- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം സിപിഎം അറിയാതെ; തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ലെന്ന് എം. വി. ഗോവിന്ദൻ; സുപ്രധാന വിഷയത്തിൽ പോലും പാർട്ടിയും സർക്കാറും രണ്ട് തട്ടിൽ; ഭരണത്തിന്റെ കടിഞ്ഞാൺ എകെജി സെന്ററിലേക്ക് എത്തിക്കാൻ സെക്രട്ടറിക്കാകുമോ? പി ബി കരുത്തോടെ എം വി ഗോവിന്ദൻ ഇടപെടൽ നടത്തുമ്പോൾ
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപത് വയസ്സാക്കി ഉയർത്തിയ സർക്കാർ തീരുമാനം സിപിഎം നേതൃത്വം അറിയാതെ. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലാതെ സർക്കാർ എടുത്ത തീരുമാനത്തിൽ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നുകഴിഞ്ഞു. ''ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാർട്ടിക്ക് അറിയില്ല. പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഒത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കും'' എന്നാണ് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി ഏകീകരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ഭരണമുന്നണിയിലെ യുവജന സംഘടനകളായ ഡിവൈഎഫ്‌ഐയും എഐവൈഎഫും ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയതോടെയാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഒക്ടോബർ 29ലെ ഉത്തരവ് മരവിപ്പിച്ചത്.
പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു നിർണായകവും നയപരവുമായ വിഷയത്തിൽ ധനവകുപ്പ് ഉത്തരവിറക്കിയതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ തികച്ചും അസാധാരണമാണ്. പി ബി അംഗമായതോടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം വി ഗോവിന്ദൻ പാർട്ടിയിൽ പിടിമുറുക്കുന്നതിന്റെ സൂചനകൂടിയാണ് പ്രതികരണമെന്നാണ് വിലയിരുത്തൽ. നയപരമയാ വിഷയങ്ങളിൽ പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലാതെ സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള അതൃപ്തിയാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്. സുപ്രധാന വിഷയത്തിൽ സർക്കാർ തീരുമാനങ്ങൾ പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടു കൂടി മാത്രമെ പാടുള്ളു എന്നതാണ് എം വി ഗോവിന്ദൻ പറയാതെ പറയുന്നത്. കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ പാർട്ടിയും സർക്കാരും ഏകോപനത്തോടെ പ്രവർത്തിച്ച രീതി തുടരണമെന്ന സൂചനയും പ്രതികരണത്തിലുണ്ട്.
''തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ യുവജന സംഘടനകൾ ഇതിനെ എതിർത്തു. അവരുടെ എതിർപ്പ് തെറ്റെന്ന് പറയാനാവില്ല ' എന്നാണ് ദ ന്യൂ ഇന്ത്യൻ എക്‌സപ്രസിനോട് എം വി ഗോവിന്ദൻ പറഞ്ഞത്. ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണോ സർക്കാർ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു തനിക്കറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി പാർട്ടി സെക്രട്ടറി പറഞ്ഞു. പാർട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവ് ആയതുകൊണ്ടുതന്നെയാണ് അതു പിൻവലിക്കേണ്ടി വന്നത്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്നു തന്നെയാണ് പാർട്ടി നിലപാടെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യേണ്ടതാണെങ്കിലും ചർച്ച ചെയ്തിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ എടുത്ത നിലപാട്. സർക്കാർ തന്നെ തീരുമാനം തിരുത്തിയതിനാൽ അന്വേഷണത്തിന്റെ കാര്യമില്ല. മന്ത്രിസഭയിൽ മുഖ്യമന്ത്രി തന്നെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം ഒഴിവാക്കാനുള്ള നടപടിയെടുത്തു. തീരുമാനമെടുത്തതിൽ വീഴ്ച വന്നിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും എം വിഗോവിന്ദൻ പറഞ്ഞു.
പെൻഷൻ പ്രായം വർധിപ്പിക്കുക എന്നത് സിപിഎമ്മിനെയും ഇടതു മുന്നണിയെയും സംബന്ധിച്ചിടത്തോളം നയപരമായ ഒരു തീരുമാനമാണ്. ഇത്തരമൊരു തീരുമാനം ഇരുമ്പുമറയിലൂടെ നടപ്പിലാക്കാൻ ശ്രമിച്ച പിണറായി വിജയനെതിരെ പാർട്ടിയിലും മുന്നണയിലും എതിർപ്പ് ശക്തമായിരുന്നു. മറ്റ് നേതാക്കളെയെല്ലാം നോക്കുകുത്തകളാക്കി കൊണ്ടാണ് ചർച്ചയോ വീണ്ടുവിചാരമോ ഇല്ലാതെ സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത് എന്നതാണ് ഉയർന്ന ചോദ്യം.
സംഭവം വിവാദമായതോടെ ഡിവൈഎഫ്ഐക്ക് അടക്കം മിണ്ടാട്ടം മുട്ടിയിരുന്നു. പൊതുജന സമൂഹത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങൾ മാറിയതോടെയാണ് പിണറായി വിജയൻ പതിവുപോലെ ഇക്കാര്യത്തിലു യുടേൺ അടിച്ചത്. ഇതാദ്യമായല്ല പിണറായി എടുത്ത ഒരു തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകുന്നത് എന്നതും ശ്രദ്ധേയമാണ്.
പാർട്ടിയിൽ നിന്നും ഇക്കാര്യത്തിൽ പിറണായിക്കെതിരെ വിമർശനവും ഉയർന്നിരുന്നു. മതിയായ കൂടിയാലോചനകൾ പാർട്ടിയിൽ നടന്നിരുന്നില്ല. ഡിവൈഎഫ്ഐയെ കൂടാതെ സിഐടിയുവും സർക്കാർ ഉത്തരവിനോടു വിയോജിച്ചു. ഉത്തരവിലെ പല വ്യവസ്ഥകളോടും സിഐടിയുവിനു വിയോജിപ്പുണ്ടെന്നു സംഘടന പരസ്യമാക്കുകയും ചെയ്തു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കി. ഉത്തരവ് പുനഃപരിശോധിക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കരീം ആവശ്യപ്പെട്ടു. ഉത്തരവു സംബന്ധിച്ച് എൽഡിഎഫിലും കൂടിയാലോചന നടന്നിരുന്നില്ല.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം കൂട്ടാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭ എടുത്ത തീരുമാനം ദിവസങ്ങളോളം മറച്ചുവച്ചതായും ആക്ഷേപം ശക്തമാണ്. ഇത് ഉത്തരവായി ഇറങ്ങിയപ്പോഴാണ് പുറത്തറിഞ്ഞത്. ഇതാണ് കടുത്ത എതിർപ്പിനും ഇടയാക്കിയത്. യുവജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയം മുഖ്യമന്ത്രി മറ്റാരും അറിയാതെ നടപ്പിലാക്കുകയായിരുന്നു എന്ന വിമർശനവും ഇതിനോടൊപ്പം ഉയർന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏകീകരണം സംബന്ധിച്ച ഫയൽ ഒരു മാസം മുൻപ് മന്ത്രിസഭയുടെ മുന്നിലെത്തിയിരുന്നു. വ്യവസായം, കൃഷി, ധനം, വൈദ്യുതി, ഗതാഗത വകുപ്പുകൾക്കു കീഴിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉള്ളതിനാൽ മന്ത്രിമാർ പഠിക്കാൻ കൂടുതൽ സമയം തേടി. തുടർന്നുള്ള 3 മന്ത്രിസഭാ യോഗങ്ങളിൽ ഈ റിപ്പോർട്ട് പരിഗണിക്കാതെ മാറ്റിവച്ചു. എന്നിട്ടും എൽഡിഎഫ് അംഗീകരിക്കാത്ത പെൻഷൻ പ്രായവർധന സംബന്ധിച്ച നിർദ്ദേശം കണ്ടെത്താൻ മന്ത്രിമാർക്കു കഴിഞ്ഞില്ല.
പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) ചെയർമാൻ തലവനായ വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് വിരമിക്കൽപ്രായം കൂട്ടിയത്. ജല അഥോറിറ്റി, കെഎസ്ആർടിസി, വൈദ്യുതി ബോർഡ് ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണത്തിനു പൊതു ചട്ടക്കൂട് നടപ്പാക്കാനും ഇതോടൊപ്പം തീരുമാനിച്ചു. ഈ 3 സ്ഥാപനങ്ങളിൽ പ്രത്യേക പഠനം നടത്താൻ എൻ.ശശിധരൻ നായർ സമിതിയെ ചുമതലപ്പെടുത്തി. 4 മാസത്തിനകം റിപ്പോർട്ട് നൽകണം.
അതേസമയം വീണ്ടുവിചാരമില്ലാതെ പെൻഷൻ പ്രായം വർധിപ്പിച്ചും പിന്നീട് മരവിപ്പിക്കാനുമുള്ള മന്ത്രിസഭാ തീരുമാനത്തിൽ വെട്ടിലായത് മുന്നൂറോളം ജീവനക്കരാണ്. ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കുകയാണ് ഉണ്ടായത്. ഇതോടെ മുന്നൂറോളം ജീവനക്കാരുടെ സേവന കാലയളവ് ആശയക്കുഴപ്പത്തിലായി. ഒക്ടോബർ 31ന് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നു വിരമിക്കേണ്ടവർ വിരമിക്കൽ കാലാവധി നീട്ടിയതു കാരണം ഈ മാസവും ജോലിക്കെത്തി. ഇന്നും ഇവർ ഡ്യൂട്ടിക്കു ഹാജരാകും. വിരമിക്കൽ പ്രായം നീട്ടിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവിറക്കിയാലേ ഇവർക്കു വിരമിക്കാനാകൂ. സർക്കാരിന്റെ മലക്കംമറിച്ചിൽ ചോദ്യം ചെയ്ത് ചിലർ കോടതിയിൽ പോകാനും സാധ്യതയുണ്ട്.
പെൻഷൻ പ്രായം വർധിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പാർട്ടിൽ നടന്നിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തു വന്നിരുന്നു. സിഐടിയു നേതൃത്വവും തീരുമാനത്തോട് വിയോജിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഉത്തരവു സംബന്ധിച്ച് എൽഡിഎഫിലും കൂടിയാലോചന നടന്നില്ല. നയപരമായ തീരുമാനങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്താണ് സാധാരണ തീരുമാനിക്കുന്നത്. വിഷയം മന്ത്രിസഭ പരിഗണിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർത്തില്ല. ഇതിനാൽ തീരുമാനത്തെ സിപിഐ എതിർത്തിട്ടില്ല. എന്നാൽ സിപിഐ യുവജന സംഘടനയായ എഐവൈഎഫാണ് ആദ്യമായി വിമർശനമുയർത്തി രംഗത്തെത്തിയത്. പ്രതിപക്ഷ സംഘടനകൾ ശക്തമായ നിലപാട് അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ വിഷയത്തിൽ ഡിവൈഎഫ്‌ഐ മൗനം പാലിച്ചത് കടുത്ത വിമർശനം ഉയർത്തിയിരുന്നു. പിന്നാലെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതൃത്വം രംഗത്ത് വന്നു
പെൻഷൻ പ്രായം വർധിപ്പിച്ച ഉത്തരവ് മരവിപ്പിച്ച സർക്കാർ തീരുമാനം യുഡിഎഫിന്റെ വിജയമാണെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇത് പൂർണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സാമൂഹിക സാഹചര്യമോ തൊഴിൽ മേഖലയിലെ അനിശ്ചിതത്വമോ പരിഗണിക്കാതെ എടുത്ത തെറ്റായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡിവൈഎഫ്‌ഐ ഉത്തരവ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ അഭിനന്ദിക്കുകയും യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇത് സഹായിക്കുമെന്നും പറഞ്ഞു.
ബന്ധപ്പെട്ട കമ്മീഷന്റെ ശുപാർശകളുടെ ഭാഗമായാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. വൻ സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സർക്കാർ ദീർഘകാലാടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ തീരുമാനിക്കുമോ എന്ന ചർച്ചയും ഇതിനോട് അനുബന്ധിച്ച് പുറത്തുവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ