തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക സർവേ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ എല്ലാ ജില്ലകളിലും ഇന്ന് ആരംഭിക്കും. അടുത്ത നാല് വർഷം കൊണ്ട് പൂർത്തിയാക്കുന്ന വിധത്തിലാണ് ഡിജിറ്റൽ സർവേ തുടങ്ങിയിരിക്കുന്നത്. പദ്ധതി ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ്.

നാലുവർഷം കൊണ്ട് കേരളം പൂർണമായും ഡിജിറ്റലായി സർവേ ചെയ്ത് റിക്കാഡുകൾ തയാറാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഇന്ന് സർവേയ്ക്ക് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം-22, കൊല്ലം-12, പത്തനംതിട്ട12, കോട്ടയം-ഒമ്പത്, ആലപ്പുഴഎട്ട്, ഇടുക്കി-13, എറണാകുളം-13, തൃശൂർ23, പാലക്കാട്-14, മലപ്പുറം-18, കോഴിക്കോട്-16, വയനാട്-എട്ട്, കണ്ണൂർ-14, കാസർകോട്-18 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ആദ്യഘട്ടത്തിൽ സർവേ നടക്കുന്ന വില്ലേജുകളുടെ എണ്ണം.

ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും അവസാന വർഷം 350 വില്ലേജുകളിലുമായി നാല് വർഷത്തിനുള്ളിൽ ആകെ 1550 വില്ലേജുകളിലെ ഡിജിറ്റൽ സർവേ പൂർത്തിയാക്കും. ഇതിനായി സർവേ, ഭൂരേഖാ വകുപ്പിലെ നിലവിലുള്ള ജീവനക്കാർക്ക് പുറമെ 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും ഉൾപ്പെടെ 4700 പേരെ കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുന്നതിന് നടപടിയും പൂർത്തിയാക്കിയിട്ടുണ്ട്.

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 9.30ന് തിരുവനന്തപുരം ടഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ രാജൻ അധ്യക്ഷനാകും. ഒട്ടേറെ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ജില്ലാതലങ്ങളിലും ഉദ്ഘാടന ചടങ്ങുണ്ട്. അതേസമയം സംസ്ഥാനത്തു 14 ജില്ലകളിലായി 200 വില്ലേജുകളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആരംഭിക്കുന്ന ഭൂമിയുടെ ഡിജിറ്റൽ റീസർവേ സംബന്ധിച്ച സംശയങ്ങൾ തീർക്കാനും മന്ത്രിതലത്തിൽ പരിപാടികൾ തുടങ്ങിയിട്ടുണ്ട്.