ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണി കനത്ത ഇടിവിൽ. ലിസ്റ്റ് ചെയ്ത ഒമ്പത് ഓഹരികൾ ആദ്യ വ്യാപാരത്തിന് ശേഷം വീണ്ടും സമ്മർദ്ദത്തിലായി. അദാനി ഗ്രൂപ്പിന് ഏകദേശം 2 ലക്ഷം കോടി രൂപ വിപണി മൂലധനം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

വിപണിയിൽ കനത്ത ഇടിവിന്റെ രണ്ടാം ദിനം. സെൻസെക്സിന് ആയിരത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 17,550 നിലവാരത്തിലുമെത്തി. ഹിൻഡെൻബർഗിന്റെ ആരോപണത്തെ തുടർന്ന് അദാനി ഓഹരികൾ രണ്ടാം ദിവസവും സമ്മർദത്തിലായിരുന്നു.

അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെ ഓഹരി വില 20ശതമാനത്തോളം ഇടിഞ്ഞു. രണ്ടു വ്യാപാര ദിനങ്ങളിലായി അദാനി ഓഹരികളുടെ വിപണിമൂല്യത്തിൽ 3.65 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഉയർന്ന മൂല്യത്തിൽ തുടരുന്നതിനാൽ അദാനി ഓഹരികളിൽ ഇനിയും ഇടിവുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.

20,000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട് അദാനി എന്റർപ്രൈസസിന്റെ എഫ്പിഒയ്ക്ക് തുടക്കമായെങ്കിലും 5 ശതമാനം ഇടിവോടെയാണ് ഓഹരിയിൽ വ്യാപാരം നടക്കുന്നത്. 3,112-3,276 നിലവാരത്തിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 31നാണ് ഇഷ്യു അവസാനിക്കുക.

ഓട്ടോ കമ്പനികളിൽനിന്ന് മികച്ച പ്രവർത്തനഫലം പുറത്തുവരുന്നതിനാൽ ഈ മേഖലയിലെ ഓഹരികളിൽ ഉണർവുണ്ടായിട്ടുണ്ട്. അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എസ്‌ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, സ്വകാര്യ ബാങ്ക് സൂചികകളാണ് പ്രധാനമായും നഷ്ടത്തിൽ. ഓട്ടോ സൂചികയിൽ രണ്ടുശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ഫാർമ, റിയാൽറ്റി, മീഡിയ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

അതേ സമയം ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ റിസർവ് ബാങ്കും (ആർബിഐ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നിയമവിരുദ്ധ നടപടികളോട് കേന്ദ്രസർക്കാർ കണ്ണടയ്ക്കുന്നുവെന്നും ഇതുകൊടുക്കൽ വാങ്ങലിന്റെ ഭാഗമോയെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് ചോദിച്ചു.

ആരോപണങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതാണ്. ഇത്തരം റിപ്പോർട്ടുകൾക്കെതിരെ നരേന്ദ്ര മോദി സർക്കാർ സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണ്. ആഗോളവൽക്കരണ കാലഘട്ടത്തിൽ കോർപറേറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളുടെ റിപ്പോർട്ടുകളെ അടിസ്ഥാനരഹിതമെന്നു പറഞ്ഞ് തള്ളിക്കളയുന്നത് എങ്ങനെയെന്നും അദ്ദേഹം ആരാഞ്ഞു.

''ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഉത്തരവാദികളായവരെക്കുറിച്ചുള്ള ആരോപണത്തിൽ ആർബിഐയുടെയും സെബിയുടെയും അന്വേഷണം ആവശ്യമാണ്. അദാനി ഗ്രൂപ്പും നിലവിലെ സർക്കാരും തമ്മിലുള്ള അടുത്ത ബന്ധം ഞങ്ങൾ പൂർണമായി മനസ്സിലാക്കുന്നു. പൊതുതാൽപ്പര്യം കണക്കിലെടുത്ത് ആരോപണങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെടേണ്ടത് പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ കടമയാണ്'' അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

റിപ്പോർട്ട് പുറത്തുവിട്ട് 36 മണിക്കൂർ കഴിഞ്ഞിട്ടും അതിൽ ഉന്നയിച്ച കാര്യമായ ഒരു പ്രശ്‌നവും അദാനി അഭിസംബോധന ചെയ്തിട്ടില്ലെന്ന് യുഎസിലെ ഗവേഷണ ഹിൻഡൻബർഗ് പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച് ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ്.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. ഇന്ത്യയിലെ എക്കാലത്തെയും വലിയ എഫ്പിഒ ആണ് അദാനി ഗ്രൂപ്പ് നടത്താൻ പോകുന്നത്. വരാനിരിക്കുന്ന ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിനെ തകർക്കുക എന്നതാണ് ഈ റിപ്പോർട്ടിന് പിറകിലെ പ്രധാന ലക്ഷ്യം എന്ന് കമ്പനി ആരോപിക്കുന്നു.

ഉയർന്ന മൂല്യത്തിൽ തുടരുന്ന രാജ്യത്തെ വിപണിയിൽനിന്ന് വിദേശ നിക്ഷേപം പുറത്തേയ്ക്കൊഴുകുന്നത് തുടരുകയാണ്. താരതമ്യേന കുറഞ്ഞ നിലവാരത്തിലുള്ള വിപണികളിലാണ് നിക്ഷേപക ശ്രദ്ധയെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ വിലയിരുത്തുന്നു.

വിദേശ സ്ഥാപനങ്ങൾക്ക് 1.61 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ധനാകാര്യം, ഐടി, ഉപഭോക്തൃ സേവനം, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, ഓട്ടോ തുടങ്ങിയ സെക്ടറുകളാണ് സമ്മർദത്തിൽ.