- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിക ജാതിക്കാരിയായ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച സജി ചെറിയാനെതിരെ നടപടിയെടുക്കാൻ മുറവിളി; മറുനാടൻ പുറത്തു കൊണ്ടു വന്ന വാർത്ത ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ; വാവിട്ട വാക്ക് സജി ചെറിയാനെ വീണ്ടും കോടതി കയറ്റുമോ?
കൊച്ചി: പാണ്ടനാട് ചാമ്പ്യൻസ് ബോട്ടലീഗിനിടെ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ പറിഞ്ഞ പെണ്ണുമ്പിള്ളയെന്ന് വിളിച്ച മുൻ മന്ത്രി സജി ചെറിയാനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത് വന്നു. മറുനാടൻ മലയാളിയാണ് ഈ വാർത്ത പുറത്തു കൊണ്ടു വന്നത്. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പട്ടികജാതി വനിതയായ ചെറിയനാട് പഞ്ചായത്തു പ്രസിഡന്റിനെ പരസ്യമായി ആക്ഷേപിച്ചിട്ടും സിപിഎം നേതൃത്വം ഒരു നടപടിയുമെടുക്കാൻ തയാറാവാത്തത് പ്രതിഷേധാർഹമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഇതാണോ സിപിഎമ്മിന്റെ ദളിത് ശാക്തീകരണമെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും മൗനം വെടിയണം. വളരെ മോശമായ രീതിയിലാണ് സജി ചെറിയാൻ പട്ടികജാതി വനിതയെ അധിക്ഷേപിച്ചത്. അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ല. പട്ടികജാതി/പട്ടികവർഗക്കാരെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർപ്പെരുമ എന്ന പേരിൽ മന്ത്രി മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന പാണ്ടനാട് ജലോത്സവത്തിനിടെയാണ് വനിതയായ ചെറിയനാണ് പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സംസ്‌കാരമില്ലാത്ത വാക്കുകൾ മുൻ സാംസ്‌കാരിക മന്ത്രിയുടെ വായിൽ നിന്ന് വന്നത്. ഇത് മറുനാടൻ വാർത്തയാക്കിയതോടെ ലൈവ് സംപ്രേഷണം നടത്തിയ ഓൺലൈൻ പോർട്ടൽ വീഡിയോ പ്രൈവറ്റാക്കി. അതിന് ശേഷം സജി ചെറിയാന്റെ പരാമർശങ്ങൾ എഡിറ്റ് ചെയ്ത് നീക്കിയതിന് ശേഷം വീണ്ടും ഇട്ടിട്ടുണ്ട്.
ജലമേളയ്ക്ക് മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയിൽ ഒന്നാം സമ്മാനം നേടിയത് ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്പോൺസർ ചെയ്ത അരലക്ഷം രൂപയുടെ സമ്മാനം ഏറ്റുവാങ്ങാൻ വേണ്ടി സജി ചെറിയാനാണ് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചത്. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് വേദിയിലേക്ക് കടന്നു വരണമെന്ന് എംഎൽഎ പല തവണ അനൗൺസ് ചെയ്തു. പ്രസിഡന്റ് വരാൻ താമസിച്ചപ്പോഴാണ് സജിയുടെ കോപം മൈക്കിലൂടെ ഒഴുകിയെത്തിയത്. നിങ്ങളിതെന്തോ കാണിക്കുകയാണ്. ഇവരൊരു പറിഞ്ഞ പെണ്ണുമ്പിള്ളയാണ് എന്നായിരുന്നു സജിയുടെ പ്രതികരണം. അടുത്തു നിന്നവർ മാത്രമാണ് ഇത് കേട്ടതെന്ന് കരുതിയെങ്കിൽ തെറ്റി. ലൈവ് പരിപാടി കണ്ടു കൊണ്ടിരുന്നവർ ഇത് കേട്ടു. മാത്രവുമല്ല, ഈ വീഡിയോ ഇപ്പോഴും എഡിറ്റ് ചെയ്യാതെ യു ട്യൂബിലുണ്ട്.
ചെങ്ങന്നൂർപ്പെരുമ എന്ന പേരിൽ സജി ചെറിയാൻ മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടി നാട്ടിലെല്ലാം ചർച്ച വിഷയമാണ്. ശോഭനയുടെയും ആശാ ശരത്തിന്റെയും നൃത്തം, മുണ്ടൻകാവ് സന്തോഷ് തീയറ്ററിന്റെ പുനരാവിഷ്‌കരണം എന്നിങ്ങനെ നിരവധി പരിപാടികൾ ചെങ്ങന്നൂരിന്റെ ഗതകാല സ്മരണകൾ അയവിറക്കാൻ സംഘടിപ്പിച്ചിരുന്നു. പക്ഷേ, എല്ലായിടത്തും സജി ചെറിയാന്റെ വൺമാൻഷോ ആണ് നടന്നത്. ഇത് പൊതുവേ മറ്റു പാർട്ടിക്കാർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയിരുന്നു.
ഭരണഘടനയെ തള്ളിപ്പറഞ്ഞു കൊണ്ട് മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ കഴിഞ്ഞ ജൂലൈയിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്. പ്രസംഗത്തിൽ അപാകതയൊന്നുമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി സജിയെ സംരക്ഷിച്ച് വരുന്നതിനിടെയാണ് കൊച്ചിയിൽ നിന്നുള്ള അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മന്ത്രിക്കെതിരേ ഹർജി നൽകിയത്. അടിയന്തിരമായി കേസ് പരിഗണിച്ച കോടതി മന്ത്രിക്കെതിരേ കേസ് എടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ഈ വിവരം മറച്ചു വച്ച് പൊലീസ് മന്ത്രിയെ രാജി വച്ചൊഴിയാൻ സഹായിക്കുകയും ചെയ്തു. വെറുതേ കേസ് എടുത്തതല്ലാതെ സംഭവത്തിൽ ഇതുവരെ അന്വേഷണ പുരോഗതിയൊന്നുമില്ല.
മറുനാടന് മലയാളി ബ്യൂറോ