ടര മാസം ആയിട്ടും ഒരു മാറ്റവും ഇല്ലെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ പറഞ്ഞു.4

സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ബന്ധനസ്ഥരാക്കി വിലപേശാൻ കഴിയില്ലെന്ന് സമരക്കാരോട് കോടതി വ്യക്തമാക്കി. അത്തരം മാർഗ തടസ്സം അനുവദിക്കാൻ ആവില്ല. രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും കോടതി നിലപാടെടുത്തു. ചർച്ച തുടരുകയാണെന്നു സമരക്കാർ പറഞ്ഞു. ചർച്ച നല്ലതാണെന്നും എന്നാൽ ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സമരപ്പന്തൽ സമരക്കാർ മാറ്റിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സമരപ്പന്തൽ പൊളിക്കാനും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ഒരുക്കാനും കോടതി സർക്കാരിന് വീണ്ടും നിർദ്ദേശം നൽകി. ഇത് രണ്ടും ചെയ്ത് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു. കേന്ദ്ര സേന ആവശ്യമെങ്കിൽ 2017 ലെ ഓഫീസ് മെമോറാണ്ടം അനുസരിച്ച് അപേക്ഷ നൽകണമെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കി.ഹർജി അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.