- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ പി ജയരാജനെ 'കൈവിടാതെ' സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ്; റിസോർട്ട് ആരോപണങ്ങളിൽ തൽക്കാലം അന്വേഷണം വേണ്ടെന്ന് തീരുമാനം; 'വൈദേകം' റിസോർട്ടിൽ ഭാര്യയ്ക്കും മകനുമുള്ള ഓഹരികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ച് ഇ.പി; 'ഹാപ്പി ന്യൂ ഇയർ' നേർന്ന് ഇ പി മടങ്ങുന്നത് വിവാദങ്ങളിൽ പ്രതികരിക്കാതെ
തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ തത്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം.
ഇ പി ജയരാജന് എതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണം ചർച്ചയായെങ്കിലും ഇ.പിക്കെതിരേ തത്കാലം അന്വേഷണം ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇ.പി. ജയരാജൻ യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന് പറയാനുള്ള കാര്യം വിശദീകരിച്ചു. റിസോർട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തിൽ ജയരാജൻ വിശദീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ.പി. ജയരാജൻ തയ്യാറായില്ല. എല്ലാവർക്കും 'ഹാപ്പി ന്യൂ ഇയർ' എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കണ്ണൂരിലെ ആയുർവേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിൽ തത്കാലം പാർട്ടി അന്വേഷണം വേണ്ടെന്നാണ് സിപിഎം തീരുമാനം. ആരോപണം ഉന്നയിച്ച പി ജയരാജൻ പാർട്ടിക്ക് ആരോപണം എഴുതി നൽകിയോ എന്നതിലും വ്യക്തതയില്ല.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജൻ പാർട്ടി യോഗത്തിൽ പങ്കെടുക്കാനെത്തിയത്. റിസോർട്ട് വിവാദത്തിൽ തന്റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്നാണ് സൂചന. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാതെയാണ് ഇ പി ജയരാജൻ മടങ്ങുന്നത്.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കണ്ണൂരിൽനിന്നുള്ള പി.ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ 'വൈദേകം' ആയുർവേദ റിസോർട്ടിൽ ഇ.പി.ജയരാജന്റെ കുടുംബത്തിനുള്ള സാമ്പത്തിക പങ്കാളിത്തം ചൂണ്ടിക്കാട്ടിയായിരുന്നു പി.ജയരാജൻ ആരോപണം. ആധികാരികമായാണ് ആരോപണം ഉന്നയിക്കുന്നതെന്നും എഴുതി നൽകാമെന്നും പി ജയരാജൻ അറിയിച്ചതായും റിപ്പോർ്ട്ടുകൾ വന്നു. എന്നാൽ പി ജയരാജൻ ആരോപണം എഴുതി നൽകിയോ എന്നതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന ആരോപണം പുറത്തേക്കു കത്തിപ്പടർന്നതോടെ ഏതു ജയരാജന് ഒപ്പമാണെന്നു സിപിഎം വ്യക്തമാക്കിയിരുന്നില്ല. ആരോപണം ഉന്നയിച്ച പി.ജയരാജൻ സെക്രട്ടേറിയറ്റ് അംഗം അല്ലാത്തതിനാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല.
അതേസമയം, മുൻവ്യവസായമന്ത്രിയെന്ന നിലയിൽ സ്വാധീനം ഉപയോഗിച്ച് ഇ.പി. നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് വിജിലൻസിനു പരാതി നൽകിയിട്ടുണ്ട്. മുന്മന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമെതിരേ അന്വേഷണം നടത്താൻ സർക്കാർ അനുമതിവേണം. അതിനാൽ, പരാതിയിൽ തുടർനടപടിക്കായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഫയൽ ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് അനുമതിനൽകിയെങ്കിലേ പരാതിയിൽ നടപടിയുണ്ടാവൂ. റിസോർട്ടിന്റെപേരിലുള്ള നിയമവിരുദ്ധപ്രവർത്തനവും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്തൂർ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ