- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾ നിയന്ത്രിക്കാൻ നിലവിൽ തീരുമാനമില്ല; അവധി കാല യാത്രകളിൽ ജാഗ്രത പുലർത്തണം; മാസ്‌ക് ക്യത്യമായി ധരിക്കണം; മുൻകരുതൽ ഡോസ് എടുക്കാത്തവർ അത് സ്വീകരിക്കണം; പുറത്തുനിന്ന് വരുന്നവരെ നിരീക്ഷിക്കാൻ പരിശോധന കർശനമാക്കും; സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ കോവിഡ് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ചൈനയടക്കമുള്ള രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെയും, രാജ്യത്ത് ബിഎഫ് 7 വകഭേദം കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. മാസ്‌ക് കൃത്യമായി ധരിക്കണം. മുൻകരുതൽ എടുക്കാത്തവർ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പുതിയ വകഭേദങ്ങൾ കണ്ടെത്താൻ ജനിതക ശ്രേണീകരണം നടത്തും. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരത്തിലുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സ തേടണം. പരിശോധന കർശനമാക്കും. നിലവിൽ പരിശോധന കുറവായതിനാലാണ് കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തൽ.
ഇനിയും ഒരു അടച്ചിടലിലേക്ക് പോകാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. എന്നാൽ, കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകില്ല. ക്രിസ്മസും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാൻ നിലവിൽ തീരുമാനമില്ല.
'ആഘോഷദിവസങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിൽ ആളുകൾ വ്യക്തിപരമായ ജാഗ്രതപുലർത്തണം. പുതിയ വകഭേദം കണ്ടെടത്താൻ ജനിതകശ്രേണീകരണം നടത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.', ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അവധികാല യാത്രകളിൽ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക് അനുസരിച്ച് ഇന്നലെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 20 ന് 79 പേർക്കും ഡിസംബർ 19 ന് 36 പേർക്കും ഡിസംബർ 18 ന് 62 പേർക്കും ഡിസംബർ 17 ന് 59 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി, ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.
രോഗം ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ പൊതു നിർദ്ദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ ജാഗ്രത പുലർത്തണം എന്നാണ് നിർദ്ദേശം.
സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഡിസംബറിൽ ഇതുവരെ 1431 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 51 കേസ് റിപ്പോർട്ട് ചെയ്തു. നൂറിനും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന കേസുകൾ. പരിശോധനകൾ കുറവാണെന്നതും പ്രതിദിന കേസുകൾ കുറയാൻ കാരണമാണ്. എന്നാൽ അവധിക്കാലമാകുന്നതോടെ രോഗികളുടെ എണ്ണം കൂടിയേക്കാമെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ