തിരുവനന്തപുരം: മെഡിക്കൽ കോളജിൽ പിൻവാതിലിലൂടെ താൽക്കാലിക ജോലി ലഭിച്ചവരിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ സഹോദരനും. ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലാണ് അനിലിന്റെ സഹോദരൻ ഡി.ആർ.രാംരാജ് അനധികൃത നിയമനം നേടിയത്. മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നത് പതിവായപ്പോൾ ഒരിക്കൽ പുറത്താക്കിയതാണ് അനിലിന്റെ സഹോദരനെ. പിന്നീട് വീണ്ടും ഡി ആർ അനിലിന്റെ ഇടപെടലിൽ ജോലിക്ക് കയറ്റി. മെഡിക്കൽ കോളേജിലെ ബന്ധു നിയമനത്തിന് ഏറ്റവും വലിയ തെളിവാണ് ഇത്. അനിലിന് ഇഷ്ടമില്ലാത്ത ആർക്കും ഇവിടെ ജോലി ലഭിക്കില്ല. കുടുംബശ്രീയുടെ മറവിലാണ് ഈ നിയമനവും.

ബന്ധു നിയമനത്തിന്റെ പേരിൽ എസ്എടിയിലെ ലേ സെക്രട്ടറി മൃദുല കുമാരിയെ സസ്‌പെൻഡ് ചെയ്ത സാഹചര്യത്തിൽ സമാന ആരോപണമാണ് അനിലും നേരിടുന്നത്. മെഡിക്കൽ കോളജിന്റെ ഭാഗം തന്നെയായ എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് അനിൽ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് വിവാദത്തിലാണ്. വാർഡ് കൗൺസിലർ സമിതിയിൽ അംഗമാണെങ്കിലും രണ്ടു പദവികളും അനിൽ ഒരുമിച്ചു വഹിക്കുകയാണ്. ഇതിന്റെ മറവിലാണ് മെഡിക്കൽ കോളജിലും എസ്എടിയിലും അനധികൃത നിയമനങ്ങൾ നടത്തുന്നതതെന്നാണ് ആരോപണം. കുടുംബശ്രീ വഴിയുള്ള നിയമനത്തിന്റെ മറവിലാണ് ആദ്യം രാംരാജിന് ജോലി തരപ്പെടുത്തിയത്.

ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ആശുപത്രിക്കുള്ളിൽ ബഹളമുണ്ടാക്കുന്നതു സംബന്ധിച്ച് ഡോക്ടർമാരുൾപ്പെടെയുള്ളവർ നിരന്തരം പരാതിപ്പെട്ടപ്പോൾ രാംരാജിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടിരുന്നു. വിവാദം കെട്ടടങ്ങിയപ്പോഴാണ് ലിഫ്റ്റ് ഓപ്പറേറ്ററായി വീണ്ടും പിൻവാതിലിലൂടെ കയറ്റിയത്. ഡി ആർ അനിലിനെ പോലുള്ളവരുടെ പിന്തുണയിൽ ആശുപത്രി ഭരിക്കുന്നത് രാംരാജാണ്. സിപിഎം പ്രാദേശിക നേതാക്കൾ നൽകുന്ന ലിസ്റ്റിനൊപ്പം തന്റെ ബന്ധുക്കളെയും ഉൾപ്പെടുത്തിയാണ് ലേ സെക്രട്ടറി അനധികൃത നിയമനങ്ങൾ നടത്തിയത്. ഇതും വിവാദത്തിലാണ്. അതിനിടെ എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനായി പാർട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് കീറിക്കളയുകയായിരുന്നുവെന്നു കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെ മൊഴിയുണ്ട്.

പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നു തന്റെ ഓഫിസിൽ വച്ച് കത്ത് തയാറാക്കിയതെന്നും കത്ത് പുറത്തു പോയതിനെക്കുറിച്ച് അറിയില്ലെന്നും ക്രൈംബ്രാഞ്ചിനും വിജിലൻസിനും നൽകിയ മൊഴിയിൽ പറയുന്നു. 'എസ്എടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താൻ കത്തു തയാറാക്കിയെന്നും ഇതു ആവശ്യമില്ലെന്നു മനസ്സിലായതിനാൽ നശിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും മേയറുടെ കത്തിന്റെ വാട്‌സാപ് സ്‌ക്രീൻഷോട്ട് മാത്രമാണ് ലഭിച്ചതെന്നും അനിൽ മൊഴി നൽകി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ. സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. മാസങ്ങൾക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദന വീഡിയോ വൈറലായതിന് ശേഷം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നിയമന മാഫിയ പോലും മെഡിക്കൽ കോളേജിൽ സജീവമാണെന്ന് അറിയുന്നത്. കത്ത് വിവാദത്തോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്.

ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മറവിലാണ് എല്ലാ തട്ടിപ്പും. എച്ച് ഡി എസ് എന്ന ഓമനപ്പേരിൽ അറിയുന്ന ഈ കമ്പനിയുടെ നിയന്ത്രണം എല്ലാ കാലത്തും ഭരണപക്ഷത്തിനാകും. ഈ രാഷ്ട്രീയ കരുത്തിലാണ് ഡി ആർ ഫാൻസും വളരുന്നത്. എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയാൽ അറുപത് വയസ്സുവരെ ആശുപത്രിയിൽ ജോലി നോക്കാം. പെൻഷൻ ഉണ്ടാകില്ല. മറ്റ് ആനുകൂല്യങ്ങൾ കിട്ടുകയും ചെയ്യും. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമനങ്ങളിൽ അട്ടിമറി നടക്കുന്നത്. സ്വാധീനമുള്ളവരുടെ അതിവിശ്വസ്തർ ഇവിടെ സ്ഥിര ജോലിക്കാരാകുന്നു.

എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയ രണ്ട് പ്യൂണുമാരുണ്ട്. ഇവരാണ് എച്ച് ഡി എസിലെ താക്കോൽ സ്ഥാനക്കാരനെ നിയന്ത്രിക്കുന്നത്. ഈ പ്യൂണുമാരിൽ ഒരാളുടെ ഭാര്യയും മകളും മകനും മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. ഭാര്യ കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലാണ് ജോലി. മകൾ തിയേറ്ററിൽ നേഴ്സാണ്. മകൻ ഓക്സിജൻ പ്ലാന്റിലും. മറ്റൊരു പ്യൂണിന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇതിനൊപ്പം ഇയാളുടെ കുടുംബത്തിലെ ഏഴു പേരാണ് മെഡിക്കൽ കോളേജിലെ വിവിധ ഇടങ്ങളിൽ ജോലിക്കുള്ളത്. അറുപത് വയസ്സുവരെ ഇവർക്ക് ജോലി ചെയ്യാം. അതുകൊണ്ട് തന്നെ സ്ഥിര ജോലിക്ക് സമാനമാണ് കാര്യങ്ങൽ.

പത്തു കൊല്ലമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എച്ച് ഡി സി വഴി കൃത്യമായി യോഗ്യതയുള്ളവരെ നിയമിക്കുന്നില്ലെന്നാണ് ആക്ഷേപം. വിവധ പദ്ധതികളിൽ ആദ്യം പരിചയക്കാരെ താൽകാലികക്കാരായി തിരുകി കയറ്റും. അതിന് ശേഷം കുറച്ചു കാലം കഴിയുമ്പോൾ കളക്ടറേറ്റിനെ സ്വാധീനിച്ച് എച്ച് ഡി സിയിലൂടെ ഇവരെ ആശുപത്രി ജീവനക്കാരായി ഉയർത്തുന്നതാണ് തന്ത്രം. മുകളിൽ പറഞ്ഞ പ്യൂണുമാരുടെ കുടുംബാംഗങ്ങളെല്ലാം ഇത്തരത്തിൽ ആശുപത്രിയിൽ ജോലിക്ക് കയറിയവരാണ്.

ഇതോടെ നേഴ്സിംഗും ലാബ് ടെക്നീഷ്യൻ കോഴ്സും അടക്കം പഠിച്ച് ജോലിക്കായി കാത്തു നിൽക്കുന്ന സാധാരണക്കാരുടെ വാതിലും അടയുകയാണ്. എവിടെ ഒഴിവെത്തിയാലും അടിയന്തരമായി എന്ന് പറഞ്ഞ് എച്ച് ഡി സിയിലൂടെ നിയമനം നടത്തും. പി എസ് സിക്ക് വേക്കൻസി റിപ്പോർട്ട് ചെയ്യാൻ വൈകിച്ചാണ് ഇത്. ഈ പോസ്റ്റിലേക്ക് എച്ച് ഡി സിക്കാരെത്തിയാൽ പിന്നെ അവിടെ ഒഴിവ് നികത്തപ്പെട്ടതു പോലെ കണക്കാക്കും. അത് പി എസ് എസിക്ക് എത്തുകയുമില്ല. ഇതിലൂടെ ജോലി അർഹിക്കുന്നവർക്ക് തൊഴിൽ നഷ്ടവും സംഭവിക്കും. നേരത്തെ വിമുക്ത ഭടന്മാരെയാണ് സെക്യൂരിറ്റിക്കാരായി നിയോഗിച്ചിരുന്നത്. പിന്നീട് ഇത് ഏജൻസിക്ക് കൈമാറി. ഇതിന് പിന്നാലെ സെക്യൂരിറ്റിക്കാരായി എത്തുന്നതും ഡി ആർ ഫാൻസാണ്.

ഇതാണ് ക്രിമിനലുകളുടെ ഇടത്താവളമായി മെഡിക്കൽ കോളേജിനെ മാറ്റിയത്. കൂട്ടിരിപ്പുകാരെ പോലും ക്രൂരമായി അവർ മർദ്ദിക്കുന്നു. പരാതി പറഞ്ഞാൽ അടികൊള്ളുന്നവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസും എടുക്കും. ഇതിനൊപ്പമാണ് മറ്റ് നിയമന അഴിമതികൾ.