കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പൊലീസ് എത്തിച്ചയാൾ വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ പ്രതി സന്ദീപ് തലേന്ന് മുതൽ ലഹരിയിലായിരുന്നുവെന്ന് വിവരം. സന്ദീപിനെ പൊലീസ് കൊണ്ടുപോകുമ്പോൾ മാനസികനില തെറ്റി നിൽക്കുകയായിരുന്നുവെന്ന് സംശയം തോന്നിയതായി സമീപവാസി ശ്രീകുമാർ വെളിപ്പെടുത്തി.

തന്നെ ആരോ കൊല്ലാൻ വരുന്നതായും രക്ഷിക്കണമെന്നും വിളിച്ചുകൂവിക്കൊണ്ടാണ് സന്ദീപ് തന്റെ വീട്ടിലേക്ക് മതിൽ ചാടിക്കടന്ന് വന്നത്. കാലിലുള്ള മുറിവ് മതിൽ ചാടിയെത്തിയതു മൂലമാകാമെന്നും ശ്രീകുമാർ പറഞ്ഞു.

രാത്രി 2.30 ആയപ്പോൾ എന്നെ ആരോ കൊല്ലാൻ വരുന്നേ എന്നു പറഞ്ഞു മതിൽ ചാടി വരുന്നതു കണ്ടു. ആരാണെന്നു മനസ്സിലായില്ല. ഞാൻ അയൽപക്കത്തുള്ളവരെ വിളിച്ചുവരുത്തി. ഞങ്ങളെല്ലാവരും കൂടി ചെന്നു നോക്കിയപ്പോളാണ് സന്ദീപാണെന്ന് മനസ്സിലായത്. ഞങ്ങളെ സന്ദീപിന് വ്യക്തമായി അറിയാവുന്ന ആൾക്കാരാണ്. എന്നിട്ടും എല്ലാവരുടെയും പേരുകൾ തെറ്റിച്ചാണ് പറഞ്ഞത്. അപ്പോഴേ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നുവെന്നും ശ്രീകുമാർ പറയുന്നു.

പിന്നീട് ആരോ കൊല്ലാൻ വരുന്നുവെന്ന് പറഞ്ഞ് വിളിച്ചു കൂവുകയും പേടിയായതു കൊണ്ട് അവിടെ തന്നെ ഇരിക്കുകയാണെന്നും പറഞ്ഞു. സന്ദീപിന്റെ ഫോണിൽ നിന്നു തന്നെ പൊലീസിനെ ഫോൺ ചെയ്യുകയും ചെയ്തുവെന്നും ശ്രീകുമാർ പറഞ്ഞു.

ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ തലേദിവസം മുതൽ തന്നെ അസ്വഭാവികമായ രീതിയിലാണ് സംസാരിച്ചിരുന്നതെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത് പ്രതികരിച്ചു. സന്ദീപ് രാത്രി രണ്ടുമണിക്ക് സമീപത്തെ വീടിന്റെ ഉയരമുള്ള മതിൽ ചാടിക്കടന്നു. ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴേക്കും ഇയാൾ വീടിന്റെ വർക്ക് ഏരിയയുടെ സമീപത്ത് ഒളിച്ചു. വീട്ടുടമസ്ഥൻ ഭയന്ന് ബന്ധുക്കളെയും സ്ഥലത്തെ സിപിഎം. ലോക്കൽ കമ്മിറ്റി അംഗം ബിനുവിനെയും വിളിച്ച് വിവരം പറഞ്ഞു. ഇവരെത്തി സന്ദീപിനെ അനുനയിപ്പിച്ച് പുറത്തുകൊണ്ടുവരാൻ ശ്രമിച്ചു.

തന്നെ ആരൊക്കെയോ ആക്രമിക്കാൻ വരുന്നുണ്ടെന്നും പല സംഭവങ്ങൾക്കും താൻ ദൃക്‌സാക്ഷിയാണെന്നുമൊക്കെയാണ് സന്ദീപ് അവരോട് പറഞ്ഞത്. താൻ ഒരു കൊലപാതകം നേരിൽ കണ്ടെന്നും അതിന് തന്നെ ആക്രമിക്കാൻ വരുന്നുവെന്നുമൊക്കെ പരസ്പരബന്ധമില്ലാതെ സംസാരിക്കുകയായിരുന്നുവെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

സന്ദീപ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. മതിൽ ചാടിയ സമയത്ത് സന്ദീപിന്റെ കാലിന് പരിക്ക് പറ്റിയെന്നാണ് കരുതുന്നത്. ഇയാൾ മുമ്പ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടുള്ള ആളല്ല. മദ്യപിക്കുന്ന സ്വഭാവമുണ്ടെന്ന് പറയുന്നു. ആരെങ്കിലുമായി വഴക്കുണ്ടായാൽ പോലും മാറിപ്പോകുന്ന സ്വഭാവക്കാരനാണ് സന്ദീപെന്നും പ്രശാന്ത് പറഞ്ഞു.

ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ആളുകളെ വേറെ പേരിലാണ് അഭിസംബോധന ചെയ്തിരുന്നത്. പൊലീസും ബിനുവും മറ്റുള്ളവരും ചേർന്നാണ് ഇയാളെ പൊലീസ് സ്റ്റേഷനിലേക്കും തുടർന്ന് താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയത്.

അതേ സമയം ജോലിക്കിടെ യുവഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സെല്ലിലേക്കാണ് മാറ്റിയത്. പ്രതിയെ ആംബുലൻസിലാണ് മാറ്റിയത്. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നടപടി.

പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. പിന്നീട് പൊലീസെത്തി ഇടപെട്ടാണ് പ്രതിക്ക് ചികിത്സ നൽകിയത്. പ്രതിയെ ഒരുമണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതിയെ കൊണ്ടുപോകുന്നതിനിടെ പ്രതിഷേധം ശക്തമായിരുന്നു. മുദ്രാവാക്യം വിളികളോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള പ്രതിഷേധക്കാർ ആംബുലൻസും തടഞ്ഞും പ്രതിഷേധിച്ചു.

വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാവ്യാപകമായി സർക്കാർ ഡോക്ടർമാർ ഇന്ന് പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്.ഐഎംഎയുടെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ ഡോക്ടർമാരും പണിമുടക്ക് പ്രഖ്യാപിച്ചു.നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തിൽ മാത്രം സേവനം ഉണ്ടാകും.

ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും.കൊലപാതകത്തിന് കാരണം പൊലീസിന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന ആക്ഷേപം ശക്തമാണ്.പൊലീസിന്റെ സാന്നിധ്യത്തിലാണ് കുത്തേറ്റതെന്നത് അതീവ ഗൗരവതരമാണ്.സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.