ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് നേരേയും എത്തി തെരുവ് നായ. കേരളത്തിൽ അല്ല. ഡൽഹിയിൽ ആണെന്ന് മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ മുൻകരുതൽ എടുക്കുകയായിരുന്നു. പിബി യോഗത്തിൽ പങ്കെടുക്കാനായി പിണറായി വിജയൻ എകെജി ഭവനിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കേരളത്തിൽ തെരുവ് നായ സർക്കാരിന് തലവേദനയാണ്. ഇതിനിടെയാണ് ഡൽഹിയിലെ പട്ടി വീഡിയോ വൈറലാകുന്നത്.

അപകടകാരിയായിരുന്നില്ല ഡൽഹിയിലെ പട്ടി. മുഖ്യമന്ത്രിയുടെ കാർ നിർത്തുമ്പോൾ അതിന്റെ പരിസരത്ത് നിൽക്കുകയായിരുന്നു പട്ടി. മുഖ്യമന്ത്രിക്ക് വാതിൽ തുറന്ന് കൊടുക്കുമ്പോൾ ഈ പട്ടി മുഖ്യമന്ത്രിയുടെ സഞ്ചാര പാതയിലേക്ക് പതിയെ നടന്നു കയറി. ഇതോടെ സംഘത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അതിനെ കാലു കൊണ്ട് തട്ടിമാറ്റി. മറ്റൊരാളും പട്ടിയെ ഓടിക്കാൻ കൂടെ കൂടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലും പട്ടിയെ അപകടകാരിയാക്കിയില്ല. ഈ സമയം മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി. പട്ടിയെ ഒന്നു നോക്കി ഹാളിലേക്ക് പോയി.

ഈ സമയവും പട്ടി മുഖ്യമന്ത്രിയുടെ പുറകു വശത്ത് നിൽപ്പുണ്ടായിരുന്നു. തോക്കേന്തിയ സുരക്ഷാ ഭടന്മാർ അടക്കം പത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് വെള്ളക്കാറിൽ മുഖ്യമന്ത്രി എകെജി സെന്ററിലെത്തിയത്. മുഖ്യമന്ത്രി നടന്നു നീങ്ങുമ്പോഴും ആ തെരവ് നായ ഒന്നും സംഭവിക്കാത്തതു പോലെ റോഡിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രി നടന്നു കയറിയ ശേഷം ആ പട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഒന്നും ചെയ്യാനും മുതിർന്നില്ല.

പത്തനംതിട്ടയിൽ മജിസ്രേറ്റിനടക്കം തെരുവ്‌നായയുടെ കടിയേറ്റിരുന്നു. സായാഹ്ന നടത്തത്തിനിടെ പത്തനംതിട്ട വെട്ടിപ്പുറത്ത് വച്ചാണ് കടിയേറ്റത്. നഗരത്തിൽ പ്രവർത്തിക്കുന്ന ജുവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടിയേറ്റ മറ്റൊരാൾ. ഇരുവരും ആശുപത്രിയിലെത്തി ചികിത്സ തേടി. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കൂടുന്നു. ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.

സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എൺപത്തി ആറായിരം പേർക്ക്. ഈ വർഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.മെയ് മുതൽ ഓഗസ്റ്റ് വരെ ചികിത്സ തേടിയത് ഒരു ലക്ഷത്തി എൺപത്തിമൂവായിരം പേർ. കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഏറ്റവും കൂടുതൽ പേ വിഷ ബാധയേറ്റുള്ള മരണമുണ്ടായത് ഈ വർഷമാണ്. 21 പേർ. വാക്‌സിൻ സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷത്തോളം തെരുവുനായക്കളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക കണക്ക്.

ഇവക്കെല്ലാം വാക്‌സിൻ നൽകലാണ് സർക്കാറിന് മുന്നിലെ പ്രതിസന്ധി.ആക്രമണ കാരികളായ തെരുവ് നായകളുള്ള ഹോട്ട്‌സ്‌പോട്ടുകൾക്ക് പ്രാധാന്യം നൽകി അടുത്ത ആഴ്ചയോടെ വാക്‌സിൻ നൽകാനാണ് സർക്കാർ തീരുമാനം.