തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുമ്പോൾ ജാഗ്രത കർശനമാക്കും. പൊതു ഇടങ്ങളിലെ കൂടിചേരലിന് അടക്കം നിയന്ത്രണം വരും. ഇന്നലെ 765 കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കണക്ക് അനുസരിച്ച് രാജ്യത്താകെ ഇന്നലെ റിപ്പോർട്ട് ചെയ്തത് 1606 കേസുകളാണ്. മഹാരാഷ്ട്രയിൽ 696 കേസുകളും. അതായത് കണക്കുളിൽ കേരളമാണ് മുന്നിൽ.

കോവിഡ് പരിശോധനാ നിരക്ക് തീരെ കുറവാണ്. ഈ സാഹചര്യത്തിലാണ് ഇത്രയും കോവിഡ് കേസുകളെന്നതാണ് നിർണ്ണായകം. അതിവേഗം പടരാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ അവലോകനം ശക്തമാക്കും. സംസ്ഥാനത്തുട നീളം ആശുപത്രികളും കോവിഡ് പശ്ചാത്തലത്തിൽ സുസജ്ജമാക്കും. മറ്റ് പകർച്ച വ്യാധികളും ഇതിനിടെ പടരുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ സംവിധാനങ്ങൾ എല്ലാ ആശുപത്രിയിലും ഒരുക്കും.

ആക്ടീവ് കേസുകളിലും കേരളമാണു മുന്നിൽ 3389. വൈറസ് മുക്തരാകുന്നവരുടെ കണക്കിൽ ഇന്നലെ മഹാരാഷ്ട്ര മുന്നിൽ 317 പേർ. കേരളത്തിൽ ഇന്നലെ 166 പേർ വൈറസ് മുക്തരായി. ഒരു മാസത്തിനിടെ 20 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നു മന്ത്രി അറിയിച്ചു. മരിച്ചവരിലേറെയും 60 നുമേൽ പ്രായമുള്ളവരാണ്. നേരത്തേ മരിച്ച 3 പേർക്കു കോവിഡ് ബാധിച്ചിരുന്നെന്നു ഇന്നലെ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 71,617 ആയി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണു കൂടുതൽ കേസുകൾ.

ജനിതകപരിശോധന റിപ്പോർട്ട് അനുസരിച്ചു കേരളത്തിൽ പടരുന്നതു കോവിഡിന്റെ ഓമിക്രോൺ വകഭേദമാണ്. ഇതു മാരകമല്ലെങ്കിലും വ്യാപനശേഷി കൂടുതലാണ്. എല്ലാവരും മാസ്‌ക് ധരിക്കണമെന്നു ഉന്നതതല യോഗം അഭിപ്രായപ്പെട്ടു. അതിനാൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കും. സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രമേഹം, രക്താദിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മാസ്‌ക് കൃത്യമായി ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇവർ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കോവിഡ് കേസുകൾ വർധിക്കുന്നത് മുന്നിൽ കണ്ടുള്ള സർജ് പ്ലാനുകൾ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണം. ആർസിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികൾ എന്നിവർ കോവിഡ് രോഗികൾക്കായി പ്രത്യേകമായി കിടക്കകൾ മാറ്റിവയ്ക്കണം. ആവശ്യകത മുന്നിൽ കണ്ട് പരിശോധനാ കിറ്റുകൾ, സുരക്ഷാ സാമഗ്രികൾ എന്നിവ സജ്ജമാക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദ്ദേശം നൽകി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷൻ വാർഡുകളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകണം. പൂർത്തിയാക്കാനുള്ള ഐസൊലേഷൻ വാർഡുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനും മന്ത്രി നിർദ്ദേശം നൽകി.

സംസ്ഥാനത്ത് ഫെബ്രുവരിയിൽ കേസുകൾ കുറവായിരുന്നു. എന്നാൽ മാർച്ച് മാസത്തോടെയാണ് കേസുകളിൽ നേരിയ വർധനവുണ്ടായത്. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം പാടില്ല.