- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമാനുസൃതമല്ലാത്ത ബലപ്രയോഗം ഒരുകാരണവശാലും പാടില്ല; ജില്ലാ പൊലീസ് മേധാവിമാർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണം; പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും; കിളികൊല്ലൂർ പോലെ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം: കിളികൊല്ലൂർ സ്റ്റേഷനിലേതടക്കം വിവാദ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡി ഐ ജിമാരുടെയും സോൺ ഐ ജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയത്.
വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭ്യമാകുന്ന തരത്തിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു. പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ കൃത്യമായി വിലയിരുത്തണം.
കേസുകളും കുറ്റകൃത്യങ്ങളും മറ്റുമായി ബന്ധപ്പെട്ട് വ്യക്തികളെ പൊലീസ് സ്റ്റേഷനുകളിൽ കൊണ്ടുവരുമ്പോൾ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമായിരിക്കും. ഇത്തരം കേസുകളിൽ കേരള പൊലീസ് ആക്ടിൽ വ്യക്തമാക്കിയ എല്ലാ നടപടിക്രമങ്ങളും പാലിക്കണം.
നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ അല്ലാതെ ഒരു കാരണവശാലും ബലപ്രയോഗം പാടില്ല. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടിവന്നാൽ അത് നിയമാനുസൃതം മാത്രമേ ആകാവൂഎന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവിമാർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കിളികൊല്ലൂർ കസ്റ്റഡി മർദ്ദന സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിനു പുറമേ സംസ്ഥാന ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണു സംസ്ഥാന ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷിക്കുന്നത്. മർദനമേറ്റ ഡിവൈഎഫ്‌ഐ നേതാവ് വിഘ്‌നേഷ് ക്രൈംബ്രാഞ്ച് കൊല്ലം യൂണിറ്റിന്റെ ഓഫിസിലെത്തി മൊഴി നൽകി. അസി. കമ്മിഷണർ ജോൺസൺ ചാൾസിനാണ് അന്വേഷണച്ചുമതല. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പ്രചരിപ്പിച്ചതിനു പിന്നാലെ വിവരാവകാശ നിയമപ്രകാരം അവ ആവശ്യപ്പെട്ടു വിഘ്‌നേഷും അപേക്ഷ നൽകി. സൈനികൻ വിഷ്ണു രാജസ്ഥാനിലെ സൈനിക ക്യാംപിൽ പരാതി നൽകുകയും ചെയ്തു.
ഡിവൈഎഫ്‌ഐ നേതാവും സൈനികനും പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടുകയും പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്തുവെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേകം അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് എസിപി അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിളികൊല്ലൂർ എസ്എച്ച്ഒ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണവും ആരംഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ