- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റർ നോയിഡയിൽ വീടു വച്ചത് മകളുടെ ഫോണിലുടെയുള്ള നിർദ്ദേശം കേട്ട്; വീടു കാണാനായി എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ കാലിന് വേദന; ചക്കുളത്തമ്മയെ പ്രാർത്ഥിച്ചപ്പോൾ അമേരിക്കയിൽ ചികിൽസ സാധ്യമായി; രണ്ടാം വരവിൽ ക്യാൻസർ വന്നപ്പോൾ മകൾ യാത്രയായി; കണ്ണു നിറഞ്ഞ് മകളുടെ ഓർമ്മ പങ്കുവച്ച് ബംഗാൾ ഗവർണ്ണർ; സിവി ആനന്ദബോസ് മകളെയോർത്ത് വിതുമ്പുമ്പോൾ
കൊച്ചി: ബംഗാളിലെ എല്ലാവരേയും ചേർത്ത് പിടിക്കുന്ന ഗവർണ്ണർ. വേർപരിയലിന്റെ ദുഃഖം അറിയുന്ന അച്ഛനാണ് സിവി ആനന്ദബോസ്. ചിരിച്ച മുഖവുമായി ബംഗാളിന് വേണ്ടി ഓടി നടക്കുന്ന ഗവർണ്ണറുടെ മനസ്സിനുള്ളിൽ നൊമ്പരമാണ്. മകളെ കുറിച്ചുള്ള വേദന. അത് തുറന്നു പറയുകയാണ് ഗവർണ്ണർ സിവി ആനന്ദബോസ്. മകൾ നന്ദിത ബോസിനെപ്പറ്റിയുള്ള അതിവൈകാരിക നിമിഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ആ അച്ഛൻ വിതുമ്പുന്നുണ്ട്. അതിജീവനത്തിന്റെ കരുത്തിന്റെ പ്രതീകമായിരുന്നു മകളെന്ന് ആനന്ദ ബോസ് പറഞ്ഞു. അർബുദത്തോട് പരമാവധി പൊരുതിയാണ് നന്ദിത ഈ ലോകത്തോട് വിട ചൊല്ലിയതെന്നും ബംഗാൾ ഗവർണ്ണർ പറയുന്നു.
മനോരമ ന്യൂസ് കേരള കാൻ ലൈവത്തൺ ഏഴാംപതിപ്പിൽ പങ്കുവച്ച് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ചർച്ചകളിൽ നിറയുകയാണ്. മകളുടെ സ്മരണയ്ക്കായി കേരള കാനിൽ സി.വി.ആനന്ദബോസ് ഒരുലക്ഷം രൂപയുടെ നന്ദിത ബോസ് പുരസ്‌കാരം പ്രഖ്യാപിച്ചു. കാൻസർ അതിജീവിതയും ഗായികയുമായ എസ്.എസ്.അവനിക്കാണു പുരസ്‌കാരം സമ്മാനിച്ചത്. നന്ദിത ബോസ് രചിച്ച പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിച്ചു. ആത്മവിശ്വാസവും അചഞ്ചലമായ ഈശ്വര വിശ്വാസവും കാൻസറിനെ നേരിടുന്നതിൽ തുണയ്ക്കുമെന്നു മകൾ നന്ദിത രോഗത്തെ നേരിട്ട അനുഭവം വിവരിച്ച് അദ്ദേഹം പറഞ്ഞു.
''ജർമനിയിലായിരുന്നു നന്ദിത കുടുംബവുമൊത്ത് താമസിച്ചിരുന്നത്. മകളെ വിവാഹം ചെയ്തത് ഒരു നയതന്ത്രജ്ഞനാണ്. അവിടുത്തെ കോൺസൽ ജനറലാണ്. ഇതിനിടെ ഞങ്ങൾ ഡൽഹിക്ക് അടുത്ത് ഗ്രേറ്റർ നോയിഡയിൽ വീടുവച്ചു. മകൾ ഫോണിൽ വിളിച്ച് നൽകിയ നിർദേശത്തിന് അനുസരിച്ചാണ് വീട് വച്ചത്. ആ വീട് അവൾ കണ്ടിട്ടില്ല. വീട് കാണാനായി എയർപോർട്ടിലേക്ക് പോകുമ്പോൾ കാലിന് അസഹ്യമായ വേദന തോന്നി. അമ്മയെ വിളിച്ചു പറഞ്ഞു. പെയിൻ കില്ലർ കഴിച്ചുനോക്കി. വേദന കുറഞ്ഞില്ല. തിരികെ ആശുപത്രിയിലേക്ക് പോയി.
അവിടെയെത്തി പരിശോധിച്ചപ്പോഴാണ് കാൻസറാണ് എന്ന് അറിയുന്നത്. ഇതറിഞ്ഞ് ഞാനും ഭാര്യയും ജർമനിയിൽ പോയി. അവിടെ നല്ല ചികിത്സ കിട്ടി. ചികിത്സ കഴിഞ്ഞ് തിരിച്ച് പോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ആശുപത്രിയിൽ പോയി. ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു. കാർട്ടീവ് ട്രീറ്റ്‌മെന്റിനായി അമേരിക്കയിലേക്ക് പോയി. ചികിത്സയ്ക്കു നല്ല തിരക്കാണ്. ചക്കുളത്തമ്മയെ പ്രാർത്ഥിച്ചു. ട്രീറ്റ്‌മെന്റിന് അവസരം ലഭിച്ചു.
രണ്ട് മില്യൻ യുഎസ് ഡോളറാണ് ചെലവ്. ഭാഗ്യത്തിന് മകളുടെ ഭർത്താവ് ഡിപ്ലോമാറ്റ് ആയതുകൊണ്ട് സൗജന്യമായി ചികിത്സ ലഭിച്ചു. സാങ്കേതിക നൂലാമാലകൾ പിന്നെയും പലതും വന്നു. അതെല്ലാം അതിജീവിച്ചു. ചികിത്സയുടെ പണം കേന്ദ്ര സർക്കാർ നൽകി. കുറേക്കഴിഞ്ഞ് വീണ്ടും അസുഖം തേടിയെത്തി. മകൻ അക്കുവിനെ തനിച്ചാക്കി അവൾ ജീവിതത്തോട് വിട ചൊല്ലി. നോയിഡയിലെ ആ വീട് ഇന്നും ഉടമയെ കാത്തിരിക്കുന്നു'' മകളെയോർത്ത് ആനന്ദബോസ് വിതുമ്പി.
ഗവർണർ പദവി അഞ്ച് വർഷം മുൻപ് കാൻസർ ബാധിച്ച് മരിച്ച നർത്തകിയും ചിത്രകാരിയും എഴുത്തുകാരിയുമായിരുന്ന മകൾ നന്ദിതാ ബോസിന് സമർപ്പിക്കുകയാണെന്ന് സി.വി. ആനന്ദബോസ് നേരത്തെയും പറഞ്ഞിരുന്നു. ന്യൂയോർക്കിലെ മെമോറിയൽ സ്ലോവൻ കെറ്ററിങ് ആശുപത്രിയിൽ അർബുദ രോഗ ചികിൽസയിലായിരിക്കെയായിരുന്നു നന്ദിതയുടെ മരണം. ഡോ. വിധു പി. നായർ ഐഎഫ്എസിന്റെ ഭാര്യയാണ് നന്ദിത ബോസ്.
മികച്ച നർത്തകിയായിരുന്ന നന്ദിത കലാമണ്ഡലം വിമല മേനോന്റെ ശിഷ്യയായിരുന്നു. വിദേശ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളുടെ സാംസ്‌കാരിക വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. ചിത്രകാരി, എഴുത്തുകാരി, യാത്രിക എന്നീ നിലകളിലും നയതന്ത്ര വൃത്തങ്ങളിൽ നന്ദിക അംഗീകാരം നേടിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ