കണ്ണൂർ: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടതോടെ, ഡിവൈഎഫ്‌ഐയും സിപിഎമ്മും അകറ്റി നിർത്തിയ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം സമ്മാനദാനം നിർവഹിച്ചത് വിവാദമാിരുന്നു. തില്ലങ്കേരിയിൽ നടന്ന പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ ടീമിനുള്ള ട്രോഫിയാണ് എം.ഷാജർ സമ്മാനിച്ചത്.

ആകാശ് തില്ലങ്കേരിക്ക്, എം ഷാജർ ട്രോഫി നൽകിയ സംഭവത്തിൽ സംഘാടകർക്ക് വീഴ്ച പറ്റിയെന്ന് സിപിഎം പ്രാദേശിക നേതൃത്വം തുറന്നു സമ്മതിച്ചു. പരിപാടി സംഘടിപ്പിച്ചവർക്ക് വീഴ്ച പറ്റിയെന്ന് തില്ലങ്കേരി ലോക്കൽ കമ്മിറ്റി അറിയിച്ചു. കളങ്കിതരായിട്ടുള്ളവരും ഫോട്ടോ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുന്നുവെന്നും വീഴ്ച സംഭവിച്ചവർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും വാർത്താകുറിപ്പിൽ പറയുന്നു. എന്നാൽ ആർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് വിശദീകരണമില്ല.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനും ലഹരി മാഫിയയിലെ കണ്ണിയുമെന്ന് സിപിഎം വിശേഷിപ്പിച്ച ആകാശ് തില്ലങ്കരിയുമായി ഡിവൈഎഫ്‌ഐ നേതാവ് വേദി പങ്കിട്ടത് വലിയ വിവാദമായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജർ, ആകാശ് തില്ലങ്കേരിക്ക് ക്രിക്കറ്റ് മത്സരത്തിലെ ട്രോഫി നൽകുന്ന ദൃശ്യം വിവാദമായെങ്കിലും നേതാക്കളാരും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

സിപിഎം സൈബർ പ്രചാരകനായി വേഷമിട്ട് സ്വർണം പൊട്ടിക്കൽ ക്വട്ടേഷൻ നടത്തുന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റിട്ടാൽ പോലും നടപടിയുണ്ടാകുമെന്നായിരുന്നു സിപിഎം ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്തത്. ട്രോഫി സംഭവത്തിൽ ഷാജർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് ഡിവൈഎഫ്‌ഐക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായം ഉയർന്നിരുന്നു. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ആകാശ് തില്ലങ്കേരിക്കെതിരേ കടുത്ത നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചിരുന്നത്.

സ്വർണക്കടത്ത് - ക്വട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറയുകയും ചെയ്തിരുന്നു. ആകാശ് അടങ്ങുന്ന ക്വട്ടേഷൻ സംഘത്തെ പാർട്ടി ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ലെന്നാണ് അന്ന് ജയരാജൻ വ്യക്തമാക്കിയത്. ഡിവൈഎഫ്ഐ നേതൃത്വം തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അത് തുടർന്നാൽ പരസ്യമായി രംഗത്തെത്തേണ്ടിവരുമെന്നും ആകാശ് പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു. സാമൂഹികമാധ്യമ യുദ്ധത്തിന്റെ പേരിൽ ഡിവൈഎഫ്ഐ പൊലീസിൽ പരാതിയും നൽകിയതാണ്.

നേരത്തെ ഷുഹൈബ് വധക്കേസിൽ റിമാൻഡിലായ ആകാശ് തില്ലങ്കേരി, പിന്നീട് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണെന്ന വിവരം പുറത്തുവന്നതോടെയാണ് വീണ്ടും വിവാദനായകനായത്. ഈ കേസിൽ ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. സിപിഎം അംഗമായിരുന്ന ആകാശിനെ ഷുഹൈബ് വധത്തിന് ശേഷമാണ് പാർട്ടി പുറത്താക്കിയത്. സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് ഇതെക്കുറിച്ച് എം ഷാജർ നൽകിയ വിശദീകരണം. സ്വർണക്കടത്ത് വിവാദ വേളയിൽ ആകാശ് തില്ലങ്കേരിയുടെ പേരെടുത്ത് പറയാതെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ഷാജർ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. കണ്ണൂർ സിപിഎമ്മിൽ ഉൾപാർട്ടിപോര് കൊടുമ്പിരികൊള്ളവെയാണ് ക്വട്ടേഷൻ ബന്ധങ്ങളുടെ പേരിൽ പാർട്ടി തന്നെ തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയുമായി എം ഷാജർ വേദി പങ്കിട്ടത് എന്നതും ശ്രദ്ധേയമാണ്.