തിരുവനന്തപുരം: തെരുവുനായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും സമിതി വരുമ്പോൾ ആരോഗ്യ വകുപ്പ് പുറത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എന്നിവർ അടങ്ങിയ നാലംഗ സമിതിയാണ് രൂപീകരിച്ചത്. സമിതി ആഴ്ചയിലൊരിക്കൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇതിൽ ആരോഗ്യ വകുപ്പു പ്രതിനിധികളൊന്നുമില്ല.

തെരുവുനായശല്യം തടയാൻ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചും ഓരോ തദ്ദേശ സ്ഥാപനവും ദിവസവും റിപ്പോർട്ട് നൽകണം. വാക്‌സിനേഷൻ പുരോഗതി, എബിസി കേന്ദ്രം സജ്ജമാക്കൽ എന്നിവ ഉൾപ്പെടുന്ന റിപ്പോർട്ടാണ് നൽകേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ കലക്ടർമാരുമായി മന്ത്രിമാരായ എം.ബി.രാജേഷും കെ.രാജനും ഓൺലൈനിൽ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുത്തതുമില്ല. നേരത്തെ നിയമസഭയിൽ വാക്‌സിനുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ വാദങ്ങളെ മുഖ്യമന്ത്രി തള്ളി പറഞ്ഞിരുന്നു. വാക്‌സിൻ ഗുണനിലവാരത്തിൽ ഇത് സംശയങ്ങൾക്കും ഇട നൽകി.

പട്ടികൾ ഏറ്റവും പ്രശ്‌നമാകുന്നത് സാധാരണക്കാർക്കാണ്. അവർ കടിയേറ്റ് ആശുപത്രിയിൽ എത്തുമ്പോൾ വേണ്ടത്ര ചികിൽസ നൽകേണ്ടത് ആരോഗ്യ വകുപ്പാണ്. അതിനാൽ പട്ടി ശല്യ പരിഹാരത്തിൽ ആരോഗ്യ വകുപ്പിനും റോളുണ്ട്. മനുഷ്യർക്ക് എടുക്കേണ്ട വാക്‌സിൻ ഉറപ്പാക്കേണ്ടതും ആരോഗ്യ വകുപ്പാണ്. എന്നിട്ടും എംബി രാജേഷ് മന്ത്രിയായി എത്തുമ്പോൾ എടുക്കുന്ന സുപ്രധാന തീരുമാനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തമില്ലെന്നതാണ് വസ്തുത. സംസ്ഥാനത്തുടനീളം തെരുവുനായ ശല്യം തുടരുമ്പോൾ ആശുപത്രിയിലും തിരക്ക് കൂടുകയാണ്.

എറണാകുളം ജില്ലയിൽ ഇന്നലെ നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയത് 78 പേരാണ്. നാലര മണിക്കൂറിനിടെ, നായകടിയേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയത് 24 പേരായിരുന്നു. കടിയേറ്റവരിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമുണ്ട്. ഉച്ചയ്ക്കു ശേഷം കൂടുതൽ പേർ ചികിത്സ തേടിയെങ്കിലും വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായില്ല. കണക്കുകൾ മാധ്യമങ്ങൾക്കു നൽകരുതെന്ന കർശന നിർദ്ദേശവും ഇതിനു പിന്നാലെയെത്തി. കോഴിക്കോട് 33 പേരും കണ്ണൂരിൽ 28 പേരും കൊല്ലത്ത് 20 പേരും കാസർകോട് ജില്ലയിൽ 18 പേരും പത്തനംതിട്ട ജില്ലയിൽ 5 പേരും തിരുവനന്തപുരത്ത് 2 പേരും ഇന്നലെ നായ കടിച്ചു ചികിത്സതേടി. പത്തനംതിട്ടയിൽ വളർത്തു നായ്ക്കളാണ് ആക്രമിച്ചത്.

ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽ അന്ധനായ ലോട്ടറി വിൽപനക്കാരൻ കലവൂർ കുളമാക്കിയിൽ കോളനി സ്വദേശി ചന്ദ്രനു (63) സർവോദയപുരത്തു വച്ചും പത്ര വിതരണത്തിനു പോയ ഏജന്റ് തലവടി തോട്ടടി വിരുപ്പിൽ റെജി തോമസിന് (52) എടത്വയ്ക്കു സമീപം വച്ചും നായയുടെ കടിയേറ്റു. തൃശൂർ ജില്ലയിൽ ചാലക്കുടി പോട്ട പാപ്പാളി ജംക്ഷനിൽ തെരുവുനായ് കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് 2 വിദ്യാർത്ഥികൾക്കു പരുക്കേറ്റു. ബൈക്കിടിച്ച നായ ചത്തു. പെരുമ്പിലാവ് പുത്തംകുളത്ത് മുറ്റത്തു പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ തെരുവുനായ് കടിച്ചു. യുവതിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുത്തിവയ്പു നടത്തി. ചിറ്റാട്ടുകരയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിന്റെ കാലിൽ തെരുവുനായ കടിച്ചു.

ഊരകത്ത് തെരുവുനായ്ക്കൂട്ടം ഓടിച്ച മച്ചാട് നാരായണന്റെ മകൻ കരുമത്തിൽ അനന്തുവിനെ (12) അയൽവാസികൾ രക്ഷിച്ചു. ചേർപ്പ് സിഎൻഎൻ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. കോഴിക്കോട് വടകരയിൽ മണിയൂർ കുന്നത്തുകരയിൽ തെരുവുനായ്ക്കൾ ഓടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞു സ്‌കൂട്ടർ യാത്രക്കാരൻ ചൊക്ലിയത്ത് റിയാസിനു പരുക്കേറ്റു. കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കു രോഗിയുമായി പോയ ഓട്ടോറിക്ഷ തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെത്തുടർന്നു മറിഞ്ഞ് ഡ്രൈവർ അടക്കം 4 പേർക്കു പരുക്കേറ്റു.

മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് കർശനമായി തടയാൻ ഹോട്ടൽ ഉടമസ്ഥർ, മാംസ വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരുടെ അടിയന്തര യോഗം വിളിക്കും. തെരുവ് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന നിർമ്മാർജനം ചെയ്യും. എംഎൽഎമാരുടെ കൂടി പങ്കാളിത്തത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ നിയോജകമണ്ഡലം തലത്തിൽ യോഗം കൂടി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു