കോഴിക്കോട്: ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ കെഎസ്ആർടിസി നടപടിക്കെതിരെ പ്രതിഷേധം ഇരുമ്പുന്നു. സംഭവത്തിൽ സർക്കാറിനെയും കെഎസ്ആർടിസിയെയും പരിഹസിച്ചു അഡ്വ ജയശങ്കർ അടക്കമുള്ളവരാണ് രംഗത്തുവന്നത്. ശമ്പളം കൊടുക്കാൻ പാങ്ങില്ലെങ്കിലും ജീവനക്കാരെ നിലയ്ക്ക് നിർത്താനറിയാം എന്ന് തെളിയിച്ച കെഎസ്ആർടിസി മാനേജ്മെന്റിന് വിപ്ലവാഭിവാദ്യങ്ങളെന്ന് അഡ്വ ജയശങ്കർ പരിഹസിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിഷേധം.

അഡ്വ. ജയശങ്കറിന്റെ പോസ്റ്റ് ഇങ്ങനെ:

'ശമ്പള രഹിത സേവനം നാൽപ്പത്തൊന്നാം ദിവസം' എന്ന് കടലാസു തുണ്ടിലെഴുതി യൂണിഫോമിൽ കുത്തിയ കണ്ടക്ടർ അഖില എസ് നായരെ കെഎസ്ആർടിസി വൈക്കം ഡിപ്പോയിൽ നിന്ന് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. സ്ത്രീ എന്ന പരിഗണന കൊണ്ടായിരിക്കും സസ്പെന്റു ചെയ്യാഞ്ഞത്. ശമ്പളം കൊടുക്കാൻ പാങ്ങില്ലെങ്കിലും ജീവനക്കാരെ നിലയ്ക്ക് നിർത്താനറിയാം എന്ന് തെളിയിച്ച കെഎസ്ആർടിസി മാനേജ്മെന്റിന് വിപ്ലവാഭിവാദ്യങ്ങൾ!

അതേസമയം ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ചതിനെ യൂത്ത് ലീഗ് പരിഹസിച്ചു. 'പിണറായിക്കാലത്തെ മറ്റൊരു ക്രൂരത. ചെയ്ത ജോലിക്ക് ശമ്പളം തരാത്തത് ചോദ്യം ചെയ്തതിന് കെ എസ് ആർ ടി സി കണ്ട്കടർക്ക് സ്ഥലമാറ്റം നൽകി ശിക്ഷിച്ചു.. 'ശമ്പള രഹിത സേവനം നാൽപ്പത്തൊന്നാം ദിവസം' എന്നെഴുതിയ കടലാസ് യൂണിഫോമിൽ തൂക്കി ജോലി ചെയ്ത കണ്ടക്ടർ അഖില എസ് നായരെ കെ എസ് ആർ ടി സി വൈക്കം ഡിപ്പോയിൽ നിന്ന് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി. ശമ്പളം നൽകിയില്ലെന്ന് മാത്രമല്ല, അത് ചോദ്യം ചെയ്തതിനു തൊഴിയും..'- എന്നാണ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ യൂത്ത് ലീഗ് കുറിച്ചിരിക്കുന്നത്.

അഖിലയെ സ്ഥലംമാറ്റിയ ഉത്തരവിൽ പറയുന്നത് ഇങ്ങനെ: ''11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30 കളക്ടറേറ്റ് സർവീസ് പോയ കണ്ടക്ടർ അഖില എസ് നായർ ഒരു ജീവനക്കാരി എന്ന നിലയിൽ പാലിക്കേണ്ട ചട്ടങ്ങൾക്ക് വിരുദ്ധമായി സ്വന്തം നിലയിൽ സർക്കാരിനും കോർപ്പറേഷനും എതിരെ പ്രതിഷേധിച്ച് 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിർവഹിക്കുകയും ആയത് നവമാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേൽക്കാരണങ്ങളാൽ അഖില നായരെ ഭരണപരമായ സൗകര്യാർത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിടുന്നു.''

ശമ്പളം നൽകാതിരിക്കുന്നതിൽ പ്രതിഷേധിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്തരം നടപടികൾ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. എന്നാൽ സ്ഥലം മാറ്റം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്ഥലം മാറ്റ വിവരം താൻ അറിഞ്ഞതെന്നും അഖില പ്രതികരിച്ചു. ശമ്പളം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലായതോടയാണ് താൻ പ്രതിഷേധിച്ചത്. അതും ജോലി കൃത്യമായി ചെയ്തുകൊണ്ടുതന്നെ യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നിശബ്ദമായാണ് പ്രതിഷേധിച്ചത്. ജനുവരി 11നായിരുന്നു അഖിലയുടെ ഈ മൗന പ്രതിഷേധം. അതിനുശേഷം കോട്ടയം ഡിപ്പോയിലെ സ്‌ക്വാഡ് ഐസി വിളിപ്പിച്ച് സംഭവത്തിൽ അഖിലയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് രണ്ട് മാസങ്ങൾക്കു ശേഷം മാർച്ച് 23നാണ് ഇപ്പോൾ അഖിലയെ സ്ഥലം മാറ്റിയിരിക്കുന്നത്.

അതേസമയം ശനിയാഴ്ച തന്നോട് ജോലിക്ക് വരേണ്ടതില്ലെന്ന് ഡിപ്പോയിൽ നിന്നും അറിയിക്കുകയുണ്ടായി. അതല്ലാതെ കെഎസ്ആർടിസി സ്ഥലംമാറ്റ രേഖയൊന്നും തനിക്ക് നൽകിയിട്ടില്ലെന്നും അഖില പറഞ്ഞു. കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില. കെഎസ്ആർടിസിയുടെ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിഎംഎസ് അറിയിച്ചു.