തിരുവനന്തപുരം:സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ അതിക്രമം വർദ്ധിച്ചതോടെ പ്രതിഷേധത്തിലാണ് ഡോക്ടർമാർ. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ബന്ധു വനിത ഡോക്ടറെ ക്രൂരമായി ആക്രമിച്ചിട്ടും പ്രതി ഇപ്പോഴും സുരക്ഷിതനായി തുടരുന്നതിൽ പ്രതിഷേധം ശക്തമാകുകയാണ്. അടിവയറ്റിൽ മർദ്ദനമേറ്റ വനിത ഡോക്ടർ ജോലി ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണെന്ന് സഹപ്രവർത്തകർ പറയുന്നു.

ആക്രമിക്കപ്പെട്ട വനിത ഡോക്ടറുമായി നേരിട്ട് സംസാരിച്ചശേഷം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സുൽഫി നൂഹുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഏറെ ചർച്ചയാകുകയാണ് ഇപ്പോൾ. 'ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട. ഞാൻ രാജ്യം വിടുന്നു'വെന്നാണ് അടിവയറ്റിൽ ചവിട്ടേറ്റ് ചികിത്സയിൽ കഴിയുന്ന വനിത ഡോക്ടർ സുൽഫി നൂഹു ഡോക്ടറോട് പറഞ്ഞത്. തലസ്ഥാന നഗരിയിൽ ഒരുമാസത്തിനിടെ ഡോക്ടർക്കെതിരെ രണ്ടാമത്തെ ആക്രമണം ഉണ്ടായിട്ടും നടപടികളൊന്നുമില്ലെന്ന് ഡോക്ടർ സുൽഫി നൂഹു ചൂണ്ടിക്കാട്ടുന്നു..

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

ഞാൻ ഡോക്ടർ പണി നിർത്തുന്നു?
'ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട. ഞാൻ രാജ്യം വിടുന്നു'!
കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടർ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു. അടിവയർ നോക്കി ഒത്ത ഒരാണൊരുത്തൻ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം.
അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളിൽ ട്യൂമർ ബാധിച്ച രോഗി, ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷവും ജീവൻ രക്ഷിക്കാൻ രാപകലില്ലാതെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചതിന് ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിർഭാഗ്യകരമായ കാര്യം ഐസിയുവിന് വെളിയിൽ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോൾ . അടിവയർ നോക്കി ചാടി ഒരു ചവിട്ട്. സിസി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അതും 24 മണിക്കൂറും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി ഐസിയുവിൽ, സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ, എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടർ. അഞ്ചര കൊല്ലം എംബിബിഎസ്. അതിന് അഡ്‌മിഷൻ കിട്ടാൻ എൽകെജി മുതൽ പഠനം. മൂന്നുകൊല്ലം സർജറി പഠനം. അതിന് അഡ്‌മിഷൻ കിട്ടാനും വേണം കൊല്ലങ്ങൾ.
സൂപ്പർ സ്പെഷ്യാലിറ്റി പഠനത്തിൽ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളിൽ. പഠനം കഴിഞ്ഞിട്ട് കുട്ടികൾ മതിയെന്ന് തീരുമാനവും.
ചവിട്ട് കിട്ടിയ വനിത ഡോക്ടർ ഐസിയുവിനുള്ളിൽ നിലവിളിച്ച് കരയാൻ പോലും കഴിയാതെ തകർന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതൻ.
സ്വന്തം പ്രൊഫഷൻ ഉപേക്ഷിക്കാൻ തയ്യാറായി വനിതാ ഡോക്ടറും .
പ്രഭാത സവാരിയിൽ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകൾ, വനിതാ ഡോക്ടർമാർ സുരക്ഷിതരല്ല. ഇത് തലസ്ഥാനനഗരിയിൽ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടർ ആക്രമണം കേരളം എങ്ങോട്ട്?
ആശുപത്രി ആക്രമണങ്ങൾ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാൻ പാടില്ല.
അപ്പോ ചികിത്സ പിഴവെന്ന് രോഗിക്കൊ, രോഗിയുടെ ബന്ധുക്കൾക്കോ തോന്നിയാൽ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്‌കാരം.
നാട്ടിൽ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും.
അടിവയർ നോക്കി ചാടി ചവിട്ടിയാൽ ഇനി
നോക്കി നിൽക്കാൻ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!