- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവലിൻ കേസ് ലിസ്റ്റിൽ ഉൾപ്പെടുത്താതെയും ബെഞ്ചിൽ വരാതെയും 20 തവണ മാറ്റിയ വിവരം ശ്രദ്ധയിൽ പെടുത്തിയത് ക്രൈം നന്ദകുമാറിന്റെ അഭിഭാഷക; മന്ത്രിമാർ ഉൾപ്പെട്ട അഴിമതി കേസുകൾ ഉടൻ തീർപ്പാക്കണമെന്ന സൂപ്രിംകോടതി വിധിയും ചൂണ്ടിക്കാട്ടി; ഇനിയും നീട്ടരുതെന്ന് പറഞ്ഞ് തിയ്യതി കുറിച്ചു കോടതിയും; അഴിക്കുള്ളിലടച്ച പിണറായിയോട് നന്ദകുമാറിന്റെ പ്രതികാരമോ?
ന്യൂഡൽഹി: പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ വെല്ലുവിളികൾ ഉയർത്തിയ ലാവലിൻ കേസ് സുപ്രീംകോടതിയിൽ എത്തുമ്പോൾ എന്തു സംഭവിക്കും? ഇടക്കാലത്തിന് ശേഷം വീണ്ടും ലാവലിൻ കേസ് കേരള രാഷ്ട്രീയത്തെ ചൂടു പിടിപ്പിക്കുന്ന ചർച്ചാവിഷയമായി മാറുമോ എന്ന ആക്ഷാംക്ഷ ഉടലെടുത്തിട്ടുണ്ട്. ബിജെപി വിരുദ്ധ സർക്കാറുകളെ വരുതിയിൽ നിർത്താൻ കേന്ദ്ര സർക്കാർ പലവിധ മാർഗ്ഗങ്ങൾ പ്രയോഗിക്കുമ്പോഴും കേന്ദ്രം പിണറായി വിജയന്റെ കാര്യത്തിൽ മെല്ലേപോക്കാണ്. സ്വർണ്ണക്കടത്തു കേസിൽ ഈ ബന്ധം വ്യക്തമായി തെളിഞ്ഞു വന്നതാണ്. ഇതിനടെയാണ് സുപ്രീംകോടതി ലാവലിൻ കേസ് വീണ്ടും പരിഗണിക്കാൻ തീരുമാനം എടുത്തിരിക്കുന്നത്.
കേന്ദ്രത്തിന്റെ രാഷ്ട്രീയ താൽപ്പര്യം ഇക്കുറിയെങ്കിലും കേസിൽ ഉണ്ടാകുമോ എന്ന ആകാംക്ഷ ഉയരുന്നുണ്ട്. സിബിഐ അഭിഭാഷകർ അടക്കം എന്തു നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാകും കേസിന്റെ തുടർന്നുള്ള ഭാവി. പിണറായിയെ കുറ്റവിമുക്തനാക്കി നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് കോടതി പരിഗണിക്കുന്നത്. മുൻകാലങ്ങളിൽ പലതവണയായി മാറ്റിവെച്ച കേസിൽ ഇനിയെങ്കിലും വേഗത കൈവരുമോ എന്നാണ് അറിയേണ്ടത്. അടുത്തമാസം 13നാണ് കേസ് പരിഗണിക്കുന്നത്. ഇത് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമക്കിയിട്ടുണ്ട്.
കേസിൽ കക്ഷി ചേർന്ന ക്രൈം നന്ദകുമാറിന്റെ വനിതാ അഭിഭാഷകരുടെ വാദങ്ങളാണ് ഇന്ന് സുപ്രീംകോടതിയിൽ നിർണായകമായത്. അഡ്വ. എം കെ അശ്വതിയും അഡ്വ. വി ഗീതയുമാണ് കേസിൽ നന്ദകുമാറിന് വേണ്ടി ഹാജരായത്. ഇതിൽ അഡ്വ. എം കെ അശ്വതിയുടെ വാദങ്ങൾ സുപ്രീംകോടതി മുഖവിലക്ക് എടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി സുപ്രീം കോടതിയിൽ 30 തവണയായി മാറ്റി വെച്ചിരുന്നു. ഇക്കാര്യമാണ് അഭിഭാഷക ചൂണ്ടിക്കാട്ടിയത്.
സുപ്രീം കോടതിയിൽ ലിസ്റ്റിൽ ഉൾപ്പെടുത്താതെയും ബെഞ്ചിൽ വരാതെയും റെജസ്ട്രി തന്നെ കഴിഞ്ഞ ഇരുപത് തവണയായി കേസ് മാറ്റിക്കൊണ്ടിരിക്കയാണെന്ന കാര്യമാണ് നന്ദകുമാറിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടിയത്. മാത്രമല്ല, ഇത്തരത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട അഴിമതിക്കേസുകൾ എത്രയും വേഗം തീർക്കണം എന്ന സുപ്രീം കോടതിയുടെ തന്നെ വിധി ഇരിക്കെയാണ് അനന്തമായി കേസ് നീട്ടിക്കൊണ്ടു പോകുന്നതെന്ന് സുപ്രീം കോടതി ജസ്റ്റിസ് യു.യു. ലളിത് മുൻപാകെ നന്ദകുമാറിന്റെ അഭിഭാഷകർ ഉന്നയിച്ചു. ഈ ഘട്ടത്തിലാണ് കേസ് ലിസ്റ്റിൽ നിന്നും മാറ്റരുത് എന്നും സെപ്റ്റംബർ 13 ന് കേസ് മാറ്റി വെച്ചിരിക്കുന്ന കാര്യവും ഉത്തരവിട്ടത്.
ക്രൈം നന്ദകുമാറിനെ സംബന്ധിച്ചിടത്തോളം കേസ് അടുത്തമാസം കോടതി പരിഗണിക്കുന്ന അവസ്ഥ വന്നാൽ പിണറായിക്കെതിരായ പ്രതികാരമായി മാറുകയും ചെയ്യും. അടുത്തിടെ നന്ദകുമാറിന്റെ ക്രൈം ഓഫീസ് നിരന്തരം റെയ്ഡ് ചെയ്തു പൊലീസിനെ ഉപയോഗിച്ചുള്ള വേട്ടയാടൽ നടത്തുകയായിരുന്നു. നന്ദകുമാറിനെതിരായി അടുത്തിടെ നൽകിയ കേസിൽ ജാമ്യവിധിയിൽ അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ ഇല്ലെന്നും കണ്ടെത്തിയിരുന്നു. സ്വപ്‌നയുടെ വെൡപ്പെടുത്തലിന്റെ അടിസ്ഥാനത്തിലെ ഗൂഢാലോചന കേസിലും നന്ദകുമാറിനെതിരെ കേസുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ലാവലിൻ കേസ് വീണ്ടും സുപ്രീംകോടതിയിൽ എത്തുമ്പോൾ നന്ദകുമാർ ഇടപെടൽ നടത്തിയതും.
പിണറായി വിജയൻ ഉൾപ്പെട്ട ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ക്രൈം നന്ദകുമാർ കൊണ്ടുവന്നിരുന്നു. 2005 ഫെബ്രുവരി 2 ന് ഇതിന്റെ പേരിൽ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ക്രൈമിന്റെ കോഴിക്കോട് ഓഫീസ് അടിച്ചു തകർത്ത സംഭവവും ഉണ്ടത്. അന്ന് ലാവലിൻ രേഖകൾ കടത്തികൊണ്ടു പോയെന്നാണ് നന്ദകുമാർ ആരോപിക്കുന്നത്. പിന്നീട് ലാവലിൻ കേസിൽ പിണറായി പ്രതിയാകുകയും ചെയ്തു.
2014 ൽ തിരുവനന്തപുരം സിബിഐ കോടതി പിണറായിവിജയനടക്കം മൂന്നു പ്രതികളുടെ ഡിസ്ചാർജ് പെറ്റിഷൻ അംഗീകരിച്ചുകൊണ്ട് മൊത്തം പ്രതികളെ കുറ്റ വിമുക്തരാക്കി ഉത്തരവായി. എന്നാൽ ഹൈക്കോടതിയിൽ ജസ്റ്റിസ് ഉബൈദ് 2014 ൽ സിബിഐ കോടതിയിൽ ഹർജി ഫയൽ ചെയ്ത മൂന്നു പ്രതികളെ മാത്രം കുറ്റവിമുക്തരാക്കുകയും മറ്റുള്ളവരെ പ്രതികളാക്കി നിലനിർത്തിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ സിബിഐ യും വീണ്ടും പ്രതികളാക്കി മാറ്റപ്പെട്ടവരും സുപ്രീം കോടതിയിൽ 2017 ൽ SLP ഫയൽ ചെയ്തെങ്കിലും അഞ്ചു വർഷമായി കേസ് നീട്ടിക്കൊണ്ട് പോകുകയായിരുന്നു.
പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജികളാണ് ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.
മറുനാടന് മലയാളി ബ്യൂറോ