- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാം അനുവദിക്കാനാവില്ല; ഇന്ത്യയുടെ വളർച്ച തടയാൻ വ്യാജമായ ആഖ്യാനങ്ങൾ നടത്തുന്നു; തെറ്റായ വിവരങ്ങൾ കൊണ്ടുതള്ളുന്നതും മറ്റൊരു തരത്തിലുള്ള അധിനിവേശമാണ്; ബിബിസിക്കെതിരെ ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പിന്നാലെ ബിബിസിക്കെതിരെ വാളെടുത്തിരിക്കയാണ് കേന്ദ്രസർക്കാർ. ബിബിസിയെ വിരട്ടാൻ വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു. ഇതിന് ആഗോളതലത്തിൽ വിമർശനം നേരിടുമ്പോൾ തന്നെ ഇന്ത്യൻ ഉപരാഷ്ടപതിയും വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയുടെ വളർച്ച തടയാൻ വ്യാജമായ ആഖ്യാനങ്ങൾ നടത്തുകയാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.
ബിബിസി വ്യാജവാർത്തകൾ നൽകിയെന്നും പേരുപരാമർശിക്കാതെ ഉപരാഷ്ട്രപതി കുറ്റപ്പെടുത്തി. അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാം അനുവദിക്കാനാവില്ലെന്നും ജഗ്ദീപ് ധൻകർ അഭിപ്രായപ്പെട്ടു. തെറ്റായ വിവരങ്ങൾ കൊണ്ടുതള്ളുന്നതും മറ്റൊരു തരത്തിലുള്ള അധിനിവേശമാണ്. ഇതിനെ ശക്തമായി നേരിടുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഇത്തരം നീക്കങ്ങൾക്കെതിരെ സദാ ജാഗ്രതയോടെയിരിക്കണം. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് പ്രബേഷണർമാരുമായുള്ള സംവാദത്തിലാണ് ഉപരാഷ്ട്രപതിയുടെ മുന്നറിയിപ്പ്. അശ്രദ്ധമായിരുന്നാൽ ഇത്തരം വ്യാജപ്രചാരണങ്ങൾ മനസ്സിലാക്കാനാകില്ലെന്നും ഉപരാഷ്ട്രപതി ഉപദേശിച്ചു. നമ്മുടെ രാജ്യത്തെ ബുദ്ധിജീവികളെന്ന് വിളിക്കപ്പെടുന്ന ഒരുവിഭാഗത്തിന്, പുറത്തു നിന്നും വരുന്നതെന്തും വിശുദ്ധമാണെന്ന ഒരു ചിന്താഗതി കണ്ടു വരുന്നുണ്ട്. ബഹുമാനിക്കപ്പെടേണ്ട മനസ്സുകളിൽ നിന്ന് ഉയർന്നതാണ് ഇത് എന്ന ദുഷിച്ച പ്രവണത വളർന്നുവന്നിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
അതേസമയം ആദായ നികുതി വകുപ്പിന്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്. എന്നാൽ പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നൽകിയിട്ടില്ല. അതിനിടെ ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച നടപടിയിൽ സുപ്രീംകോടതിയെ ആർ എസ് എസ് വിമർശിക്കുകയും ചെയ്തു. ആർ എസ് എസ് മുഖപത്രത്തിന്റെ എഡിറ്റോറിയയിലാണ് വിമർശനം.
ബിബിസിയിൽ പരിശോധന അന്തിമ ഘട്ടത്തിലാണ്. പരിശോധന കണക്കിലെടുത്ത് വാർത്താ വിഭാഗത്തിലെ ചില ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തുന്നത്.മറ്റുള്ളവരോട് വർക്ക് ഫ്രം ഹോം രീതിയിൽ തുടരാനാണ് ഇന്നും നിർദ്ദേശം. അതെ സമയം ഇന്നലെ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു സേന പ്രവർത്തകർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതോടെ ഓഫീസിന് സുരക്ഷ കൂട്ടി. ഇതിന് പിന്നാലെയാണ് ആർ എസ് എസും ബിബിസി വിഷയത്തിൽ സുപ്രീംകോടതിയെ വിമർശിക്കുന്നത്. ഇതും നിർണ്ണായക നീക്കമാകും. പരിശോധന പെട്ടെന്നുള്ള നടപടിയല്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളുടെ നിലപാട്. വിശദമായ നടപടിക്രമങ്ങളുടെ തുടർച്ചയാണിത്.
ബിബിസി ഓഫിസുകളിലെ സാമ്പത്തിക ഇടപാടു രേഖകളുടെ പകർപ്പുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ചൊവ്വാഴ്ച രാത്രി മാധ്യമപ്രവർത്തകരെ വീട്ടിൽ പോകാൻ അനുവദിച്ചെങ്കിലും ധനകാര്യ വിഭാഗം ജീവനക്കാരോടു ഓഫിസിൽ തുടരാൻ ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുമെന്നു ബിബിസി ആവർത്തിച്ചു. ഓഫിസിൽ നിർബന്ധമായും എത്തേണ്ടതില്ലാത്ത ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദ്ദേശം നൽകി.
ഇന്ത്യയിൽ ബിബിസിയുടെ ഘടന, പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്കു വിശദമായ മറുപടി നൽകണമെന്നു ബിബിസി വേൾഡ് സർവീസ് ഡയറക്ടർ ലിലെയ്ൻ ലാൻഡർ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്നു വിട്ടുനിൽക്കാമെങ്കിലും ശമ്പളം സംബന്ധിച്ച മറ്റു ചോദ്യങ്ങൾക്കു മറുപടി നൽകാമെന്നു നിർദേശമുള്ളതായാണു സൂചന.
ആദ്യ നോട്ടിസുകൾക്കു തൃപ്തികരമായ മറുപടിയില്ലാതെ വരുമ്പോഴാണ് ഇത്തരം സർവേയിലേക്കു നീങ്ങുന്നതെന്നും അനൗദ്യോഗികമായി നൽകിയ മറുപടിയിൽ പറയുന്നു. അതിനിടെ മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും വിലമതിക്കുന്നുവെന്നും അവയെ ജനാധിപത്യത്തിന്റെ അടിത്തറയായി കാണുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ