- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനെ വ്യാജ ചെക്ക് കേസിൽ സമ്മർദ്ദത്തിലാക്കിയത് ചുവപ്പൻ കുതന്ത്രം; ഡോക്ടർ ബൈജു സേനാധിപനെ വെട്ടിയൊതുക്കി അഷ്ടമുടി ആശുപത്രി സ്വന്തമാക്കിയത് സിപിഐ എംഎൽഎ; കള്ളക്കേസിൽ നിന്നും ഡോക്ടർ മുക്തി നേടുമ്പോൾ അഭിനന്ദനവുമായി ഓടിയെത്തിയത് പന്ന്യൻ രവീന്ദ്രനും; മേവറത്തെ 'അഷ്ടമുടി' വീണ്ടും ചർച്ചകളിൽ
തിരുവനന്തപുരം : ഡോ.ബൈജു സേനാധിപനെ ചെക്ക് കേസിൽ കുടുക്കിയതന് പിന്നിൽ സിപിഐയുടെ എംഎൽഎയാണെന്ന സംശയം ശക്തമായി പൊതു സമൂഹം ചർച്ചയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും ഡോക്ടർക്ക് നീതി കിട്ടി. ഡോക്ടറുടെ കേസ് ഹൈക്കോടതി റദ്ദാക്കി. ഇതിന് ശേഷം ഫെയ്സ് ബുക്കിലൂടെ ഡോക്ടർ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അതിന് ശേഷം ഡോക്ടർ ഇട്ട പോസ്റ്റും ചർച്ചയാവുകയാണ്. ഒരു സിപിഐ ചതിയായിരുന്നു ഡോക്ടറുടെ അറസ്റ്റ് എന്നായിരുന്നു വിലയിരുത്തലുകൾ. അതുകൊണ്ട് തന്നെ കേസ് റദ്ദാക്കുമ്പോൾ സിപിഐയിൽ നിന്ന് തന്നെ ഡോക്ടർക്ക് അഭിനന്ദനം എത്തുന്നുവെന്നതിനെ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ കാണുന്നത്.
കൊല്ലം മേവറം ഭാഗത്തെ അഷ്ടമുടി ഹോസ്പിറ്റലിന്റെ ഓഹരി ഉടമകളിൽ ഒരാളായിരുന്നു ബൈജു സേനാധിപൻ. ഈ ആശുപത്രി ഏറ്റെടുക്കാൻ നടത്തി നീക്കങ്ങളെ തുരങ്കം വയ്ക്കാനായിരുന്നു ഡോക്ടറെ കേസിൽ കുടുക്കിയത്. പിന്നീട് ഈ ആശുപത്രി സിപിഐയുടെ മുൻ എംഎൽഎയായ ജി എസ് ജയലാൽ സ്വന്തമാക്കിയെന്നതാണ് വസ്തുത. പാർട്ടിയെ അറിയിക്കാതെ സഹകരണസംഘം രൂപീകരിച്ചു കോടികൾ നൽകി സ്വകാര്യ ആശുപത്രി ജി.എസ്.ജയലാൽ വിലയ്ക്കു വാങ്ങിയതും പൊതു സമൂഹം ചർച്ചയായിരുന്നു. എന്നാൽ ഡോക്ടർ കേസിൽ നിന്നും മുക്തനാകുമ്പോൾ അഭിനന്ദിക്കാൻ ഓടിയെത്തിയതും സിപിഐയുടെ പ്രമുഖ നേതാവാണ്. സിപിഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ പന്ന്യൻ രവീന്ദ്രൻ. ഡോക്ടർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ചുവടെയുള്ളതാണ് പന്ന്യൻ രവീന്ദ്രൻ കൈമാറിയ സന്ദേശം
പ്രിയപ്പെട്ട ഡോക്ടർ
വിവരങൾ അറിഞ്ഞു
നന്മയുടെ പര്യായമായ താങ്കളെ
കള്ളക്കേസിൽ പെടുത്തി അപമാനിച്ച
കാടത്തം
പരസ്യമായി വെളിവാകുന്നത് കോടതിയിൽ നിന്നും നീതികിട്ടിയപ്പോളാണ്. പൂർണമായും
ഈ കേസ്
നന്മയുള്ള നല്ല മനുഷ്യർക്ക്
ഒരു പാഠമാണ്.
പുകമറയിൽ മൂടികിടന്ന അങയുടെ പരിശൂദ്ധത കോടതി വിധിയോടെ എല്ലാവർക്കും മനസ്സിലായി കാണും
ഇതുപോലുള്ള ചതിയന്മാർക്ക്
ഇതൊരു താക്കീതായി മാറുമെന്ന്
ആശ്വസിക്കാം
പ്രിയ ഡോക്ടർ
നേരത്തെ തന്നെ താങ്കളെ അറിയുന്ന എന്നെപ്പോലുള്ളവർക്ക്
ഇതിന്റെ പിന്നിൽ ദുരൂഹത
ഉണ്ടെന്നറിയാവുന്നതാണ്
എന്തായാലും കോടതി വിധിയിലൂടെ വിജയശ്രീലാളിതനായി നിരപരാധിത്വം തെളിയിച്ചു വന്ന
പ്രിയ ഡോക്ടർ
അങേക്ക്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സന്ദേശം പരസ്യപ്പെടുത്തുന്നതിലും കുഴപ്പമില്ലെന്ന നിലപാട് പന്ന്യൻ എടുത്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഡോക്ടർ ബൈജു സേനാധിപൻ തന്നെയാണ് വാട്സാപ്പിലെത്തിയ സന്ദേശം ഫെയ്സ് ബുക്കിലിട്ടത്. നീതിപീഠങ്ങൾ ആശ്വാസമാവുമ്പോൾ സമുഹത്തിൽ നന്മ നിലനിൽക്കുമെന്ന് തന്നെ പ്രത്യാശിക്കാം..എന്ന് പന്ന്യന്റെ സന്ദേശത്തിനൊപ്പം ഡോക്ടറും പറഞ്ഞു വയ്ക്കുന്നു. സിപിഐക്കാരനായ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കിടയിലും ഡോക്ടറെ പന്ന്യൻ പിന്തുണയ്ക്കുന്നുവെന്നതാണ് ശ്രദ്ധേയം. ജയലാൽ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ രൂപീകരിച്ച സഹകരണ സംഘമാണു കൊല്ലം ബൈപാസ് റോഡരികിൽ മേവറത്തുള്ള സ്വകാര്യ ആശുപത്രി വാങ്ങുന്നത്.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയായിരുന്ന ജയലാൽ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാർട്ടിയുടെ അനുവാദം വാങ്ങിയിരുന്നില്ലെന്നും ചർച്ചകളെത്തി. ഡോ ജേക്കബ് ജോണായിരുന്നു അഷ്ടമുടി ആശുപത്രിയുടെ മുൻ ചെയർമാൻ. ഹോസ്പിറ്റൽ കുറെ കാലമായി നഷ്ടത്തിലാണ്. നഷ്ടം നികത്താനാവാതെ ഹോസ്പിറ്റൽ വിൽക്കുവാൻ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ മറ്റൊരു കമ്പനിയുമായി ആശുപത്രി ബോർഡ് ചെയർമാൻ ഡോ.ജേക്കബ് ജോൺ ധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. ഓഹരി ഉടമ നിലയിൽ കമ്പനി തത്ത്വങ്ങൾ അനുസരിച്ച് കമ്പനിയുടെ 51 % ഓഹരി വാങ്ങാമെന്ന് ഡോ.ബൈജു സമ്മതം അറിയിച്ചു.
ജനറൽ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് വിൽക്കുവാൻ നിശ്ചയുകയും ചെയ്തു. എന്നാൽ ചില കള്ളക്കളികളിലൂടെ ബൈജു സേനാധിപനം അഴിക്കുള്ളിലാക്കാൻ ശ്രമം നടന്നു. അറസ്റ്റു ചെയ്തങ്കിലും കോടതി ജാമ്യം നൽകിയതു കൊണ്ട് മാത്രം ജയിലിലേക്ക് ഡോക്ടർക്ക് പോകേണ്ടി വന്നില്ല. ഉന്നതതല ഇടപെടലുകൾ ഈ കേസിൽ നടന്നിരുന്നു. അഷ്ടമുടി ഹോസ്പിറ്റൽ വാങ്ങാൻ ആഗ്രഹിച്ചവരാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ആശുപത്രി വാങ്ങിയത് എംഎൽഎയാണെന്ന വിവരം പുറത്തായത്. സ്‌നേഹാർദ്രം ജീവകാരുണ്യ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് അഷ്ടമുടി ആശുപത്രി വാങ്ങാൻ മുതിർന്നതെന്ന് ഡോ.ബൈജു സേനാധിപൻ പറഞ്ഞിരുന്നു. അതിനായി തന്റെ വസ്തുവകകൾ പണയം വച്ച് രണ്ട് കോടി രൂപ സ്വരൂപിക്കുകയും ചെയ്തു. പറഞ്ഞ വാക്കിന് സെക്യൂരിറ്റിയായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറൽ ബോഡിക്ക് വേണ്ടി കമ്പനി ചെയർമാൻ ആയ ഡോ.ജേക്കബ് ജോൺ ഏറ്റു വാങ്ങിയെങ്കിലും ആശുപത്രിരേഖകൾ നൽകുവാൻ കൂട്ടാക്കിയില്ല.
രേഖകൾ ഹാജരാക്കാത്തിനെത്തുടർന്നു കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു എന്ന് ഡോ.ബൈജു പറയുന്നു. എന്നാൽ സെക്യൂരിറ്റിയായി നൽകിയ ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ അത് ഉപയോഗിച്ച് ബാങ്കിൽ ക്യാഷ് പിൻവലിക്കുവാൻ ഡോ. ജേക്കബ് ജോൺ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം ഡോക്ടർ ബൈജുവിനെതിരെ ക്രിമിനൽ കേസെടുത്തു. അങ്ങനെയാണ് ഡോക്ടർ അറസ്റ്റിലായത് . ജാമ്യം കിട്ടിയതു കൊണ്ട് ജയിലിൽ പോകേണ്ടി വന്നില്ല. ഈ ഇടപാടിൽ സെക്യൂരിറ്റിച്ചെക്ക് ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചതിനെതിരെ ഡോ.ബൈജു കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയുകയും ചെയ്തിരുന്നു. ഇതിനിടെ വ്യാജകേസുമായി ആശുപത്രി ഡയറക്ടർ മുന്നോട്ടു പോകുകയാണുണ്ടായത്. ഇതിന് രാഷ്ട്രീയമായ പിന്തുണയും ലഭിച്ചു.
ബൈജു സേനാധിപനെ അറസ്റ്റ് ചെയ്ത് അകത്താക്കാൻ ബോധപൂർവ്വമായ ഇടപെടലാണ് നടന്നത്. ചെക്ക് സേസിൽ കോടതിയിൽ നിന്ന് വന്ന സമൻസ് ബൈജുവിന്റെ നാട്ടിലെ വീട്ടിലുള്ള അമ്മ കൈപറ്റിയിരുന്നു. ഇത് ഡോ.ബൈജുവിന്റെ ശ്രദ്ധയിൽപെടുമ്പോഴേക്കും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ഡോ.ബൈജു അറിഞ്ഞില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഡോ.ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുവാനുള്ള കരുക്കളാണ് ചിലർ നടത്തിയത്. ബൈജു സേനാധിപന് എതിരെയുള്ള കള്ളക്കേസും അറസ്റ്റും ആഗോള തലത്തിൽ തന്നെ ഡോക്ടർമാർക്കിടയിൽ ചർച്ചയായിരുന്നു.
ഗ്യാസ്ട്രോ മേഖലയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ബൈജു സേനാധിപൻ നാട്ടിലും വിദേശത്തുമായി ആയിരക്കണക്കിന് രോഗികളെയാണ് ജീവിതത്തിലേക്ക് ഇതിനോടകം കൈപിടിച്ചുയർത്തിയത്. തന്റെ മുന്നിലെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകിയ മലയാളിയാണ് ഈ ഡോക്ടർ. ഡോ.ബൈജു സേനാധിപനെ സ്വകാര്യമേഖലയിലെ ഡോക്ടർമാർക്കിടിയിലെ വേറിട്ട ശബ്ദമായി ഏവരും അംഗീകരിക്കുകയും ചെയ്യുന്നു. പാവങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സർക്കാർ ചെയ്യുന്നതു പോലെ കാരുണ്യപദ്ധതി ആവിഷ്‌കരിച്ച സ്വകാര്യമേഖലയിലുള്ള ഡോക്ടറെന്ന് ഖ്യാതിയും ഡോ.ബൈജുവിന് സ്വന്തമാണ്. നിരവധിപേരുടെ കണ്ണീരൊപ്പിയ സ്നേഹാർദ്രമെന്ന പദ്ധതി ഏറെ ചർച്ചായവുകയും ചെയ്തു. ഇതാണ് പിണറായി സർക്കാരിന്റെ ആർദ്രമെന്ന പദ്ധതിയുടെ ചാലക ശക്തിയായതും.
മറുനാടന് മലയാളി ബ്യൂറോ