- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസഫൈൻ മരിച്ചിട്ടും പൊതുസമ്മേളനം നടത്തി; പിന്നെ എന്തിന് ടാഗോറിലെ പ്രതിനിധി സമ്മേളനം മാറ്റണം? കോടിയേരിയുടെ വിയോഗ ദുഃഖം കേരളത്തെ വേദനിപ്പിക്കുമ്പോഴും സിപിഐയും സമ്മേളനവുമായി മുമ്പോട്ട്; സെമിനാറും കലാപരിപാടികളും ഇല്ല; കാനത്തിന് എത്രയും വേഗം വീണ്ടും സെക്രട്ടറിയാകണം; ഇടതുപക്ഷത്ത് സിപിഐയെ ഉറപ്പിച്ച സഖാവിന്റെ മരണവും പ്രശ്നമല്ല
തിരുവനന്തപുരം: സിപിഐയുടെ സംസ്ഥാന സമ്മേളനം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ മരണ വാർത്ത എത്തിയത്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ സമുന്നത നേതാവ്. കോൺഗ്രസുകാർ ആയിരുന്നുവെങ്കിൽ പോലും അവരുടെ പാർട്ടി സമ്മേളനം മാറ്റി വയ്ക്കുമായിരുന്നു. പക്ഷേ സിപിഐയ്ക്ക് പറയാനുള്ള മറ്റൊരു കാര്യമാണ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം ജോസഫൈൻ സിപിഎം സമ്മേളന വേദിയിൽ കുഴഞ്ഞു വീണിട്ടും പൊതു സമ്മേളനം പിണറായി വിജയൻ നടത്തി. ആകെ വേണ്ടെന്ന് വച്ചത് ഘോഷയാത്ര മാത്രം. അതുകൊണ്ട് സിപിഐ സമ്മേളനം നടക്കട്ടേ എന്നതാണ് കാനം രാജേന്ദ്രന്റേയും നിലപാട്.
തിരുവനന്തപുരത്തെ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയാവുകയാണ് കാനത്തിന്റെ ലക്ഷ്യം. കോടിയേരിയുടെ മരണം എത്തിയതോടെ സിപിഐ സമ്മേളനത്തിനുള്ള മാധ്യമ ശ്രദ്ധ കുറയും. ഇന്നും നാളെയും എല്ലാ മാധ്യമങ്ങളും കോടിയേരിയുടെ യാത്രാ മൊഴിക്ക് പിന്നാലെയാണ്. അതുകൊണ്ട് തന്നെ കാനത്തിന്റെ എതിരാളികളുടെ ശബ്ദം മാധ്യമങ്ങളിൽ എത്തില്ല. ഇതിനെ ഒരു സുവർണ്ണാവസരമായി കണ്ട് വീണ്ടും സെക്രട്ടറിയാകാനാണ് കാനത്തിന്റെ തീരുമാനം. കലാപരിപാടികളും സെമിനാറുകളും ഒഴിവാക്കും. കോടിയേരിയുടെ മൃതദേഹം നേരെ കണ്ണൂരിലേക്ക് കൊണ്ടു പോകുന്നതും സിപിഐയ്ക്ക് അവസരമായി. അതിവേഗം സമ്മേളനം പൂർത്തിയാക്കാനും കാനം ആലോചിക്കുന്നുണ്ട്. അതിന് ശേഷം നാളെ കാനവും സംഘവും കോടിയേരിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് പോയേക്കും.
ഏതായാലും സിപിഐയെ ഇടതുപക്ഷത്ത് ഉറപ്പിച്ച് നിർത്തിയ നേതാവാണ് കോടിയേരി. സികെ ചന്ദ്രപ്പനും വെളിയം ഭാഗവനുമെല്ലാം സിപിഐയുടെ സെക്രട്ടറിയെന്ന നിലയിൽ എകെജി സെന്ററിൽ പ്രതിഷേധിക്കേണ്ടി വന്നു. ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് സിപിഎം സമ്മേളനം നടത്തുന്നതെന്ന് പോലും ചന്ദ്രപ്പൻ പറഞ്ഞു. സിപിഐയെ സിപിഎം കൈവിടുമെന്ന ചിന്ത ഉയർത്തിയ കാലമാണ് പിണറായിയുടെ സെക്രട്ടറി പദക്കാലം. പിണറായി പോയി കോടിയേരി എത്തിയപ്പോൾ കഥമാറി. അനുനയത്തിന്റെ ഭാഷ സിപിഐയോട് കോടിയേരി എടുത്തു. കാനത്തിനും പന്യൻ രവീന്ദ്രനും എല്ലാം കോടിയേരി വാരിക്കോരി സ്‌നേഹം നൽകി. ചോദിച്ചതെല്ലാം നൽകി. സിപിഐക്കാരെ സിപിഎം കാലുവാരി തോൽപ്പിച്ചതുമില്ല. സിപിഎമ്മിന്റെ അമരത്ത് കോടിയേരി ഉണ്ടായിരുന്നത് സിപിഐയുടേയും സുവർണ്ണകാലമായി. അത്തരമൊരു സഖാവ് മരിക്കുമ്പോഴാണ് സിപിഐ സമ്മേളനം നടത്തുന്നത്.
അതിനെ ജോസഫൈന്റെ മരണമുയർത്തി സിപിഐ പ്രതിരോധിക്കുമ്പോൾ സിപിഎമ്മിനും പരിഭവം പറയാനാകില്ല. പ്രിയങ്കരനായ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സമ്മേളന മധ്യത്തിൽ നഷ്ടപ്പെട്ടതിന്റെ വേദനയുണ്ടെന്ന് സിപിഐ പറയുന്നു. കോടിയേരിയുടെ നില ഏതാനും ദിവസമായി ഗുരുതരമാണെന്നു നേതാക്കൾക്ക് അറിയാമായിരുന്നെങ്കിലും ഇന്നലത്തെ വേർപാട് അപ്രതീക്ഷിതമായി. സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ നേതാക്കൾക്ക് തലശ്ശേരിയിലേക്കു പോകാൻ കഴിയില്ലെന്ന പ്രയാസവും സിപിഐ നേരിടുന്നു. പാർട്ടി പ്രതിനിധിയായി ഉന്നത നേതാക്കളിൽ ആരെയെങ്കിലും അയയ്ക്കാനാണ് ആലോചന. സമ്മേളന നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ നിർത്തിവയ്ക്കാനോ വെട്ടിച്ചുരുക്കാനോ കഴിയില്ല. ഇതാണ് സിപിഐയുടെ പ്രഖ്യാപനം. തിങ്കളാഴ്ചയാണ് സമാപനം.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോടിയേരിയും ആദ്യമായി നിയമസഭയിലെത്തുന്നത് 1982 ൽ ഒന്നിച്ചായിരുന്നു. അന്ന് കാനത്തിന് 32 വയസ്സ്; കോടിയേരിക്ക് 28. എൽഡിഎഫിലെ യുവ സഭാംഗങ്ങൾ എന്ന അടുപ്പം അന്നേ ഇരുവരും തമ്മിലുണ്ടായി. നിയമസഭാ കമ്മിറ്റികളിലും ഒരുമിച്ച് അംഗങ്ങളായി. 'ഉശിരനായ സഖാവായിരുന്നു; സ്‌നേഹസമ്പന്നനും' കാനം ഓർമിച്ചു. കാനം പിന്നീട് പാർട്ടി സെക്രട്ടറി ആയപ്പോൾ കോടിയേരി സിപിഎമ്മിന്റെ അമരക്കാരൻ ആയിരുന്നത് ഇരുവർക്കും കാര്യങ്ങൾ എളുപ്പമാക്കി. ആ സൗഹൃദം രണ്ടു പാർട്ടികളും തമ്മിലുള്ള ബന്ധവും കൂടുതൽ മെച്ചപ്പെടുത്തി. 'എന്റെ നിലപാടും മനസ്സും എന്താണെന്ന് പറയാതെതന്നെ അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നു. തിരിച്ച് അദ്ദേഹത്തിന്റെ സമീപനം എനിക്കും ബോധ്യപ്പെടുമായിരുന്നു' കാനം പറഞ്ഞു.
സിപിഐക്ക് ഏറ്റവും പ്രിയങ്കരനായ രാഷ്ട്രീയ നേതാവിനെയാണ് കോടിയേരിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെടുന്നതെന്നു മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കണ്ണൂരുകാർ എന്ന നിലയിൽ തുടങ്ങിയ ബന്ധം പിന്നീട് തിരുവനന്തപുരത്തും തുടർന്നു. ഏതു സമയത്തും എന്തു പ്രശ്‌നത്തിനും സമീപിക്കാവുന്ന, അതു പരിഹരിക്കാൻ പ്രാപ്തനായ നേതാവായിരുന്നു കോടിയേരി എന്ന് പന്ന്യൻ അനുസ്മരിച്ചു. ഇത്തരം അനുസ്മരണങ്ങളിലേക്ക് മാത്രം സിപിഐ ചുരുങ്ങും. രണ്ടു ദിവസത്തേക്ക് സമ്മേളനം നിർത്തി വയ്ക്കണമായിരുന്നു എന്ന് ചിന്തിക്കുന്ന സിപിഐ സഖാക്കളുമുണ്ട്. എന്നാൽ പാർട്ടി എങ്ങനേയും എത്രയും വേഗം പിടിക്കാനുള്ള ചിലരുടെ തീരുമാനം അതിന് തടസ്സമാണെന്നും കരുതുന്നു.
'ചെങ്കൊടി' താഴ്‌ത്തിയാണു കോടിയേരിയുടെ വിയോഗം എകെജി സെന്റർ ഔദ്യോഗികമായി പ്രവർത്തകരെ അറിയിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കോടിയേരി അന്തരിച്ചുവെന്ന വിവരം പുറത്തു വന്നെങ്കിലും പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ച്, പാർട്ടി പതാക പകുതി താഴ്‌ത്തിയത് അര മണിക്കൂറോളം കഴിഞ്ഞാണ്. വിവരം എകെജി സെന്ററിനു പുറത്തു കാവലുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞത് മാധ്യമപ്രവർത്തകർ എത്തിത്തുടങ്ങിയ ശേഷം. അപ്പോഴേക്കും പൊലീസ് ജീപ്പുകൾ തുടർച്ചയായി എകെജി സെന്ററിനു മുന്നിലേക്ക് എത്തിത്തുടങ്ങി. എകെജി സെന്ററിന് എതിർവശത്തെ പാർട്ടി ഫ്‌ളാറ്റിനു മുന്നിൽ പാർട്ടി പ്രവർത്തകരുണ്ടായിരുന്നു.
എകെജി സെന്ററിലേക്ക് വി.കെ.പ്രശാന്ത് എംഎൽഎയാണ് ആദ്യമെത്തിയത്. പിന്നാലെ സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രനും പ്രകാശ് ബാബുവും എത്തി. കോടിയേരിയുമായി നാലു പതിറ്റാണ്ടോളം നീണ്ട സൗഹൃദത്തിന്റെ ഓർമകളാണ് പന്ന്യനു പറയാനുണ്ടായിരുന്നത്. സൗമ്യമായി പ്രശ്‌നങ്ങളെ നേരിട്ടതിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. പക്ഷേ സമ്മേളനം മാറ്റി വയ്ക്കാൻ ഈ ഓർമ്മകളൊന്നും കാരണമായില്ലെന്നതാണ് വസ്തുത. എകെജി സെന്ററിൽ എത്തി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ അടക്കം അനുശോചനം അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ