- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും നടത്തിയ സമരം പൂർണമായി പിൻവലിച്ചു; നാളെ രാവിലെ എട്ട് മണി മുതൽ ജോലിക്ക് കയറും; സന്ദീപിനെ പരിശോധിച്ചത് ഹൗസ് സർജനായ വന്ദന മാത്രം; മുതിർന്ന ഡോക്ടർമാർ പരിശോധിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്ന് ജൂനിയർ ഡോക്ടർമാർ
തിരുവനന്തപുരം: പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും നടത്തിയ സമരം പൂർണമായി പിൻവലിച്ചു. നാളെ രാവിലെ എട്ട് മണി മുതൽ ജോലിക്ക് കയറുമെന്ന് അവർ വ്യക്തമാക്കി. സർക്കാർ നൽകിയ ഉറപ്പുകൾ മാനിക്കുന്നുവെന്നു വ്യക്തമാക്കിയാണ് പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം പിൻവലിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്‌കരണം ഹൗസ് സർജന്മാർ നേരത്തെ പിൻവലിച്ചിരുന്നു.
നേരത്തെ പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ജോലിയിൽ തിരികെ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാൽ ഒപി ബഹിഷ്‌കരണം തുടരാനാണ് പിജി ഡോക്ടർമാർ നിശ്ചയിച്ചിരിക്കുന്നത്. ഈ സമരവും പിൻവലിക്കണോയെന്നത് യോഗം ചേർന്ന് തീരുമാനിക്കാനാണ് സമരക്കാരുടെ തീരുമാനം.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി വീണാ ജോർജ്ജുമായി പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ചർച്ച നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിൽ മാത്രമേ ഹൗസ് സർജന്മാരെ നിയമിക്കൂവെന്ന ഉറപ്പും മന്ത്രിയിൽ നൽകി. ഈ സാഹചര്യത്തിലാണ് സമരം ഭാഗീകമായി പിൻവലിക്കാൻ ഇരു വിഭാഗവും തീരുമാനിച്ചത്. കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻ ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഡോക്ടർമാർ സമരം ആരംഭിച്ചത്.
അതിനിടെ ഡോ. വന്ദനയുടെ മരണത്തിൽ മെഡിക്കൽ ഓഫീസർക്കെതിരെ ജൂനിയർ ഡോക്ടർമാർ രംഗത്തെത്തി. പ്രതി സന്ദീപിനെ പരിശോധിച്ചത് ഹൗസ് സർജനായ വന്ദന മാത്രമാണ്. മുതിർന്ന ഡോക്ടർമാർ പരിശോധിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും ജൂനിയർ ഡോക്ടർമാർ ആരോപിച്ചു. വിഷയത്തിൽ അന്വേഷണം വേണമെന്ന് ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയിൽ ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെട്ടു.
നേരത്തെ പ്രതി മാനസിക രോഗിയാണെന്ന വാദം ഡോക്ടർമാർ തള്ളിക്കളഞ്ഞു. പ്രതി സന്ദീപ് കൊലപാതകം നടത്തിയത് ബോധപൂർവ്വമാണ്. ബോധമുള്ള ആളിന് മാത്രമെ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കൂ. പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങികൊടുക്കണമെന്നും ഹൗസ് സർജന്മാർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ എത്തിയ പ്രതി പ്രകോപിതനായ ശേഷം ആദ്യം ഹോം ഗാർഡിനെയാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട വന്ദന ദാസിന്റെ സുഹൃത്തും ഡോക്ടറുമായ നാദിയ പറഞ്ഞു. പിന്നീട് ആണ് സന്ദീപ് പൊലീസിനെ മർദ്ദിക്കുന്നത്. ഈ സമയത്താണ് ഡോ. വന്ദന പുറത്തേക്ക് വന്നത്. പ്രതി അക്രമകാരിയാണെന്ന് വന്ദന അറിയുന്നില്ല. സംഭവസ്ഥലത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വന്ദനയ്ക്ക് അറിയില്ലായിരുന്നു. ബോധമനസോടെയല്ല പ്രതി അക്രമം ചെയ്തതെന്നാണ് പറയുന്നത്. പ്രതി ബുദ്ധിപൂർവ്വം ചെയ്തതാണ്. അയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നും ഡോ. നാദിയ ചൂണ്ടിക്കാട്ടി.
'ബോധത്തോടെയല്ല പ്രതി ഇതെല്ലാം ചെയ്തതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ബോധത്തോടെയല്ലെങ്കിൽ കത്രിക എന്തിനാണ് അയാൾ കയ്യിൽ ഒളിച്ചുപിടിച്ചത്? അയാൾ കത്രികയെടുത്ത് മുഷ്ടി ചുരുട്ടി അതിനിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമിക്കുന്ന സമയത്തു പോലും ആരും ഇത് കണ്ടിട്ടില്ല. ഇത് വെറും കത്രികയല്ല. അറ്റം വളഞ്ഞിരിക്കുന്ന ഉപകരണമാണ്. ഇതുപയോഗിച്ച് കുത്തിയാൽ വളരെ ആഴത്തിലാണ് മുറിവേൽക്കുക. മാത്രമല്ല, അതിനു ശേഷം രക്തക്കറ മായിക്കുന്നതിനായി അത് കഴുകി എടുത്ത സ്ഥലത്തു തന്നെ വയ്ക്കുകയും ചെയ്തു. ഉപയോഗിച്ച കത്രിക ഫിൽട്ടറിൽ നിന്ന് വെള്ളമെടുത്ത് കഴുകി അത് ഫിൽട്ടറിനകത്തേക്ക് ഇടുകയാണ് ഉണ്ടായതെന്നും നാദിയ പറഞ്ഞു.
അക്രമം നടക്കുമ്പോൾ ആംബുലൻസ് ഡ്രൈവറായ രാജേഷ്,മറ്റ് നഴ്‌സുമാരെ അകത്താക്കി വാതിലടച്ചു. ഈ സമയത്ത് വന്ദനയും മറ്റൊരു ജീവനക്കാരിയുമാണ് പുറത്തുണ്ടായിരുന്നത്. രക്ഷപ്പെട്ട ജീവനക്കാരി ഡോക്ടർ ഷിബിനോട് വന്ദനയെ പ്രതി കുത്തുന്നുവെന്ന് പറഞ്ഞു. ഇതുകേട്ട ഷിബിൻ ഓടിയെത്തി പ്രതിയെ തട്ടിമാറ്റി വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചു. അപ്പോൾ വന്ദനയക്ക് ബോധമുണ്ടായിരുന്നു. ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ വന്ദനയെ ഷിബിനാണ് രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവന്നത്. പുറത്തേക്ക് കൊണ്ടുവരുമ്പോഴും വന്ദനയെ പ്രതി കുത്തിയിരുന്നു.
കരഞ്ഞ് ഒറ്റപ്പെട്ടിരിക്കുന്ന ആ അച്ഛനും അമ്മയ്ക്കും മാത്രമാണ് നഷ്ടം. ആ മാതാപിതാക്കളുടെ കണ്ണീരിന് ഓരോരുത്തരും ഉത്തരവാദിയാണ്. നമ്മുടെ സംവിധാനങ്ങൾ തെറ്റ് തന്നെയാണെന്നും ഡോക്ടർ നാദിയ വിമർശിച്ചു. എത്രയും വേഗം കേസ് റിപ്പോർട്ട് സമർപ്പിച്ച് സന്ദീപിന് മാക്‌സിമം ശിക്ഷ വാങ്ങിച്ചുകൊടുക്കണം. ഡോക്ടർ വന്ദനയുടെ അച്ഛനും അമ്മയ്ക്കും വേണ്ടി സാന്ത്വനം നൽകുന്ന ഒരു വാക്ക് ആണ് ഞങ്ങൾക്ക് വേണ്ടത്. നമ്മൾ അവിടെ പോയി രണ്ടിറ്റ് കണ്ണീർ വീഴ്‌ത്തിയതുകൊണ്ടോ ബാഷ്പാഞ്ജലി അർപ്പിച്ചതുകൊണ്ടോ പൂക്കൾ വിതറിയതുകൊണ്ടോ കാര്യമില്ല. ഡോക്ടർമാരെല്ലാം സമരം പിൻവലിച്ച് ഡ്യൂട്ടിക്കു കയറാൻ തുടങ്ങുകയാണ്. പക്ഷേ, ഞങ്ങൾക്കിടയിൽ കണ്ണീരുണങ്ങുന്നില്ല. അന്ന് ഞങ്ങളിലൊരാളുടെ പേരാണ് ഡ്യൂട്ടി ലിസ്റ്റിലുണ്ടായിരുന്നതെങ്കിൽ അവിടെ വന്ദനയ്ക്കു പകരം ഉണ്ടാകേണ്ടിയിരുന്നത് ഞങ്ങളാണ്.'
ഫാസ്റ്റ് ട്രാക്ക് കോടതിയിൽ തന്നെ കേസ് നടത്തണം. ദ്രുതഗതിയിൽ തന്നെ വിധി വരണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. പ്രതി ആയുധം ആരും കാണാതെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും മറ്റൊരു ഡോക്ടറും പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്നും ഡോക്ടർമാർ ആരോപിച്ചു. പ്രതി അക്രമകാരി ആകുമെന്ന് പൊലീസ് നേരത്തെ അറിയണമായിരുന്നു. പൊലീസ് സ്വയം രക്ഷയ്ക്ക് എഴുന്നേറ്റ് ഓടുകയാണുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ ട്രെയിനിങ് ലഭിച്ചിരുന്നില്ല. ട്രെയിനിങ് കൊടുക്കണമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ