- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുണ്ടാക്കാനും മൂത്ത മകൾ കാവ്യയുടെ വിവാഹത്തിനും വാങ്ങിയ കടബാധ്യത സെക്യൂരിറ്റിക്കാരനാക്കി; സൈന്യത്തിൽ ഡ്രൈവറായി സേവനം അനുഷ്ഠിച്ചത് 17 കൊല്ലം; നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത് കഴിഞ്ഞ വർഷം; പിന്നാലെ ഡിവൈഎഫ് ഐ അടിയും; കോഴിക്കോട്ടെ ക്രൂരതയ്ക്ക് സമാനതകളില്ല; ദിനേശൻ വേദന പറയുമ്പോൾ
കോഴിക്കോട്: പ്രത്യേകിച്ച് ഒരു രാഷ്ട്രീയകക്ഷിയോടും വിരോധമില്ലാത്ത സാധാരണകുടുംബമാണ് ദിനേശന്റേത്. സൈന്യത്തിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ചശേഷമാണ് നാട്ടിലെത്തി മെഡിക്കൽ കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ സുരക്ഷാജീവനക്കാരനായത്. ഓഗസ്റ്റ് 31-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ. പ്രവർത്തകരുടെ ക്രൂരമർദനത്തിനിരയായ സുരക്ഷാജീവനക്കാരൻ കട്ടയാട്ട് ദിനേശൻ നരിക്കുനി പുന്നശ്ശേരിയിലെ വീട്ടിലെ കിടക്കയിലിരുന്ന് സംസാരിക്കുമ്പോൾ സിപിഎം ഇയാളെ കളിയാക്കുകയാണ്.
വീടുണ്ടാക്കാനും മൂത്തമകൾ കാവ്യയുടെ വിവാഹത്തിനുമായി വാങ്ങിയ കടമുണ്ട്. കഴിഞ്ഞ വർഷമാണ് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത്. അതിന്റെ പ്രശ്‌നങ്ങളുണ്ടെങ്കിലും വീട്ടിലെ പ്രാരബ്ധം കാരണമാണ് ജോലിക്കുപോയിക്കൊണ്ടിരുന്നത്. 15 വർഷത്തോളമായി മെഡിക്കൽ കോളേജിൽ സുരക്ഷാജോലി ചെയ്യുന്നുണ്ട്. ഇത്തരത്തിലൊരു വ്യക്തിക്കാണ് ക്രൂര മർദ്ദനമേറ്റത്. വീഡിയോ വൈറലായതു കൊണ്ട് മാത്രമാണ് കേസെടുക്കാൻ പൊലീസ് എത്തിയത്. പിന്നീടുള്ള പരിശോധനയിൽ വാരിയെല്ലിനുണ്ടായ പരിക്ക് വ്യക്തമായി. ഇതോടെ പൊലീസ് ശക്തമായ വകുപ്പുകൾ ഇട്ടു. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്.
''ഇപ്പോഴും വേദന പോയിട്ടില്ല. ശ്വാസമെടുക്കുമ്പോഴും തിരിഞ്ഞുകിടക്കുമ്പോഴുമൊക്കെ വേദനയാണ്. ഒടിഞ്ഞ വാരിയെല്ല് സ്വയം ശരിയാവാൻ സമയമെടുക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്'' - ദിനേശിന്റെ വാക്കുകളിൽ നിറയുന്നതാണ് വസ്തുത. എന്നാൽ ആടിനെ പട്ടിയാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. പരിക്കൊന്നും ഗൗരവമല്ലെന്നാണ് അവർ പറയുന്നത്. എല്ലാം പൊലീസ് ഗൂഢാലോചനയാണെന്നും വിവരിക്കുന്നു. വലിയ വേദനയാണ് ദിനേശൻ അനുഭവിക്കുന്നത്. ദിനേശനും മറ്റ് മൂന്ന് പേർക്കുമാണ് പരിക്കേറ്റത്.
''നട്ടെല്ലിന് ശസ്ത്രക്രിയകഴിഞ്ഞയാളാണെന്ന് പറഞ്ഞിട്ടും ചവിട്ടിക്കൂട്ടുകയായിരുന്നു. എന്നെ ചവിട്ടിക്കൂട്ടിയവർക്കൊപ്പം പാർട്ടിയും അധികാരികളുമൊക്കെയുണ്ട്. എന്തുപറ്റിയെന്ന് ഒന്നുചോദിക്കുകയെങ്കിലും വേണ്ടേ? അതുണ്ടായിട്ടില്ല. എനിക്കും ജീവിക്കണ്ടേ?'' - ദിനേശൻ ചോദിക്കുന്നത്. ''പ്രതികൾ കീഴടങ്ങുംവരെ സിപിഎമ്മിന് പൊലീസുമായി ഒരു പ്രശ്‌നവുമില്ലായിരുന്നല്ലോ. പൊലീസ് ശക്തമായ നടപടി തുടങ്ങിയപ്പോഴാണ് അക്രമികളെ പരസ്യമായി ന്യായീകരിച്ചും പിന്തുണച്ചും പാർട്ടി രംഗത്തെത്തുന്നത്. ആശുപത്രിക്ക് സുരക്ഷവേണമെന്ന് തീരുമാനിച്ചാണ് ഞങ്ങളെയൊക്കെ നിയമിച്ചത്. സുരക്ഷാജീവനക്കാർക്കുനേരെ ആക്രമണമുണ്ടായിട്ട് ആരോഗ്യമന്ത്രിയൊന്നും അത് അറിഞ്ഞമട്ടേയില്ല'' -അദ്ദേഹം പറഞ്ഞു.
''ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെന്നാണോ ഇവരൊക്കെ പറയുന്നത്'' - ഇതാണ് ദിനേശന്റെ ഭാര്യ നളിനിയുടെ ചോദ്യം. ''ഇനിയും ആളുകളെ തല്ലാം, ആരും ചോദിക്കാനില്ലെന്ന ധൈര്യമല്ലേ ഇവർക്കൊക്കെ? നിലത്തുവീണപ്പോൾ 25 വയസ്സുള്ള ചെറുപ്പക്കാരൻ നെഞ്ചിൽ ചവിട്ടുന്നതൊക്കെ സി.സി.ടി.വി.യിൽ കണ്ടപ്പോൾ നെഞ്ചുതകർന്നുപോയി. അയാൾക്കും അച്ഛനമ്മമാരുണ്ടാവില്ലേ? ഇത്തരക്കാരെയൊക്കെ പരസ്യമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യുമ്പോൾ നീതികിട്ടുമെന്ന് പ്രതീക്ഷയില്ല'' ആ കുടുംബം പറയുന്നു.
ഇന്നുവരെ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല'' -ദിനേശൻ പറയുന്നു. ജോലിനഷ്ടമാകുമോ എന്ന പേടിയുമുണ്ട് ഇപ്പോൾ. മണിക്കൂറുകളോളം തുടർച്ചയായി നിൽക്കേണ്ട ജോലിയല്ലേ? ശാരീരികക്ഷമതയില്ലെന്നുപറഞ്ഞ് ഒഴിവാക്കാമല്ലോ. പറഞ്ഞുവിട്ടാൽ ഒന്നുമില്ലാതെ തിരിച്ചുപോരുകയല്ലാതെ എന്തുചെയ്യാൻ?''-ദിനേശൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ