- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരക്കടലാസുകൾ പൂർണമായി നോക്കിയില്ല; റിസൾട്ട് വൈകി; പ്രിയ വർഗീസിനും 'കവിത മോഷ്ടാവ്' ദീപ നിശാന്തിനുമെതിരേ പരിഹാസവുമായി അഡ്വ ജയശങ്കർ; അതൊരു പ്രതിഷേധമെന്ന വാദവുമായി ദീപാ നിശാന്തും; 2019ൽ കാലിക്കറ്റിൽ സംഭവിച്ചത് എന്ത്? സൈബർ ലോകത്ത് ചർച്ച തുടരുമ്പോൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂർ സർവ്വകലാശാല നിയമന വിവാദത്തിൽ പെട്ട അദ്ധ്യാപികയുമായ പ്രിയ വർഗീസിനെതിരെ അഭിഭാഷകൻ എസ്.ജയശങ്കർ. കവിത മോഷണത്തിലൂടെ വിവാദത്തിലായ ദീപ നിശാന്ത് ഉൾപ്പെടെ തൃശൂർ കേരള വർമ്മ കോളേജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്ക് ലഭിച്ച ഉത്തരക്കടലാസ് പൂർണമായി നോക്കിയില്ലെന്നും അത് വഴി പരീക്ഷ ഫലം ആറുമാസം താമസിച്ചെന്നും എസ്. ജയശങ്കർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഓഡിറ്റ് റിപ്പോർട്ടും ജയശങ്കർ ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടു.
ജയങ്കറിന്റെ പോസ്റ്റിന് താഴെ മറുപടിയും ദീപ് നിശാന്ത് ഇട്ടിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ എത്ര കോളേജുകളുണ്ടെന്നും അതിൽ എത്ര മലയാളം അദ്ധ്യാപകരുണ്ടെന്നും അന്വേഷിക്കുക. അവരിൽ എത്ര പേർ സ്ഥിരമായി മൂല്യനിർണയക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ട് എന്ന് സമയമുണ്ടെങ്കിൽ അന്വേഷിക്കുക. മേൽപ്പറഞ്ഞ പേരുകാർ സർവീസിൽ കയറിയതിനു ശേഷം എത്ര ക്യാമ്പ് നടന്നിട്ടുണ്ട് എന്നും അതിൽ ഏതൊക്കെ ക്യാമ്പുകളിൽ അവർ പങ്കെടുക്കാതിരുന്നിട്ടുണ്ട് എന്നും അന്വേഷിക്കുക. ഉത്തരം കിട്ടും.
ക്യാമ്പിൽ സ്ഥിരമായി പങ്കെടുക്കാത്ത അദ്ധ്യാപകരുണ്ട്. അവരുടെ ജോലി കൂടി ക്യാമ്പിൽ ഹാജരാകുന്ന അദ്ധ്യാപകർ എടുക്കേണ്ടി വരുന്ന സാഹചര്യം ആവർത്തിച്ചപ്പോൾ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ അദ്ധ്യാപകരും ഹാജരാകുകയാണെങ്കിൽ നോക്കേണ്ടി വരുമായിരുന്ന ഉത്തരക്കടലാസുകൾ എത്രയാണെന്ന് നിജപ്പെടുത്തി അത് നോക്കുകയും ബാക്കി തിരികെ ഏൽപ്പിക്കുകയും ചെയ്തു. ആ പ്രതിഷേധത്തിന് ഞങ്ങൾക്ക് ശിക്ഷ ലഭിക്കുകയാണെങ്കിൽ ഒരൊറ്റ പേപ്പർ പോലും നോക്കാതെ വീട്ടിലിരുന്ന അദ്ധ്യാപകരെ യൂണിവേഴ്‌സിറ്റി എന്തു ചെയ്യും? ഈ പ്രതിഷേധത്തിനു ശേഷം അതുവരെ വീട്ടിലിരുന്നവരെല്ലാം കൃത്യമായി ക്യാമ്പുകളിൽ ഹാജരാകാറുണ്ട് . അതുകൊണ്ടുതന്നെ അമിതഭാരം ഒരാൾക്കും വരുന്നുമില്ല എന്ന വ്യത്യാസം കൂടി ഉണ്ടായിട്ടുണ്ട് എന്നും അങ്ങയെ ഓർമ്മിപ്പിക്കട്ടെ.
മേൽപ്പറഞ്ഞ പ്രതിഷേധം കൊണ്ട് ഒരു വിദ്യാർത്ഥിയുടേയും റിസൾട്ട് വൈകിയിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാനടത്തിപ്പും റിസൾട്ടും അതിന് മുമ്പ് നടന്നിരുന്ന പോലെ തന്നെ നടന്നിട്ടുണ്ട്. എല്ലാവരും പങ്കെടുക്കുകയാണെങ്കിൽ ഒന്നോരണ്ടോ ദിവസം കൊണ്ട് അവസാനിക്കേണ്ട ക്യാമ്പുകൾ ആളുകൾ വരാത്തതിനാൽ ഒന്നും രണ്ടും ആഴ്ചകൾ നീണ്ടുപോകുമ്പോൾ ക്ലാസ്സിൽ ഹാജരാകുന്ന വിദ്യാർത്ഥികളുടെ പഠിപ്പും ഭാവിയുമൊന്നും ആരുടേയും വൈകാരികവിക്ഷോഭങ്ങളിൽ ഇടം പിടിക്കാത്തത് വിചിത്രമാണ്. വെക്കേഷനുകളിലടക്കം മൂല്യനിർണയക്യാമ്പുകളിൽ സ്ഥിരമായി ഹാജരാകുന്ന ആളുകളുടെ പേര് ഇങ്ങനെ കാണുമ്പോൾ പൊതുജനം വിശ്വസിച്ചേക്കും എന്നൊരു മെച്ചം ഇത്തരം ആരോപണങ്ങൾക്കുണ്ട്. സമർത്ഥമായി അതിനിടയിൽ യഥാർത്ഥപ്രതികൾ മറഞ്ഞിരിക്കുകയും ചെയ്യും.
ഇത് പൊക്കിക്കൊണ്ടു തന്നവർ ഇതൊന്നും പറഞ്ഞു തരാൻ വഴിയില്ലെന്നറിയാം. വെറുതെ പറഞ്ഞെന്നേയുള്ളു. അങ്ങ് ജോലി തുടർന്നോളു.-ഇതാണ് ദീപാ നിശാന്തിന്റെ പ്രതികരണം.
അഡ്വ ജയശങ്കറിന്റെ പോസ്റ്റിന്റെ പൂർണരൂപം-
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടത്:
2019ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസ് പരിശോധന ക്യാമ്പിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്കു ലഭിച്ച 165 ആൻസർ ബുക്കിൽ വെറും 35 എണ്ണം നോക്കി മാർക്കിട്ടു; ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തു.
അദ്ധ്വാനശീലരും കർത്തവ്യ വ്യഗ്രരുമായ ആ ആറു ഗുരുശ്രേഷ്ഠർ താഴെ പറയുന്നവരാണ്.
1) ഡോ. രാജേഷ് എംആർ
2) ദീപ ടിഎസ്
3) പ്രിയ വർഗീസ്
4) ഡോ. ടികെ കല മോൾ
5) ഡോ. ബ്രില്ലി റാഫേൽ
6) ഡോ. എസ്. ഗിരീഷ് കുമാർ.
ഇവരിൽ രണ്ടാം പേരുകാരി പ്രമുഖ കവിതാ മോഷ്ടാവും സാംസ്‌കാരിക നായികയുമാണ്- ദീപ നിശാന്ത്. മൂന്നാം പേരുകാരി നിയുക്ത കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ.
ഇവരുടെ ശ്രമഫലമായി റിസൽട്ട് ആറു മാസം വൈകി എന്നും ഓഡിറ്റ് റിപ്പോർട്ട് തുടരുന്നു.
എന്നിട്ടോ? ഒരു പാരിതോഷികവും ലഭിച്ചില്ല. കാരണം, കലിക്കറ്റ് യൂണിവേഴ്സിറ്റിയും ശ്രീ കേരളവർമ്മ കോളേജും ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാർട്ടിയാണ്.
മറുനാടന് മലയാളി ബ്യൂറോ