തിരുവനന്തപുരം: വയോധികയുടെ നിസ്സഹായവസ്ഥ മുതലെടുത്തു സ്വത്തും പണവും സ്വർണവും തട്ടിയെടുത്ത സിപിഎം കൗൺസിലർക്കെതിരെ നടപടി എടുത്തു സിപിഎം. നെയ്യാറ്റിൻകരയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് സിപിഎം കൗൺസിലർക്ക് സസ്‌പെൻഷൻ.

വയോധികയുടെ ദുരവസ്ഥ മുതലെടുത്താണ് നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡ് കൗൺസിലറായ സുജിനും ഭാര്യയും ചേർന്ന് സ്വത്തു തട്ടിയെടുത്തത്. നെയ്യാറ്റിൻകര സിപിഎം ഏരിയാ കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. കേസിൽ സുജിനും ഭാര്യയ്ക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ബേബിയെന്ന വയോധികയുടെ വീട്ടിൽ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. അവിവാഹിതയാണ് ഇവർ. 78 വയസുണ്ട്. മാരായമുട്ടം പൊലീസ് പരിധിയിൽ ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. 2021 ഫെബ്രുവരിയിലാണ് ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സുജിൻ ഈ വീട്ടിൽ താമസം തുടങ്ങിയത്.

ഇതിനിടെ പലപ്പോഴായി ഇയാൾ വയോധികയുടെ സ്വർണവും പണവുമെല്ലാം കൈവശപ്പെടുത്തുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്റെ ഭാര്യ ഗീതു ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. പിന്നീട് ഇതിൽ പലതും പണയം വെച്ചു, ചിലത് വിറ്റു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയിൽ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും കൂടി പോയ പോക്ക് പിന്നെ തിരിച്ചുവന്നില്ലെന്നും സ്വർണവും കൊടുത്തില്ലെന്നും ബേബി കണ്ണീരോടെ പറഞ്ഞു.

സൗഹൃദത്തിന്റെ മറവിൽ തന്ത്രപരമായി നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസിൽ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിൻ എഴുതി മാറ്റിയയെന്നാണ് മറ്റൊരു ആരോപണം. ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേർന്ന് കൈക്കലാക്കിയെന്നും ബേബി പറയുന്നു. പലതവണ സ്വർണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനൽകിയില്ല.

ബേബി നെയ്യാറ്റിൻകര നഗരസഭാ ചെയർമാനെ കണ്ട് പരാതി കൊടുത്തു. ചെയർമാൻ ഇരുവരെയും വിളിച്ച് സംസാരിച്ചെങ്കിലും സുജിൻ വഴങ്ങിയില്ല. ബേബി മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് പാർട്ടി നടപടികളിലേക്ക് കടന്നത്.