- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി വി ആനന്ദ ബോസ് പശ്ചിമ ബംഗാൾ ഗവർണർ; ഔദ്യോഗിക ജീവിതം തുടങ്ങിയ മണ്ണിൽ ഇനി ഗവർണർ പദവിയിൽ; നിയമനം ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായതോടെ; ഗവർണർ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളി; 'സുഗമമായ ഭരണമാണ് ലക്ഷ്യം'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് പ്രതികരണം
ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായി ഡോ. സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായതിനെ തുടർന്നാണ് നിയമനം. ഔദ്യോഗിക ജീവിതം തുടങ്ങിയ മണ്ണിൽ ഗവർണർ പദവയിൽ എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഡോ. സി വി ആനന്ദ ബോസിന്റെ നിയമനത്തിൽ.
മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് സി വി ആനന്ദ ബോസ് പ്രതികരിച്ചു. ഭരണഘടന അനുസരിച്ച് ഭരണപക്ഷവും പ്രതി പക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ആനന്ദ ബോസ് പറഞ്ഞു. സിവിൽ സർവീസിലെ പ്രവർത്തനം കരുത്താകും. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിചിത ഇടമാണ് പശ്ചിമ ബംഗാൾ. കൊൽക്കത്തയിൽ നിന്നാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തന്റെ ആദ്യ ചെറുകഥ പോലും പശ്ചിമ ബംഗാളിലെ ചേരികളെ കുറിച്ചാണ്. തന്റെ പേരിലും ബംഗാൾ ടച്ച് ഉണ്ടെന്നും സി വി ആനന്ദ ബോസ് പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കും നന്ദിയെന്ന് ആനന്ദ് ബോസ് കൂട്ടിച്ചേർത്തു.
Dr CV Ananda Bose appointed as the Governor of West Bengal. pic.twitter.com/PsGKySLgGO
- ANI (@ANI) November 17, 2022
കോട്ടയം മാന്നാനം സ്വദേശിയാണ് സി വി ആനന്ദ് ബോസ്. ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ആനന്ദ ബോസ് നേരത്തെ മേഘാലയ ഗവൺമെന്റിന്റെ ഉപദേഷാട്, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയർമാനുമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 32 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
നാല് തവണ യു എന്നിന്റെ ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവും ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ സ്പെഷ്യൽ ഹാബിറ്റാറ്റ് അവാർഡും ജവഹർലാൽ നെഹ്റു ഫെലോഷിപ്പും ഉൾപ്പെടെ ദേശീയവും അന്തർദേശീയവുമായ ഇരുപത്തി ആറ് അവാർഡുകൾ ആനന്ദ ബോസിന് ലഭിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും, അഡീഷണൽ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയർമാനായിരുന്നു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേർന്നത്. ഗവർണർ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളിയാണ് സി.വി.ആനന്ദബോസ്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ പി.എസ്.ശ്രീധരൻ പിള്ള നിലവിൽ ഗോവ ഗവർണറാണ്.
മറുനാടന് മലയാളി ബ്യൂറോ