- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തെറിയഭിഷേകവും തരംതാണ മുദ്രാവാക്യങ്ങളും അന്തരീക്ഷം മലിനമാക്കി; നേതൃത്വത്തിൽ വൈദികരടക്കമുള്ളവർ എന്നത് ഗൗരവതരം; 'വിമോചന' സമരത്തിന്റെ പാഠപുസ്തകം ചിലർ ഇപ്പോഴും കൈയിൽ കരുതുന്നു'; വിഴിഞ്ഞം സമരം കലാപനീക്കമെന്ന് സിപിഎം മുഖപത്രം
തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനി പോർട്ടിനെതിരെ സമരം ചെയ്യുന്ന തീരദേശവാസികൾക്കും നേതൃത്വം നൽകുന്ന ലത്തീൻ സഭയ്ക്കുമെതിരെ കടുത്ത വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. വിഴിഞ്ഞത്ത് സമരമോ കലാപ നീക്കമോ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് സിപിഎം മുഖപത്രത്തിന്റെ വിമർശനം.
സ്ഥാപിത താൽപ്പര്യക്കാരുടെ കൈയിലെ ആയുധമായി ആരു മാറിയാലും ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രക്ഷോഭം 100 ദിവസം എത്തിയപ്പോൾ വ്യാപക അക്രമങ്ങളിലേക്ക് തിരിഞ്ഞത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തം.
വിമോചനസമരത്തിന്റെ പാഠപുസ്തകം ചിലരുടെ കൈയിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും പദ്ധതി പ്രദേശത്ത് അന്യായമായി കടന്നുള്ള ഉറഞ്ഞുതുള്ളൽ കോടതിവിധി നിലനിൽക്കെയാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. പ്രതിപക്ഷം നിരുത്തരവാദപര രാഷ്ട്രീയമാണ് പയറ്റുന്നത്. വസ്തുതകൾ മുഖവിലയ്ക്കെടുക്കാതെ എൽഡിഎഫ് സർക്കാരിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണ്. സമരം കലാപം ലക്ഷ്യമിട്ടുള്ളതാണെന്നും മുഖപത്രം ആരോപിക്കുന്നു.
കുറച്ചുനാളായി സമരത്തിന് അവർ ആഗ്രഹിക്കുംവിധം വാർത്താപ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവാണ് കലാപസമാന അവസ്ഥയുണ്ടാക്കിയത്. പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കുംനേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമമാണ് അഴിച്ചുവിട്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടം. വൈദികരടക്കമുള്ളവരാണ് നേതൃത്വത്തിൽ ഉണ്ടായതെന്നതും ഗൗരവകരമാണെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
''വിമോചന' സമരത്തിന്റെ പാഠപുസ്തകം ചിലർ ഇപ്പോഴും കൈയിൽ കരുതുന്നുണ്ടോയെന്ന സംശയം ഉയർത്തുന്നതാണ് സംഭവഗതികൾ. അതിന്റെ നായകരിലൊരാളായ ഫാ. ജോസഫ് വടക്കൻ 'എന്റെ കുതിപ്പും കിതപ്പും' ആത്മകഥയിൽ അക്കാലത്തെ വഴിവിട്ടരീതികൾ സംബന്ധിച്ച് ഏറ്റുപറയാൻ നിർബന്ധിതനായത് മറക്കാതിരിക്കാം,' ദേശാഭിമാനി മുഖപ്രസംഗം ലത്തീൻ സഭയെ ഓർമ്മിപ്പിക്കുന്നു.
'തുറമുഖനിർമ്മാണം തടയരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് പദ്ധതിപ്രദേശത്ത് അന്യായമായി കടന്നുള്ള ഉറഞ്ഞുതുള്ളൽ. കലാപ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ സമരവും വിശദീകരണ പരിപാടികളും ശക്തിയാർജിക്കുകയാണ്. ആ വാർത്തകൾ മാധ്യമങ്ങൾ നൽകുന്നതാണ് വിഴിഞ്ഞം സമരക്കാരെ പ്രകോപിപ്പിച്ചത്. അക്രമത്തിനു പിന്നിലെ ഗൂഢാലോചനയെ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരിക്കയാണ്.
ഏഴ് ആവശ്യമുന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 30ന് സമരം ആരംഭിച്ചത്. ഫിഷറീസ് തുറമുഖ മന്ത്രിമാരുടെ ഉപസമിതി പലവട്ടം പ്രക്ഷോഭകരുമായി ചർച്ച നടത്തി. ലത്തീൻ അതിരൂപതാ നേതൃത്വവുമായി ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചയുമുണ്ടായി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സമവായത്തിന് മുന്നിട്ടിറങ്ങി. എന്നിട്ടും ഒത്തുതീർപ്പിന് തയ്യാറാകാത്തത് ദുരുപദിഷ്ടമാണ്,' ഈ സമയത്ത് പ്രതിപക്ഷം നിരുത്തരവാദപര രാഷ്ട്രീയമാണ് പയറ്റുന്നതെന്നും സിപിഎം മുഖപത്രം കുറ്റപ്പെടുത്തുന്നു. വസ്തുതകൾ മുഖവിലയ്ക്കെടുക്കാതെ എൽഡിഎഫ് സർക്കാരിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണ് പ്രതിപക്ഷമെന്ന് ദേശാഭിമാനി വിമർശിച്ചു.
'ഇത്തരം വസ്തുതകൾ സംശയരഹിതമായി തെളിയിക്കുന്നത് സമരം കലാപം ലക്ഷ്യമിട്ടുള്ളതാണെന്നാണ്. തുറമുഖ നിർമ്മാണം നിർത്തി തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന ആവശ്യമൊഴികെ മറ്റ് ആറെണ്ണവും സംസ്ഥാന സർക്കാർ അംഗീകരിച്ചു. പദ്ധതി നിർത്തണമെന്ന നിർദ്ദേശം നടപ്പാക്കാനാകാത്തതാണെന്ന് പലപ്രാവശ്യം നടത്തിയ ചർച്ചകളിൽ സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.
പക്ഷേ, ചർച്ചകളിൽ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞുപിരിയുന്ന നേതാക്കൾ ആക്രോശങ്ങളോടെ വീണ്ടും സമരമുഖത്ത് സാന്നിധ്യമറിയിക്കുകയാണ്. കലാപം ആഗ്രഹിക്കുന്നവരും അല്ലാത്തവരുമെന്ന നിലയിൽ സമരക്കാർ രണ്ട് തട്ടിലായിരിക്കുന്നു. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ നടപടിക്കൊപ്പംനിന്ന് സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം,' ഒപ്പം കലാപനീക്കങ്ങളിൽനിന്ന് ഉടൻ പിന്തിരിയണമെന്നും എഡിറ്റോറിയൽ കൂട്ടിച്ചേർക്കുന്നു.
മുഖപ്രസംഗത്തിൽ പറയുന്നത്:
''സ്ഥാപിത താൽപര്യക്കാരുടെ കൈയിലെ ആയുധമായി ആരു മാറിയാലും ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാകില്ല. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രക്ഷോഭം 100 ദിവസം എത്തിയപ്പോൾ വ്യാപക അക്രമങ്ങളിലേക്ക് തിരിഞ്ഞത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തം. കുറച്ചുനാളായി സമരത്തിന് അവർ ആഗ്രഹിക്കുംവിധം വാർത്താപ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവാണ് കലാപസമാന അവസ്ഥയുണ്ടാക്കിയത്. പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കുംനേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമമാണ് അഴിച്ചുവിട്ടതും. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടം.
വൈദികരടക്കമുള്ളവരാണ് നേതൃത്വത്തിൽ ഉണ്ടായതെന്നതും ഗൗരവതരമാണ്. സ്ത്രീകൾ ഉൾപ്പെടെ അതിൽ ഭാഗഭാക്കാകുകയും ചെയ്തു. വനിതാ മാധ്യമപ്രവർത്തകർക്കുനേരെ അശ്ലീല പരാമർശങ്ങൾ ഉണ്ടായതും നീതീകരിക്കാവുന്നതല്ല. തെറിയഭിഷേകവും തരംതാണ മുദ്രാവാക്യങ്ങളും അന്തരീക്ഷം മലിനമാക്കി. 'വിമോചന' സമരത്തിന്റെ പാഠപുസ്തകം ചിലർ ഇപ്പോഴും കൈയിൽ കരുതുന്നുണ്ടോയെന്ന സംശയം ഉയർത്തുന്നതാണ് സംഭവഗതികൾ.''
മറുനാടന് മലയാളി ബ്യൂറോ