- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുമായുള്ള പോരിൽ ഒരിഞ്ചുവിട്ടുകൊടുക്കില്ല ഇനി! ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ സിപിഎം; ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സമിതി തീരുമാനം; ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരും; ബില്ലിൽ ഒപ്പിടാതെ മുഖം തിരിച്ചാൽ കോടതിയിലേക്ക്; ഗവർണർക്കെതിരായ എൽഡിഎഫ് ധർണ ഡിഎംകെയെ ഉൾപ്പെടുത്തി വിപുലമാക്കും; വാക്പോര് നിയമയുദ്ധത്തിലേക്ക് കടക്കുമ്പോൾ പൊടിക്കുന്നത് ലക്ഷങ്ങളും
തിരുവനന്തപുരം: ഗവർണറും സർക്കാരും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നതിൽ മത്സരമായതോടെ, വാക്‌പോരുകൾ നിയമയുദ്ധമായി മാറുകയാണ്.
ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ നിർണായക തീരുമാനം എടുത്തിരിക്കുകയാണ് സിപിഎം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാൻ സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനിച്ചത്.
ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടു വരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണയും തേടും. തുടർ നടപടിക്കായി പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തി.
ആരിഫ് മുഹമ്മദ് ഖാനെതിരായ എൽഡിഎഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡിഎംകെയും പങ്കെടുക്കും. നവംബർ 15ന് രാജ്ഭവനു മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും പങ്കെടുത്തും. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.
നിയമപോരാട്ടത്തിന് ചെലവഴിക്കുന്നത് ഭീമമായ തുക
സംസ്ഥാന സമിതിയിൽ ഗവർണർക്കു നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ് സമാന പ്രശ്‌നം അനുഭവിക്കുന്ന തമിഴ്‌നാടിനെ ഉൾപ്പെടുത്തി പ്രക്ഷോഭം വിപുലീകരിക്കുന്നത്. ധർണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പങ്കെടുക്കും.
ഗവർണ്ണർക്കെതിരെയുള്ള ഒരോ നീക്കവും നടപടികളും കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മതിയെന്നായിരുന്നു പാർട്ടിയുടെയും സർക്കാറിന്റെയും തീരുമാനം .ഇതിന് പിന്നാലെ ഒരോ നീക്കവും പ്രഗത്ഭരായ അഭിഭാഷകരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ സാഹചര്യത്തിൽ നിയമോപദേശം തേടാൻ സർക്കാർ ചെലവിടുന്ന തുകയുടെ കണക്കും പുറത്തുവന്നു.
46.9 ലക്ഷം രൂപയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിന് സംസ്ഥാന സർക്കാർ ചെലവാക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനിൽ നിന്നാണ് സർക്കാർ നിയമ ഉപദേശം തേടിയത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തുടർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഗവർണർക്കെതിരെ നിയമനടപടികളിലേക്ക് കടക്കുന്നത്.
ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സർക്കാർ നൽകും.ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കി.നരിമാന്റെ ജൂനിയർ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപയും, സഫീർ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി നൽകും. നരിമാന്റെ ക്ലർക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നൽകുക. കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമ ഉപദേശം എഴുതി നൽകുന്നതിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഡ്വക്കേറ്റ് ജനറൽ കെ.ഗോപാല കൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തുക അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.നിയമവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് സർക്കാർ ഇത്രയേറെ ലക്ഷങ്ങൾ ചെലവഴിക്കുന്നത്.സ്വർണക്കടത്തുകേസിലെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന ഇഡിയുടെ (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) ഹർജിയിൽ കേരളത്തിനു വേണ്ടി ഹാജരാകാൻ 15.50 ലക്ഷം രൂപയാണ് സീനിയർ അഭിഭാഷകൻ കബിൽ സിബലിനു സർക്കാർ അനുവദിച്ചത്.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇതിൽ ലോകായുക്ത, സർവകലാശാല ഭേദഗതി ബിൽ അടക്കമുള്ള 4 ബില്ലുകൾക്കും കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയ രണ്ടു ബില്ലുകൾക്കും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ല. വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ബില്ലിൽ ഒഴിവാക്കിരുന്നു.
വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നടപടി പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട നിയമപരമായ മാർഗങ്ങളെ സംബന്ധിച്ച് മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലുമായും സംസ്ഥാന സർക്കാർ ചർച്ച നടത്തി.
വിവാദമായ ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകൾ രാജ്ഭവനിൽ തുടർനടപടികൾ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെയാണ് സർക്കാർ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നത്. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരം തന്നിൽ നിക്ഷപിതമായ കടമ ഗവർണർ നിർവഹിക്കുന്നില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നടപടി ഭരണഘടന വിരുദ്ധമാണെന്നും സർക്കാർ കരുതുന്നു.
നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചാൽ അദ്ദേഹത്തിന് എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഗവർണർ ഒപ്പിടുമ്പോഴാണ് നിയമമാകുന്നത്. ഒപ്പിടുന്നില്ലെങ്കിൽ പുനഃപരിശോധനയ്ക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബിൽ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാൽ ഗവർണർ ഒപ്പിടാൻ ബാധ്യസ്ഥനാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവർണർക്ക് ഭരണഘടന നൽകുന്നുണ്ട്. എന്നാൽ ബില്ലിൽ ഗവർണർ ഒപ്പിടാതിരുന്നാൽ സർക്കാരിന് ഓർമിപ്പിക്കാമെന്നല്ലാതെ കൂടുതൽ ഇടപെടലുകൾ നടത്താനാവില്ല.
ഭരണഘടനയുടെ 200ആം അനുച്ഛേദത്തിൽ തീരുമാനം എടുക്കുന്നതിന് ഗവർണർക്ക് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഇതൊന്നും ചെയ്യാതിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഗവർണർക്കെതിരെ കോടതിയെ സമീപിക്കുക എന്ന അസാധാരണ നടപടിയുടെ സാധ്യത സംസ്ഥാന സർക്കാർ തേടുന്നത്.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യുന്നതിന് ബില്ലോ, ഓർഡിനൻസോ കൊണ്ട് വരാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇതിലും തീരുമാനം എടുക്കാതെ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ഗവർണർ ശ്രമിച്ചേക്കുമെന്ന് സർക്കാരിന് ആശങ്കയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് കോടതിയെ സമീപിക്കാനുള്ള സാധ്യത സർക്കാർ ഉർജ്ജിതപ്പെടുത്തിയത്.
പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം ഉണ്ടായാൽ രാജിവയ്ക്കണമെന്ന നിലവിലെ നിയമം മറികടക്കാനാണ് ലോകായുക്ത ഭേദഗതി ബിൽ കൊണ്ടുവന്നത്. ഭേദഗതി അനുസരിച്ച് സർക്കാരിന് ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഫാലി എസ് നരിമാനിൽ നിന്ന് നിയമ ഉപദേശം തേടുന്നത്. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള റിട്ട് ഹർജിയിൽ ഒന്നാം പിണറായി സർക്കാർ നരിമാനിൽ നിന്ന് നിയമ ഉപദേശം തേടിയിരുന്നു.
തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ആണ് അന്ന് അഡ്വക്കേറ്റ് ജനറൽ ആയിരുന്ന സി പി സുധാകര പ്രസാദ് നിയമ ഉപദേശം തേയിടിയിരുന്നത്.അതേസമയം നിയമസഭാ പാസാക്കിയ ബില്ലുകളിൽ തുടർനടപടികൾ സ്വീകരിക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതകൾ തേടി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് ഭരണഘടന വിദഗ്ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം സംസ്ഥാന സർക്കാർ തേടി.
മറുനാടന് മലയാളി ബ്യൂറോ