- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാളുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്ന 'സൈബർ ഡോക്‌സിങ്' തടയും; ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്ന 'സേഫ് ഹാർബർ' പരിരക്ഷ പിൻവലിക്കും; നിർദിഷ്ട ഡിജിറ്റൽ ഇന്ത്യാ ബില്ലിന്റെ കരട് ഉടൻ പുറത്തു വന്നേക്കും
ന്യൂഡൽഹി: നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ബില്ലിൽ അനുമതിയില്ലാതെ ഒരാളുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്ന 'സൈബർ ഡോക്‌സിങ്' തടയാനുള്ള വ്യവസ്ഥയും ഉണ്ടാകുമെന്ന് സൂചന. വ്യക്തിയുടെ സ്വകാര്യ ചിത്രങ്ങൾ, ഫോൺ നമ്പർ, കുടുംബവിവരങ്ങൾ, തൊഴിൽ വിവരങ്ങൾ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്നതിന് ഇതോടെ നിയന്ത്രണം വരും. വ്യക്തിവിവരങ്ങൾ പുറത്തുവിട്ടു ദ്രോഹിക്കുന്നത് തടയാനാണ് നീക്കം. കരടു ബിൽ അഭിപ്രായങ്ങൾ അറിയിക്കുന്നതിനും മറ്റുമായി ഏപ്രിലിൽ പുറത്തുവിടുമെന്നാണ് ഐടി മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന.
ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തി ഭീഷണി കോളുകൾക്ക് ആഹ്വാനം ചെയ്യുന്ന രീതിയുമുണ്ട്. എതിരാളികൾക്കെതിരെ സോഷ്യൽ മീഡിയയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും സൈബർ സേനകൾ നടത്തുന്ന രീതിയാണ് ഇത്. ചില സംഘടനകളും ഇങ്ങനെ എതിരാളികളെ പ്രതിസന്ധിയിലാക്കുന്നു. ഇതെല്ലാം തടയുന്നതാകും നിർദ്ദിഷ്ട ഡിജിറ്റൽ ഇന്ത്യാ ബിൽ. അപരിചിതർക്ക് അശ്ലീല ചിത്രങ്ങളും വിഡിയോകളും അയയ്ക്കുന്ന സൈബർ ഫ്‌ളാഷിങ്ങിനെതിരെയും വ്യവസ്ഥയുണ്ടാകും.
ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്ന 'സേഫ് ഹാർബർ' പരിരക്ഷ ഇനി ആവശ്യമുണ്ടോയെന്ന കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യം സമൂഹമാധ്യമങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇത് സൈബർ കമ്പനികളെ ശിക്ഷിക്കാൻ വേണ്ടി കൂടിയാണ്. പോസ്റ്റ് ചെയ്യുന്നവരിലേക്ക് മാത്രമായി നിയമ നടപടികൾ ഒതുങ്ങില്ല. മോശം പോസ്റ്റുകളുടെ പേരിൽ ഐടി കമ്പനികളും പ്രതിയാക്കും. കൂടുതൽ ശക്തമായ നിരീക്ഷണങ്ങൾക്ക് കമ്പനികളെ പ്രേരിപ്പിക്കാനാണ് ഇത്.
2004ൽ ഡൽഹിയിലെ ഒരു കേസിനുശേഷമാണ് സേഫ് ഹാർബർ പരിരക്ഷ പ്രാബല്യത്തിൽ വന്നത്. ഒരു ഐഐടി വിദ്യാർത്ഥി വെബ്‌സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതിനെത്തുടർന്നു വിദ്യാർത്ഥിക്കു പുറമേ വെബ്‌സൈറ്റ് സിഇഒ അവിനാശ് ബജാജിനെയും മാനേജരെയും കൂടി അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പ്ലാറ്റ്‌ഫോം കക്ഷിയല്ലെന്നു ചൂണ്ടിക്കാട്ടി അവിനാശ് നടത്തിയ നിയമയുദ്ധം ഒടുവിൽ ഇന്ത്യയിൽ സേഫ് ഹാർബർ പരിരക്ഷയ്ക്ക് വഴിയൊരുക്കി. ഈ പരിരക്ഷ നഷ്ടമായാൽ ഒരാളുടെ പോസ്റ്റിന്റെ പേരിൽ സമൂഹമാധ്യമ ഉദ്യോഗസ്ഥർ കോടതി കയറേണ്ടിവരാം.
വ്യക്തികൾ ഇടുന്ന പോസ്റ്റുകൾക്കും മറ്റും ബന്ധപ്പെട്ട സമൂഹമാധ്യമത്തിന് ഉത്തരവാദിത്വം ഇല്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഐടി നിയമത്തിലെ 'സേഫ് ഹാർബർ' ചട്ടം. ഡിജിറ്റൽ നിയമങ്ങളാകെ പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി ഈ ചട്ടവും പുനഃപരിശോധിക്കുമെന്ന് ബംഗളൂരുവിൽ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ അറിയിച്ചിരുന്നു. 2021ൽ സർക്കാർ കൊണ്ടുവന്ന ഐടി ചട്ടങ്ങൾ പ്രകാരം അധികൃതർ ആവശ്യപ്പെടുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങൾ നീക്കം ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കി.
ഏതെങ്കിലും നിയമപ്രകാരം പോസ്റ്റുകൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെങ്കിലും നീക്കം ചെയ്യണം. സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ രണ്ടായിരത്തിലെയും മറ്റും സ്ഥിതിവിശേഷമല്ല നിലവിലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സമൂഹമാധ്യമങ്ങൾ പല രൂപങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ഉപയോഗിക്കുന്നവരുടെ കാര്യത്തിലും മാറ്റമുണ്ട്. അതിനാൽ വ്യത്യസ്ത നിയന്ത്രണങ്ങൾ ആവശ്യമാണ്. കരടു ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കാര്യത്തിൽ രണ്ടു വട്ടം ചർച്ചകൂടി ശേഷിക്കുന്നുണ്ട്. അതിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ