- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനും മുന്നെ അരി തിന്നും ആളെക്കൊന്നും നടന്നവൻ; ബത്തേരി ടൗണിലും ഭീഷണിയായപ്പോൾ പിടികൂടിയത് ശ്രമകരമായി; കൂട്ടിലെത്തിയപ്പോൾ മട്ടുമാറി നല്ല കുട്ടിയായി; കുളിപ്പിക്കാനും ഭക്ഷണത്തിനമൊക്കെ പാപ്പാൻ വേണം;നാട്ടുവാസത്തിനുശേഷം കാട്ടിലേക്ക് തുറന്ന് വിട്ടാൽ പിഎം2 വിന്റെ ജീവന് തന്നെ ആപത്ത്;പന്തല്ലൂർ മഖ്‌നയെ തുറന്ന് വിടരുതെന്ന് ആവശ്യം
വയനാട്: കുങ്കിയാനയാകാൻ പരിശീലനം നൽകിയ ആനകളെ കാട്ടിലേക്ക് തന്നെ തുറന്ന് വിടണമെന്ന് കാണിച്ച് കുറച്ച് ദിവസം മുൻപാണ് ഹർജ്ജി സമർപ്പിച്ചത്.ഇതിൽ ആദ്യം പരാമർശിക്കപ്പെടുന്ന പേരുകളിലൊന്നാണ് പി എം 2 അഥവ പന്തല്ലൂർ മഖ്‌ന.പന്തല്ലൂർ മഖ്‌നയെ തുറന്ന് വിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.ഇന്ന് ശാന്തനാണെങ്കിലും നടന്ന വഴികളെ മൊത്തം വിറപ്പിച്ച് തന്റെ കരുത്ത് പ്രകടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു പിഎം2 വിന്.അത് തന്നെയാണ് തുറന്ന് വിടാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകാനുള്ള പ്രധാനകാരണം.
ഇന്ന് തന്റെ പ്രതാപകാലത്തെ സ്വഭാവമല്ല പിഎം2 വിന്.മുത്തങ്ങയിലെ കൂട്ടിൽ ഇപ്പോൾ പമരമസാധു.കുളിക്കാനും ഭക്ഷണം കഴിക്കാനും പരിചാരകരായ പാപ്പാന്മാരെ കാത്തുകഴിയുന്ന കുറുമ്പില്ലാത്ത മോഴ. ഇണക്കിയെടുക്കുന്നതിനും ചട്ടം പഠിപ്പിക്കുന്നതിനുമായി പിഎം 2 വിനെ പാർപ്പിച്ചിട്ടുള്ള കൂറ്റൻ മരങ്ങൾ കൊണ്ട് ഇഴ തീർത്ത കൂട്ടിനുള്ളിൽ ഇപ്പോൾ പാപ്പാന്മാരും ഇറങ്ങും.കൂട്ടിനകത്തു നിന്നു തന്നെ പിഎം 2 വിന് ഭക്ഷണവും വെള്ളവും നൽകും. കുളിപ്പിക്കുകയും ചെയ്യും.
ഇതെല്ലാം സ്‌നേഹത്തോടെ ആസ്വദിക്കുകയും ചെയ്യും.അരി റാഗി, ചെറുപയർ എന്നിവ കൊണ്ടുള്ള ഭക്ഷണങ്ങളും കരിമ്പ്, പുല്ല്, വാഴ എന്നിവയുമെല്ലാം നൽകുന്നുണ്ട്.കൂട്ടിനു പുറത്തിറക്കാൻ പാപ്പാന്മാർക്ക് ഇനി പുറത്തു കയറുന്ന ചടങ്ങു കൂടിയേ ബാക്കിയുള്ളു. ഇത്തരത്തിൽ 82 നാൾ കൂട്ടിൽ കഴിഞ്ഞ 'രാജ' യെന്നു പേരിട്ടു വിളിച്ച കാട്ടുമോഴയാനയെ ആണ് വീണ്ടും കാട്ടിലേക്ക് തുറന്നു വിടാൻ വനംവകുപ്പ് ആലോചിക്കുന്നത്.ഇങ്ങനെ തുറന്ന് വിടുമ്പോൾ നിരവധി പ്രശ്‌നങ്ങളാണ് പ്രദേശത്തുകാർ തുറന്ന് കാട്ടുന്നത്.അതിൽ തങ്ങൾക്കും ഒപ്പം പിഎം 2 വിന്റെയും ജീവനും ഭീഷണിയാകുന്ന കാരണങ്ങൾ ഉണ്ട്.
3 മാസത്തോളമായി കൂട്ടിൽ കിടക്കുകയും മനുഷ്യൻ നൽകുന്ന ഭക്ഷണം കഴിച്ച് അവന്റെ നിയന്ത്രണത്തിൽ ജീവിക്കുകയും ചെയ്യുന്ന ആനയെ വീണ്ടും കാട്ടാനയാക്കാനുള്ള ശ്രമം കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നു നാട്ടുകാർ പറയുന്നു.പിഎം2 വിനെ കാട്ടിലേക്കു വിട്ടാൽ വീണ്ടും ജനവാസ കേന്ദ്രങ്ങളിലിറങ്ങുമെന്ന് ഉറപ്പാണ്. ആളുകളുമായി കൂടുതൽ ബന്ധം വന്നതിനാൽ നാട്ടുഭക്ഷണം തേടി വീട്ടുമുറ്റങ്ങളിലേക്കുമെത്തും.പിഎം 2 വിന്റെ സ്വന്തം തട്ടകമായ തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ, പന്തല്ലൂർ വനമേഖലകളിലാണ് തുറന്നു വിടുന്നതെങ്കിൽ പഴയതു പോലെ 50 ഉം 60 ഉം കിലോമീറ്ററുകൾ പിന്നിട്ട് വീണ്ടും വയനാടൻ കാടുകളിലേക്കെത്തിക്കൂടെന്നില്ല.
2 കിലോമീറ്റർ വനത്തിനകത്തു വച്ചാണ് പിഎം 2 വിനെ പിടികൂടിയതെന്ന പരാതിക്കാരുടെ വാദവും ശരിയല്ല. വയനാട് വന്യജീവി സങ്കേതത്തിലെ ആർആർടി റേഞ്ച് ഓഫിസിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ആനയെ പിടികൂടിയതെന്നും ഇവിടുത്തുകാർ പറയുന്നു.ഇതിന് പുറമെ ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ നിയോഗിച്ച സമിതിയിൽ ഒരു ജനപ്രതിനിധിയെപ്പോലും ഉൾപ്പെടുത്തുകയോ കർഷകസംഘടനകൾക്കു പ്രാതിനിധ്യം നൽകുകയോ ചെയ്യാത്തതിലും പ്രതിഷധമുണ്ട്.
ഇത്കൂടാതെയാണ് പിഎം 2 നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കർഷകർ പറയുന്നത്. വീണ്ടും കാട്ടിലെത്തിയാൽ കാട്ടാനകളുമായി ഏറ്റുമുട്ടാനും ഇടയുണ്ട്. പിഎം 2 വിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും വാദമുയരുന്നു.കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയിലാണ് പിഎം 2 വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ജനവാസ മേഖലയിലും തുടർന്ന് ബത്തേരി ടൗണിലും എത്തിയത്.രാത്രിയിൽ ബത്തേരി നഗരമധ്യത്തിൽ കാൽ നടയാത്രക്കാരനെ ആക്രമിക്കുകയും ബസിനു നേരെ ചിറീയടുക്കുകയും ചെയ്ത ആന ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.തമിഴ്‌നാട്ടിൽ 2 പേരെ കൊന്ന പിഎം2 അവിടെയും ഏറെ പ്രശ്‌നക്കാരനാണ്.
പിഎം 2 വിനെ തുറന്നു വിടുന്നത് സംബന്ധിച്ച് 5 അംഗ സമിതിയെ നിയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ തീരുമാനം ഏറെ ചർച്ചകൾക്കു വഴി വയ്ക്കും.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കർഷവിരുദ്ധ നിലപാട് തിരുത്താൻ മന്ത്രിതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.എന്നാൽ, പരിസ്ഥിതിസംഘടനകളുടെയും മൃഗസ്‌നേഹികളുടെയും ആവശ്യം നടപ്പാക്കാവുന്നതാണോയെന്നു പരിശോധിക്കുന്നതു മാത്രമേയുള്ളൂവെന്നാണു വനംവകുപ്പ് നിലപാട്.
മറുനാടന് മലയാളി ബ്യൂറോ