ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി കോൺഗ്രസ്. വിധിക്കെതിരെ അപ്പീൽ നൽകും. നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. അതേ സമയം രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി. പരാതി ലഭിച്ചതോടെ സ്പീക്കർ നിയമോപദേശം തേടിയിട്ടുണ്ട്.

സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്താലാണ് പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ അയോഗ്യനായതായി പരാതിയിൽ പറയുന്നു. മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവുശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ചത്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2019ലെ ലോക്‌സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെതിരെ ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്.

അതേ സമയം തെറ്റൊന്നും ചെയ്യാത്തതിനാൽ മാപ്പു പറയേണ്ട കാര്യമില്ലെന്നും ജയിലിൽ പോകാൻ തയാറാണെന്നുമായിരുന്നു പാർട്ടി നേതൃത്വത്തോടുള്ള രാഹുലിന്റെ ആദ്യ പ്രതികരണം. വിധിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്. അയോഗ്യത ഒഴിവാക്കാൻ കോടതി വിധി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്നതിനാൽ, മേൽക്കോടതിയിൽനിന്ന് എത്രയും വേഗം അനുകൂല വിധി നേടുകയാണ് ആദ്യ ലക്ഷ്യം. രാഹുൽ പാർലമെന്റിൽ സംസാരിക്കുന്നതിനെ ഭയക്കുന്ന ബിജെപി അതു തടയാൻ നീങ്ങുന്നുവെന്ന വാദം കോൺഗ്രസ് രാഷ്ട്രീയമായി ഉന്നയിക്കും.

വിധി പറയുന്നതിനു മുന്നോടിയായി അതിനെ നേരിടാനുള്ള മാർഗങ്ങൾ സംബന്ധിച്ചു പാർട്ടിയിലെ അഭിഭാഷകരായ പി.ചിദംബരം, അഭിഷേക് മനു സിങ്‌വി എന്നിവരുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കാനായിരുന്നു കോൺഗ്രസിന്റെ പദ്ധതി. എന്നാൽ, അതിവേഗം വിധി വന്നതു പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. വൈകിട്ട് ഡൽഹിയിൽ തിരിച്ചെത്തിയ രാഹുലിനെ സോണിയ ഗാന്ധി വസതിയിൽ സന്ദർശിച്ചു. മുതിർന്ന പാർട്ടി എംപിമാരുമായി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ രാത്രി കൂടിക്കാഴ്ച നടത്തി.

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ കുറ്റക്കാരനായി പ്രഖ്യാപിക്കുമെന്നു കോൺഗ്രസ് കരുതിയിരുന്നെങ്കിലും തൊട്ടുപിന്നാലെ ശിക്ഷാവിധി വരുമെന്നു കരുതിയിരുന്നില്ല. കുറ്റക്കാരനായി പ്രഖ്യാപിച്ച ശേഷം ശിക്ഷ മറ്റൊരു ദിവസം പ്രഖ്യാപിക്കുന്ന പതിവ് ഇവിടെയും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. കുറ്റക്കാരനായി പ്രഖ്യാപിക്കുമ്പോൾ കോടതിക്കു പുറത്തു പാർട്ടിയുടെ കരുത്തറിയിക്കാൻ പരമാവധി പ്രവർത്തകരോടു സൂറത്തിലെത്താൻ പാർട്ടി നിർദേശിച്ചിരുന്നു. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനൊപ്പം ഇന്നലെ രാവിലെയാണു രാഹുൽ സൂറത്തിലെത്തിയത്.

ലണ്ടനിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ കേന്ദ്രമന്ത്രിമാരടക്കം ഉന്നയിച്ച ആരോപണത്തിനു ലോക്‌സഭയിൽ മറുപടി നൽകാൻ അവസരം നൽകണമെന്നു രാഹുൽ കഴിഞ്ഞ ദിവസങ്ങളിൽ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. രാഹുൽ മറുപടി നൽകുന്നതിനെ അനുകൂലിക്കാതിരുന്ന ഭരണപക്ഷം, ഇപ്പോൾ അദ്ദേഹം പാർലമെന്റിൽനിന്നു തന്നെ ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രീയനേട്ടം കാണുന്നു. മറുവശത്ത്, മുന്നണിപ്പോരാളിയെ നഷ്ടമാകുന്ന സാഹചര്യം ഏതുവിധേനയും തടയാനുള്ള തീവ്രശ്രമത്തിലാണു കോൺഗ്രസ്. രാഹുലിന് എതിരെയുണ്ടായ കേസ് കോൺഗ്രസ് വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, പോരാളിയെന്ന രാഹുലിന്റെ പ്രതിഛായയ്ക്ക് കോടതിവിധി സഹായകമാകുമെന്നു വാദിക്കുന്നവരുമുണ്ട്.

'ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളിൽ എന്തുകൊണ്ടാണ് മോദിയുള്ളത് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി..' എന്ന രാഹുലിന്റെ പരാമർശമാണ് അപകീർത്തിക്കേസിന് ഇടയാക്കിയത്. അത് മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. വിചാരണക്കിടെ രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ അവസാനമായി ഹാജരായത്. വിധിക്ക് പിന്നാലെ 10,000 രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഭയം മൂലം രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അവർ ട്വീറ്റ് ചെയ്തു.

എന്നാൽ കളവും അപകീർത്തിപ്പെടുത്തലും രാഹുൽ ഗാന്ധി പതിവായി ചെയ്യുന്ന കാര്യമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ആരോപിച്ചത്. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നഡ്ഡ പ്രസ്താവനയിൽ പറഞ്ഞു.

'രാഹുൽ ഗാന്ധിയുടെ പുതിയ പ്രസ്താവനകളിൽ ആശ്ചര്യമില്ല. രാഷ്ട്രീയ വാഗ്വാദത്തത്തെ തരംതാഴ്‌ത്തുന്ന നിലപാടായിരുന്നു മുൻകാലങ്ങളിൽ അദ്ദേഹം സ്വീകരിച്ചത്. വ്യക്തി അധിക്ഷേപം നടത്തുന്നയാളാണ് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോൾ 2019 ൽ അദ്ദേഹം റാഫേൽ ഇടപാടിൽ ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചു. കോടതിയിൽ ഈ വാദങ്ങൾ വിലപ്പോയില്ല. കേസിൽ സുപ്രീം കോടതി രാഹുൽ ഗാന്ധിയുടെ അഴിമതി ആരോപണങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.

ചൗകിദാർ ചോർ ഹേ എന്ന അദ്ദേഹത്തിന്റെ പ്രസ്താവനകളും സുപ്രീം കോടതിയിൽ വിമർശിക്കപ്പെട്ടു. അദ്ദേഹം ക്ഷമാപണം നടത്തി. 2019 ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം ഇത് പറഞ്ഞ് അധിക്ഷേപിച്ചു. സ്വന്തം സീറ്റിൽ അദ്ദേഹവും രാജ്യത്തെമ്പാടും അദ്ദേഹത്തിന്റെ പാർട്ടിയും തോൽക്കുന്നത് നമ്മൾ കണ്ടു.

ഇപ്പോൾ രാഹുൽ ഗാന്ധി മുഴുവൻ ഒബിസി വിഭാഗത്തെയും കള്ളന്മാരാക്കിയിരിക്കുകയാണ്. കോടതിയിൽ ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറാകാത്തതുകൊണ്ടാണ് തടവ് ശിക്ഷ ലഭിച്ചത്. അദ്ദേഹത്തിന്റെ ഒബിസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാകും. 2019 ൽ അദ്ദേഹത്തിന് ജനം മാപ്പ് നൽകിയില്ല. 2024 ൽ ശിക്ഷ കൂടുതൽ കനത്തതാവും,'- ജെപി നദ്ദ പ്രസ്താവനയിൽ പറഞ്ഞു.