- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ നടന്ന വിവാദ കട്ടിങ് സൗത്ത് പരിപാടിക്ക് പേര് വച്ചത് തന്റെ സമ്മതത്തോടെ അല്ലെന്ന് വിശദീകരിച്ചത് ഗോവ ഗവർണർ; നേരിൽ കണ്ട് ക്ഷണിച്ചെന്നും പി എസ് ശ്രീധരൻ പിള്ള പിന്നീട് വാക്കുമാറിയെന്നും സംഘാടക ധന്യ രാജേന്ദ്രന്റെ മൊഴി; ആരുപറയുന്നതാണ് നേരെന്ന് ആശയക്കുഴപ്പം
കൊച്ചി: 'കട്ടിങ് സൗത്ത് 2023'. ദക്ഷിണേന്ത്യക്കും, ഗ്ലോബൽ സൗത്തിനും( ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ)പ്രത്യേക ഊന്നൽ നൽകി നല്ല മാധ്യമ പ്രവർത്തനം ആഘോഷിക്കാനുള്ള ആഗോള മാധ്യമ ഉത്സവം കൊച്ചിയിൽ മാർച്ച് 25 നാണ്് നടന്നത്. പരിപാടിയുടെ പേരാണ് വിവാദത്തിന് ഇടയാക്കിയത്. പുതിയ സംഭവ വികാസങ്ങൾ നടക്കുന്ന സ്ഥലം എന്നർഥം വരുന്ന കട്ടിങ് എഡ്ജ് എന്ന ശൈലിയുടെ വകഭേദമാണ് കട്ടിങ് സൗത്ത് എന്നാണ് മുഖ്യസംഘാടകയും മാധ്യമ പ്രവർത്തകയുമായ ധന്യ രാജേന്ദ്രൻ വിശദീകരിച്ചത്. ബാംഗ്ലൂർ സെൻട്രൽ പൊലീസിന് കഴിഞ്ഞ മാസം നൽകിയ മൊഴിയിലാണ് ധന്യ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ ആശയമായ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് സൗത്ത് ഇന്ത്യ എന്ന ലക്ഷ്യം പുനരുജ്ജീവിപ്പിക്കാനുള്ള നീക്കമാണെന്ന് ആയിരുന്നു വിമർശനം.
പരിപാടിയിലേക്ക് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടും വിവാദമുണ്ടായി. കൊച്ചിയിലെ കട്ടിങ് സൗത്ത് എന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്നും പരിപാടിയിൽ പേര് വെച്ചത് ഗവർണറുടെയോ രാജ്ഭവന്റെയോ സമ്മതത്തോടെയല്ലെന്ന് ഗോവ രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുമായി പരിചയമില്ലെന്നും പി.എസ് ശ്രീധരൻപിള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു, രാജ്ഭവന്റെ വാർത്താക്കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാൽ ശ്രീധരൻ പിള്ള പറയുന്നത് ശരിയല്ല എന്നാണ് ധന്യ രാജേന്ദ്രന്റെ മൊഴി.
കട്ടിങ് സൗത്ത് ഫെസ്റ്റിൽ അവാർഡ് ദാനം ഗോവ ഗവർണർ നിർവഹിക്കുമെന്ന പരിപാടിയുടെ അറിയിപ്പിനു ശേഷമാണ് ഗോവ ഗവർണർ പിന്മാറിയത്. ബെംഗളുരു സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം കട്ടിങ് സൗത്ത് സംഘാടകയും ന്യൂസ് മിനിട്ട് എഡിറ്ററുമായ ധന്യ രാജേന്ദ്രനെ ബെംഗളുരു സെൻട്രൽ സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോഴാണ് ഗവർണറുടെ വാദം നിഷേധിച്ചത്.
സംഘാടകരെ പ്രതിനിധീകരിച്ച് കാർട്ടൂണിസ്റ്റ് സുധീർനാഥും കോൺഫ്‌ളുവൻസ് മീഡിയ ജീവനക്കാരൻ ജോയൽ ജോർജും എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ മാർച്ച് 22നു ഗോവ ഗവർണറെ നേരിൽ കണ്ട് ക്ഷണിച്ചതായി ധന്യ രാജേന്ദ്രൻ രേഖാമൂലം പൊലീസിനു മൊഴി നൽകി. പരിപാടിയിൽ പങ്കെടുക്കാമെന്നു സമ്മതിച്ച ഗവർണർ പിന്നീടു വാക്കു മാറി നിഷേധക്കുറിപ്പ് ഇറക്കിയെന്നാണ് ധന്യയുടെ ആരോപണം.
മാർച്ച് 18 നു ഗവർണർക്ക് ഇ-മെയിലിൽ അയച്ച ക്ഷണക്കത്തിന്റെ സ്‌ക്രീൻ ഷോട്ടും രേഖയായി സമർപ്പിച്ചു. ഇതോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
കട്ടിങ് സൗത്തിന്റെ ലോഗോയിൽ ദക്ഷിണേന്ത്യയെ വേർപിരിച്ചു ചിത്രീകരിച്ചതും സമ്മേളനത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണവും വിവാദമായിരുന്നു. എന്നാൽ, പരിപാടി പൂർണമായി കേരള മീഡിയ അക്കാദമിയാണ് ഫണ്ട് ചെയ്തതെന്ന് ധന്യ രാജേന്ദ്രൻ തന്റെ മൊഴിയിൽ പറഞ്ഞു.
പരിപാടിക്ക് വിദേശ ഫണ്ടുണ്ടായിരുന്നില്ല. എന്നാൽ, പാനൽ ചർച്ചയുടെ ഭാഗമായി കാലാവസ്ഥാമാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ടിങ് എന്ന സെഷൻ കനേഡിയൻ ഹൈക്കമ്മിഷൻ സ്‌പോൺസർ ചെയ്തുവെന്ന് ധന്യ സമ്മതിക്കുന്നുണ്ട്.
കേരള മീഡിയ അക്കാദമി, ദി ന്യൂസ് മിനിറ്റ്, ന്യൂസ് ലോൺട്രി, കോൺഫ്‌ളുവൻസ് മീഡിയ എന്നിവ സംയുക്തമായി നടത്തിയ കട്ടിങ് സൗത്ത്, മാർച്ച് 24 മുതൽ 26 വരെ കൊച്ചിയിലാണ് നടന്നത്.
മറുനാടന് മലയാളി ബ്യൂറോ